2018, സെപ്റ്റംബർ 12, ബുധനാഴ്‌ച

ഓണത്തിനിടക്ക് ഒരു കാന്തല്ലൂര്‍ യാത്ര

   


            ഓരോ  യാത്രകളും ഓരോ അനുഭവങ്ങളാണ്.അതില്‍ നമ്മുടെ കൂടെയാത്ര ചെയ്യുന്നവരെ കൂടുതല്‍ അടുത്തറിയും.പോകുന്ന സ്ഥലത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് പോയിവരുമ്പോള്‍ മാറി വരും. ആ യാത്രയിലെ  എല്ലാ സംഭവങ്ങളും നമ്മുടെ ജീവിതത്തെ ചെറുതായെങ്കിലും സ്വാധീനിക്കുന്ന ഒരേടായി മാറുമെന്നതില്‍ സംശയമില്ല.   
            നമ്മള്‍ തമാശക്കൊക്കെ പറയാറില്ലേ,മുന്‍കൂട്ടി പ്ലാന്‍ ചെയ്തതു പോലെയാവില്ല നമ്മള്‍ ഒരു യാത്ര പോകുമ്പോള്‍ സംഭവിക്കുന്നത്.ഈ യാത്രയും അതുപോലെ ഒന്നായിരുന്നു.
            2016ലെ ഒരു സെപ്റ്റംബര്‍ 13.അതൊരു  ഓണക്കാലമായിരുന്നു..ഞങ്ങള്‍ ഫ്രണ്ട്സ് ചേര്‍ന്ന് ഒരു ദീര്‍ഘയാത്ര പ്ലാന്‍ ചെയ്യുകയാണ്,കേരളത്തിലെ തന്നെ ഒരു സ്ഥലത്തേക്ക്.മെംബേര്‍സ് ഇവരാണ്.ഈ ഞാന്‍,എന്‍റെ ജ്യേഷ്ടന്‍,എന്‍റെ കസിന്‍ ഷംസു, ഞങ്ങളുടെയൊക്കെ ബാല്യകാല ചങ്ങായി ഫഹദ്,അവന്‍റെ അനിയന്‍ സഫീര്‍.അപ്പോള്‍ സ്വാഭാവികമായും ഇത് വായിക്കുന്നവര്‍ക്ക് ഒരു സംശയം തോന്നും.ഇതെന്തു ടൂര്‍? ഇതൊരു ഫാമിലി ട്രിപ്പ് അല്ലേ? സ്കൂളില്‍ നിന്നൊക്കെ പോകുന്നത് പോലെ.ഈ ടൂറില്‍ വല്ല ഫ്രീഡവും കിട്ടുമോ എന്നൊക്കെ.എന്നാല്‍ നിങ്ങള്‍ക്കു തെറ്റി ചങ്ങായിമാരെ.ഞങ്ങള്‍ റോക്ക്സ് ആണ്.എന്‍റെ ടൂര്‍ പോകുന്നതും അല്ലാത്തതുമായ എല്ലാ ഫ്രെണ്ട്സും ഇതേ പോലെ സഹോദരങ്ങളും അയല്‍വാസികളും കുടുംബക്കാരുമൊക്കെയാണ്.അതിനാല്‍ തന്നെ  18+ ആക്ടിവിറ്റികള്‍ ഞങ്ങളുടെ അജണ്ടയിലില്ല.
               നമ്മുടെ മുമ്പില്‍ ഒരുപാട് Destinations  ഉണ്ട്. അപ്പോഴാണല്ലോ ഏതു സ്ഥലം തിരഞ്ഞെടുക്കണം എന്ന ആശയക്കുഴപ്പം വരുന്നത്.ഞങ്ങളുടെ കൈയിലുണ്ടായിരുന്ന കെട്ടുകണക്കിന് മാതൃഭൂമി യാത്രാ മാഗസിന്‍ മുഴുവനും അരിച്ചു പെറുക്കി അവസാനം പറ്റിയ ഒരിടം കണ്ടെത്തി.
              തെന്മല.
             കൊല്ലം ജില്ലയിലെ ചെന്തുരുണി വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെട്ട ഒരു ഇക്കോ ടൂറിസം മേഖല.
              കൊള്ളാം. ഒരു 10 മണിക്കൂര്‍ യാത്ര.ഒരു ദിവസം താമസം,പിന്നെ കറങ്ങല്‍,തിരിച്ചുള്ള യാത്ര. ഗൂഗിള്‍ മാപ്പ് വഴികാണിക്കാനും Time Lapse ഷൂട്ട്‌ ചെയ്യാനും പ്രത്യേകം ഫോണുകള്‍,പവര്‍ ബാങ്കുകള്‍,രണ്ട് DSLR ക്യാമറ തുടങ്ങി ഒരു ടൂറിനാവശ്യമായ എല്ലാ സാധനസാമഗ്രികളും വണ്ടിയിലെടുത്താണ് യാത്ര.
           രാവിലെ തന്നെ പുറപ്പെടണമെന്നു തീരുമാനിച്ചിരുന്നെങ്കിലും കുറച്ചു വൈകി.അതല്ലെങ്കിലും അങ്ങനെയാണല്ലോ.ടൂറിലെ  എല്ലാ മെംബേര്‍സിനും  ഓരോ ചുമതലയുണ്ട്.എന്ന് പറഞ്ഞാല്‍ ഓരോരുത്തരും  അവരവരുടെ ഫീല്‍ഡില്‍ ഡെഡിക്കേറ്റഡായി ഫോക്കസ് കൊടുക്കണം.അത്രേയുള്ളൂ. ഉദാഹരണത്തിന്,ക്യാമറ ഷൂട്ടിംഗ് ഡിപ്പാര്‍ട്ട്മെന്റ് എന്റേത് ആണ്.അപ്പൊ ക്യാമറയുടെ  ബാറ്ററി തീരാറായോ,ഫോട്ടോ  മിസ്സ്‌ ആകാന്‍ പാടില്ലാത്ത സ്ഥലങ്ങള്‍ ഏതൊക്കെ,ടൈംലാപ്സ് ഷൂട്ട്‌ ചെയ്യുക ഇതൊക്കെ ഞാന്‍ ശ്രദ്ധിക്കണം.അതിനാല്‍ മറ്റുള്ളവര്‍ ക്യാമറ ഡിപ്പാര്‍ട്ട്മെന്റ് നോക്കുകയേ വേണ്ട.പകരം മറ്റു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.
              അപ്പൊ പറഞ്ഞുവന്നത് പോകേണ്ട  സ്ഥലങ്ങള്‍ കൈകാര്യം ചെയ്യുന്ന വകുപ്പ് ശംസുവിനും ഫഹദിനും ആണ്. അപ്പൊ അതാ വരുന്നു പുറത്തു നിന്നും ശംസുവിനു ഒരു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മറ്റൊന്നുമല്ല,തെന്മയിലെക്ക് ഇപ്പൊ പോയിട്ടു കാര്യമില്ല.ഒന്നാമത്  സീസന്‍ അല്ല,മാത്രമല്ല,അങ്ങോട്ട്‌ പോകാന്‍ ഉദ്ദേശിച്ചിരുന്ന റോഡും മോശമാണ്.എന്നാല്‍പ്പിന്നെ സ്ഥലം മാറ്റിപ്പിടിക്കാന്‍ തന്നെ കരുതി.വീണ്ടും യാത്രാ മാഗസിന്‍ പരത്താന്‍ തുടങ്ങി.അങ്ങനെയാണ്, അധികമാരും ചെന്നിട്ടില്ലാത്ത കാന്തല്ലൂര്‍ നമ്മുടെ ശ്രദ്ധയില്‍ പെടുന്നത്. നിമിഷ നേരം കൊണ്ട് റൂട്ട് മാറ്റിമറിച്ചു.പൊള്ളാച്ചി വഴി കാന്തല്ലൂര്‍ എത്തിച്ചേരുക,അന്നു അവിടെ താമസിച്ചു,പിറ്റേന്ന് കാന്തല്ലൂര്‍ ചുറ്റിക്കറങ്ങി ആ ദിവസവും അവിടെ സ്റ്റേ ചെയ്തു,അതിനടുത്ത  ദിവസം വന്ന വഴി മാറ്റിപ്പിടിച്ചു, മൂന്നാര്‍ വഴി നാട്ടിലേക്ക്.ഇതാണ് ഫൈനല്‍ പ്ലാന്‍.
              കാന്തല്ലൂര്‍ ഒരു ഹൈറേഞ്ച് സ്ഥലമാണെന്നെനിക്കറിയാം.കാന്തല്ലൂരിനെ കുറിച്ചുള്ള എന്‍റെ മനസ്സിലെ ചിത്രം, ചെറുപ്പത്തില്‍ മംഗളം വീക്കിലിയില്‍ സാലി തോമസ്‌ എഴുതിയ   'ഓറഞ്ച്' എന്ന നോവലിലെ കഥയാണ്. കാന്തല്ലൂരിലേക്കാണ് നമ്മുടെ യാത്ര എന്ന് ഉറപ്പായതും 20 വര്‍ഷം  മുമ്പ് വായിച്ച ആ നോവലിലെ കഥയും മഞ്ഞു മൂടിയ കാന്തല്ലൂരിലെ പ്രാന്ത പ്രദേശങ്ങളും,ഓറഞ്ച് തോട്ടങ്ങളും  എന്‍റെ  തലച്ചോര്‍ നിമിഷനേരം കൊണ്ട് ഡാറ്റ,റിസര്‍ച്ച്,ഗ്രാഫ് എല്ലാം അനലൈസ് ചെയ്തു എന്നെ ഭ്രമിപ്പിക്കാന്‍ തുടങ്ങി.

ഒന്നാം ദിവസം. 13 സെപ്റ്റംബര്‍, ചൊവ്വ 

             മാരുതി സ്വിഫ്റ്റ് ആയിരുന്നു ഞങ്ങളുടെ യാത്രാ വാഹനം.സ്വിഫ്റ്റ് ഉപയോഗിക്കുന്നവര്‍ക്കറിയാം,ദീര്‍ഘയാത്രകളില്‍ പിന്‍സീറ്റില്‍  മൂന്നുപേര്‍ക്ക്  അനായാസമായി ഇരിക്കാനാവും,മറ്റു ചെറുവണ്ടികളെ അപേക്ഷിച്ച

            റൂട്ട് മാറ്റിയതുമൊക്കെയായി ഞങ്ങള്‍ ഞങ്ങളുടെ നാടായ കരുമ്പില്‍ നിന്നും പുറപ്പെടുമ്പോള്‍ തന്നെ സമയം മൂന്നു മണിയോടടുത്തിരുന്നു. ഗൂഗിള്‍ മാപ് പ്രകാരം പാലക്കാട്,പൊള്ളാച്ചി,ഉദുമല്‍ പെട്ട വഴി പോകുന്ന ഈ റൂട്ടിലൂടെ 226 കിമി അകലെയുള്ള , തമിഴ്നാടിനോട് ചേര്‍ന്ന് നില്‍ക്കുന്ന ചിന്നാര്‍ വൈല്‍ഡ് ലൈഫ് സാങ്ങ്ച്ചരിയില്‍പ്പെട്ട  കാന്തല്ലൂര്‍ എത്തിച്ചേരാന്‍ 6 മണിക്കൂറോളം എടുക്കും.  ശംസുവായിരുന്നു വണ്ടി ഓടിച്ചിരുന്നത്.യാത്ര തുടങ്ങിയതും ഞാന്‍ ക്യാമറ പുറത്തെടുത്തു.എനിക്ക് ഫോട്ടോ എടുത്താല്‍ മാത്രം പോര ടൈം ലാപ്സും ഷൂട്ട്‌ ചെയ്യണം.

     TIME LAPSE എന്തെന്ന് അറിയാത്തവര്‍ക്കായി.
നമ്മള്‍ ദ്രുതഗതിയില്‍ നടക്കുന്ന സംഭവങ്ങള്‍ മെല്ലെ കാണുന്നതിനായി  സ്ലോമോഷനില്‍ ചിത്രീകരിക്കാറില്ലേ,അതിന്‍റെ ഓപ്പോസിറ്റ് വേര്‍ഷന്‍ ആണ് ടൈം ലാപ്സ്. എന്നു വച്ചാല്‍ ഒച്ചുവേഗത്തില്‍ നീങ്ങുന്ന മേഘങ്ങളൊക്കെ  അതിദ്രുതം നീങ്ങുന്നത്‌ കാണാം. ഞാന്‍ എടുക്കാനുദ്ദെശിക്കൂന വീഡിയോ ROAD TRIP  ആണ്.അതിനായി ഫോണില്‍ ടൈം ലാപ്സു സെറ്റ് ചെയ്തു ഫ്രണ്ട് ഗ്ലാസില്‍ ഫിറ്റു ചെയ്തു.ഇതിലെ TIME LAPSE സോഫ്റ്റ്‌വെയര്‍ ഓരോ സെക്കണ്ടിലും ഓട്ടോമാറ്റിക് ആയി ഓരോ ഫോട്ടോസ് എടുക്കും. അവസാനം ആ ഫോട്ടോസുകളെ വേറെ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഒരു വീഡിയോ ആക്കി മാറ്റും. താഴെ കാണുന്നത് പോലെ
               പാലക്കാട് പിന്നിട്ടു,പൊള്ളാച്ചിയെത്തുന്നതിനു മുമ്പൊരിടത്തു വച്ചു വണ്ടി ഓഫായി. അവിടെ ഒരു ഗാരേജില്‍ കാണിച്ചു.അവിടുണ്ടായിരുന്ന പുള്ളി എന്തൊക്കെയോ ചെയ്തു നോക്കിയിട്ട് വണ്ടി സ്റ്റാര്‍ട്ടാക്കി.പെട്രോള്‍ ടാങ്കില്‍ വല്ല കരടോ മറ്റോ കുടുങ്ങിയതാവാമെന്ന നിഗമനത്തില്‍ ഞങ്ങള്‍ വണ്ടിയില്‍ പെട്രോള്‍ ഫുള്‍ടാങ്കടിച്ചു. സന്ധ്യയോടെ പൊള്ളാച്ചിയെത്തി.അവിടെനിന്നും രാത്രി ഭക്ഷണം കഴിച്ചു.പിന്നെ ഉദുമല്‍ പേട്ട എത്തുമ്പോഴേക്കും സമയം രാതി 8 കഴ്ജിരുന്നു.ഇനി അങ്ങോട്ട്‌ ഹൈരെന്ജ് തുടങ്ങുകയാണ്.അതിനാല്‍ അവിടെത്തന്നെ സ്റ്റേ ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍ അവിടെ ചെറുതായി സീന്‍ കോണ്‍ട്രയായി.കാരണം,ആ പ്രദേശത്തുള്ള ഒരു അമ്പലത്തില്‍ നാളെ ഒരു വിവാഹം നടക്കുന്നുണ്ട്.അതിനാല്‍ സമീപത്തെ എല്ലാ ഹോട്ടല്‍ റൂമുകളും ഫുള്‍ ബുക്ക്ഡ് ആണ്. അന്നേരമാണ് , ദീര്‍ഘയാത്രപോകുന്നവരൊക്കെ ഓണ്‍ലൈന്‍ വഴി അതാതു സ്ഥലത്തെ ഹോട്ടല്‍ റൂം നേരത്തെ ബുക്ക് ചെയ്തിടുന്നതിന്റെ സംഗത്യം പിടികിട്ടുന്നത്‌. അവസാനം കുറെ നേരം  തപ്പിപ്പിടിച്ചു ഒരു റൂം കിട്ടി,അവിടെ അന്തിയുറങ്ങി.

  രണ്ടാംദിവസം- സെപ്റ്റംബര്‍ 14,ബുധന്‍ 

             പിറ്റേന്ന് അതിരാവിലെ തന്നെ യാത്ര ആരംഭിച്ചു. ഇവിടെ നിന്നും കാന്തല്ലൂരിലേക്ക് 60 കിമി ഉണ്ട്. പശ്ചിമഘട്ടത്തിലെ അതിലോല പ്രദേശങ്ങളില്‍ ഒന്നായ ആനമല ടൈഗര്‍ റിസര്‍വ് ഏരിയയിലൂടെയാണ് നമ്മുടെ ഇനിയുള്ള യാത്ര.എന്‍റെ തമിഴ്നാട്ടിലൂടെയുള്ള മിക്ക യാത്രകളും ഒരു ഊഷരഭൂമിയാണ് എനിക്ക് സമ്മാനിക്കാറ്.


 എന്നാല്‍ ഈ യാത്രയോടെ അത് മാറുന്ന കാഴ്ചയാണ് പിന്നെ ഞാന്‍ കണ്ടത്.ഉദുമല്‍ പേട്ട തനി ഒരു ഗ്രാമപ്രദേശമാണ്. ആ കാഴ്ചകള്‍ പിന്നിട്ടു , പതിയെ പതിയെ അമരാവതി ഫോറസ്റ്റ് റെയിഞ്ചിലെ ഈ  റോഡിനു സൈഡില്‍  മരങ്ങള്‍ വന്നു ഇരുവശവും  കാഴ്ചകളെ മറക്കാന്‍ തുടങ്ങി.എന്നാല്‍ മുമ്പോട്ടുള്ള കാഴ്ച അക്ഷരാര്‍ത്ഥത്തില്‍ കണ്ണിനു കുളിര്‍മ്മയേകുന്നതായിരുന്നു. ചെറിയ അങ്ങാടികള്‍ മാറ്റി നിര്‍ത്തിയാല്‍ ഒരു മണിക്കൂറോളം ഈ വന്മരങ്ങള്‍ തീര്‍ത്ത  പ്രകൃതിയുടെ ഒരു കമാനത്തിലൂടെ  ഞങ്ങള്‍ മെല്ലെ യാത്ര തുടര്‍ന്നു.

                ഈ യാത്രയിലെ ഒരു സംഭവമെന്തെന്നാല്‍ കേരളത്തില്‍നിന്നും യാത്ര തുടങ്ങി,തമിഴ്നാട്ടിലൂടെ നീങ്ങിക്കൊണ്ട്  പിന്നെയും കേരളത്തിലേക്ക് കടക്കണം.



8.00 മണിയോടെ  കേരള ബോര്‍ഡര്‍ പിന്നിട്ടു.ഇനി ഏകദേശം 20 കിമി കാണും.ഇനി പോകുന്ന റൂട്ട് ചിന്നാര്‍ വൈല്‍ഡ് ലൈഫ് സാങ്ങ്ച്ചരിയിലൂടെയുള്ളതാണ്.സത്യത്തില്‍ കാടെല്ലാം ഒന്നുതന്നെ.രണ്ടു സംസ്ഥാനങ്ങള്  ഓരോ ഏരിയതിരിച്ചു പേരിട്ടു,അത്ര മാത്രം. ഈ റോഡിലൂടെ പോകുമ്പോള്‍ ഇടതുവശത്തായി തൂവാനം വെള്ളച്ചാട്ടത്തിന്‍റെ  ഒരു മനോഹരമായ ദൂരക്കാഴ്ച കാണാം.ഒരു ഫോട്ടോഗ്രാഫറുടെ ഭാഷയില്‍ പറഞ്ഞാല്‍ ZOOM  ലെന്‍സ്‌ ഇല്ലെങ്കില്‍  ജീവിതം തന്നെ തകര്‍ന്നു പോകുന്ന അവസ്ഥ.തല്ക്കാലം നമ്മുടെ കൈയില്‍ ആ സാധനം ഉണ്ടായിരുന്നത് കൊണ്ട്  ജീവിതം തകര്‍ന്നില്ല.

               മറയൂര്‍
              സംരക്ഷിതമേഖലയിലൂടെയുള്ള യാത്ര കഴിഞ്ഞു ഞങ്ങള്‍  മറയൂര്‍ എന്ന ചെറുഗ്രാമത്തിലേക്ക് പ്രവേശിച്ചു.ശര്‍ക്കരയ്ക്കും കരിമ്പിനും  പേരു കേട്ട സ്ഥലമാണ് മറയൂര്‍.മലകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന സ്ഥലം.റോഡു സൈഡില്‍ 'മറയൂര്‍ ശര്‍ക്കര' എന്ന ബോര്‍ഡു കണ്ട ഒരു കുടിലിലിനടുത്തു വണ്ടി നിര്‍ത്തി.ഇന്നേവരെ ഞങ്ങളിലാരും ശര്‍ക്കര ഉണ്ടാക്കുന്നത് കണ്ടിട്ടില്ല.സംഭവം കാണേണ്ടത് തന്നെയാണ്.വലിയ ഒരു വലിയ  ചെരുവത്തില്‍ കരിമ്പിന്‍ നീര് തിളപ്പിച്ചു കുറുക്കുന്നു.വേറൊരിടത്തു അതിനെ തണുത്തത്തിനു ശേഷം ഉരുട്ടിയെടുക്കുന്നു.കുടിലിനു പുറത്തു കരിമ്പില്‍ നിന്നും നീരെടുത്ത് ചണ്ടി മാത്രം കൂട്ടിയിട്ടിട്ടുണ്ട്.ഞാന്‍ ഇതൊക്കെ ക്യാമറയില്‍ പകര്‍ത്തുന്നുണ്ടെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. അമീര്‍ അവിടെ നിന്നും കുറച്ചു ശര്‍ക്കര വാങ്ങി.അതിന്‍റെ  രുചി തന്നെ  ഇന്നേ വരെ അനുഭവിക്കാത്ത  രുചിയാണ്.അപ്പോള്‍ ഞാന്‍ ആലോചിച്ചത്  നമ്മുടെ നാട്ടില്‍  'ശര്‍ക്കര' എന്നപേരില്‍ കിട്ടുന്ന സാധനത്തിന്‍റെ യഥാര്‍ത്ഥ ചേരുവ എന്താണോ എന്തോ.

             യാത്ര പിന്നെയും തുടര്‍ന്നു.മാപ്പില്‍ കാന്തല്ലൂര്‍ പട്ടണം അടുത്തടുത്തു വന്നു കൊണ്ടിരുന്നു. വണ്ടി ചെറിയൊരു ചുരത്തിലേക്കാണ് കയറുന്നത്. ശക്തമായ തണുപ്പില്ലെങ്കിലും നല്ലൊരു കാലാവസ്ഥയുടെ മാറ്റം  ഞങ്ങളെ സുഖിപ്പിക്കുന്നുണ്ടായിരുന്നു.പൊടുന്നനെ  ഒരു കയറ്റത്തിനടുത്ത് വണ്ടി ഇനി എന്നെക്കൊണ്ടു വയ്യ എന്ന മട്ടില്‍ അങ്ങു നിന്നു.

             ഫഹദും  ശംസുവും വണ്ടി സ്റ്റാര്‍ട്ടാക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. എന്നാല്‍ കിം ഫലം.എല്ലാവരും ചെയ്യുന്നതുപോലെ ബോണറ്റ് തുറന്നു അതിലേക്ക് കുറെ നേരം നോക്കിയിരുന്നു.ഈ യന്ത്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എനിക്ക് അറിയാത്തത് കൊണ്ട്  ഞാന്‍ എപ്പോഴത്തെയും പോലെ ഇതിപ്പോ ശരിയാകും എന്നു പ്രതീക്ഷിച്ചു ഇരിപ്പാണ്. ചിലപ്പോ ഞാനീ പോളി ടെക്നിക്കിലൊന്നും പോവാത്തത് കൊണ്ടായിരിക്കാം.
              സത്യത്തില്‍ കാര്യം ശകലം ഗൌരവമുള്ളതായിരുന്നു.കാരണം,ഒരു മണിക്കൂറിലേറെയായി ഇയാള്‍ക്ക് അനക്കമില്ല.ചുറ്റുവട്ടത്തൊന്നും ആള്‍ത്താമസമില്ല.സമയം നീങ്ങിക്കൊണ്ടിരിക്കുന്നു.അങ്ങനെയൊരു പരിസരത്തു കുറെ നേരമായി ഒരു അന്യജില്ലാ രജിട്രേഷന്‍ വണ്ടി കിടക്കുന്നത് കണ്ടാവാം, ഒരോട്ടോക്കാരന്‍ വണ്ടി നിര്‍ത്തി. പുള്ളിക്ക് കാര്യത്തിന്‍റെ ഗൌരവം മനസ്സിലായപ്പോ പുള്ളി തന്നെ ഒരു മെക്കാനിക്കിനെ സംഘടിപ്പിക്കാമെന്നേറ്റു.ഫഹദ് മൂപ്പരുടെ കൂടെ വണ്ടിയില്‍ കയറി ചുരമിറങ്ങി,ഗാരേജും തേടി.ഓണസമയമായിരുന്നതിനാല്‍ മിക്ക വര്‍ക്ക്ഷോപ്പുകളും ലീവാണ്.അവസാനം ഒരാളെ കിട്ടി.മൂപ്പര്‍ വന്നു ഫില്‍ട്ടരും മറ്റും ക്ലീന്‍ ചെയ്തു,പഠിച്ച പണി പതിനെട്ടും നോക്കി.വണ്ടിക്ക് അനങ്ങാപ്പാറ നയം തന്നെ.
                നമ്മള്‍ വണ്ടികളുടെ നൂതനസംവിധാനത്തെ കുറിച്ചു പറയുമ്പോള്‍ ,അതിന്‍റെ പവര്‍ വിന്‍ഡോ,എയര്‍ ബാഗ് തുടങ്ങി നമുക്ക് കാണാന്‍ കഴിയുന്ന
പ്രവര്‍ത്തങ്ങളെക്കുറിച്ചാണ് പറയാറ്.എന്നാല്‍ നമ്മുടെ ഈ വണ്ടിക്ക് പല അഡ്വാന്‍സ് ഫീച്ചേഴ്സ്  ഉണ്ട്. നമ്മുടെ ഈവാഹനത്തിന്‍റെ   എന്‍ജിനുമായി ബന്ധപ്പെട്ട പല കണക്ഷനുകളും അതിന്‍റേതായ സെന്‍സറുമായി ഇണക്കിയതാണ്. വണ്ടിയുടെ മര്‍മ്മപ്രധാനമായ പ്രശ്നം, ടാങ്കില്‍ നിന്നും എന്ജിനിലേക്ക് എണ്ണ പമ്പു ചെയ്യുന്ന ഹൈ പ്രഷര്‍ പമ്പിന്റെ കുഴപ്പമാണ്.  അതിനാല്‍ത്തന്നെ സാധാരണഗതിയില്‍ ഇത് റിപ്പയര്‍  ചെയ്യാനും കഷ്ടം. അതിനാല്‍ പുള്ളിയെ കൂടുതല്‍ ബുദ്ധിമുട്ടിച്ചിട്ടു കാര്യമില്ലെന്നു തോന്നിയതിനാല്‍ അദ്ദേഹത്തെ പറഞ്ഞയച്ചു. വണ്ടിയല്ലേ,നന്നാക്കാവുന്നതേയുള്ളൂ.എന്നാല്‍ ഏറ്റവും വലിയ പ്രശ്നമായി തോന്നിയത്,ഞങ്ങളുടെ ഒരു ഫോണിനും ആ പരിസരത്തു  റേഞ്ചില്ല. .നമ്മുടെ നാട്ടിലെ വന്‍ പുലികളായ മൊബൈല്‍ കമ്പനിയുടെ നെറ്റ്വര്‍ക്കുകളെല്ലാം അവിടെ  വെറും എലികളാണെന്ന് അന്നേരമാണ് മനസ്സിലായത്‌.. അവിടെ പുലി BSNL ആണ്.അതാണെങ്കില്‍ ഞങ്ങളുടെ കൈയില്‍ ഇല്ല താനും.
              സമയം  നീങ്ങി.പിന്നെയും പലര്‍,അന്നാട്ടുകാര്‍ തന്നെ വണ്ടി നിര്‍ത്തി കാര്യമെന്തെന്ന് അന്വേഷിക്കുന്നുണ്ടായിരുന്നു.അക്കൂട്ടത്തില്‍ ഒരു പയ്യന്‍ അവന്‍റെ ബൈക്ക് നിര്‍ത്തി,എന്താ കാര്യമെന്തെന്ന് ചോദിച്ചു.അവനോടും അതിന്‍റെ മെക്കാനിക്കല്‍ കണ്ടീഷന്‍ കാണിച്ചു കൊടുത്തു. അവന്‍ ആര്‍ക്കോ ഫോണ്‍ ചെയ്തു ഇപ്പൊ വരാമെന്നു പറഞ്ഞു മുകളിലേക്ക്-കാന്തല്ലൂര്‍ ടൌണ്‍ ഭാഗത്തേക്ക്-ബൈക്ക് ഓടിച്ചു പോയി.
             ഇപ്പൊ ഈ ബൈക്കില്‍ പോയ പയ്യനെ നിങ്ങള്‍ക്കു മനസ്സിലായോ?
             അവനാണ് അപ്പു.
             ഞങ്ങള്‍ അഞ്ചു പേര്‍ക്കും ജീവിതകാലം മുഴുവന്‍ കാന്തല്ലൂര്‍ എന്ന പേരു കേള്‍ക്കുമ്പോള്‍ അതിനോട് ചേര്‍ന്ന് വരുന്ന പേര്.
             കാരണം,അവിടം മുതല്‍ ഞങ്ങളെ സഹായിക്കാനും താമസസ്ഥലം ഒരുക്കിത്തരാനും അവിടം കാണിക്കാനും എല്ലാം കൂടെ നിന്നത് ഈ പൊടിമീശക്കാരന്‍  പയ്യനായിരുന്നു.
             കുറച്ചു കഴിഞ്ഞു അപ്പു തിരിച്ചു വന്നു.
             ഇനി എന്തു ചെയ്യണമെന്നു ഒരു പിടിയുമില്ല.അപ്പോഴാണ്‌ ഫഹദിന് ഒരു ബുദ്ധി തോന്നിയത്.നാട്ടില്‍ നമ്മുടെയൊക്കെ ഒരു ചങ്ങാതിയുണ്ട്.ഖലീല്‍.മൂപ്പര്‍ ചെറുപ്പം മുതലേ പലവിധ വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നയാളാണ്‌.മൂപ്പരെ വിളിച്ചു കാര്യം അവതരിപ്പിച്ചു.മൂപ്പരാണ്‌ ഞങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതും സമയോചിതവുമായ ഒരു പരിഹാരം തന്നത്.
           ഈ വണ്ടി വാങ്ങിയത് കോട്ടക്കല്‍ ഇന്‍ഡസ് മോട്ടോര്‍സില്‍ നിന്നാണ്.അവരെ വിളിച്ചു കാര്യം പറയുക.
 അവന്‍റെ ഫോണില്‍ നിന്നും കോട്ടക്കല്‍ ഇന്ഡസിലേക്ക് ഫോണ്‍ ചെയ്തു കാര്യം ബോധിപ്പിച്ചെങ്കിലും വാഹനത്തിനു  ഹൈറേഞ്ചില്‍ വരുന്ന തകരാറുകള്‍ക്ക് വാറന്റി കിട്ടുന്നതല്ല എന്ന രീതിയില്‍  ഒരു പോസിറ്റീവായ മറുപടിയല്ല അവിടെ നിന്നും കിട്ടിയത്.
              അപ്പു  അവിടുത്തുകാരനായതിനാല്‍  നമ്മള്‍ നില്‍ക്കുന്ന ലൊക്കേഷന്‍ അത്ര പന്തിയല്ല എന്നവനു അറിയാം.കാരണം, കാടിനു നടുവിലൂടെയുള്ള റോഡായതിനാല്‍ അതിനു  കുറുകെ കാട്ടാനകള്‍ പാസ് ചെയ്യുന്ന സ്ഥലമാണ്. എങ്ങനെയെങ്കിലും വണ്ടി അവിടെ നിന്നും മാറ്റി സുരക്ഷിതമായ സ്ഥലത്തെത്തിക്കാന്‍ അവനാണ് നിര്‍ദേശിച്ചത്.പക്ഷേ, എങ്ങനെ മാറ്റും .ടെക്നോളജി പോല്ലാപ്പാകുന്നത് ഇത്തരം അവസരങ്ങളിലാണല്ലോ.അവസാനം അപ്പു  ഒരു ഫോര്‍വീല്‍ ഡ്രൈവ് വണ്ടിയുള്ള അവന്‍റെ ഒരു ചങ്ങാതി എബിനെ  വിളിച്ചു വരുത്തി.നമ്മുടെ  വണ്ടി ഇനി ചുരമിറക്കുന്നത് ബുദ്ധിയല്ലാത്തതിനാല്‍,കാട്ടാനകള്‍ നടന്നുപോകുന്ന വഴിയായതിനാല്‍ അവിടെ പാര്‍ക്ക് ചെയ്തു പോകുന്നത് തീര്‍ത്തും ബുദ്ധിയല്ലാത്തതിനാല്‍ നിവൃത്തിയില്ലാതെ ജീപ്പിന്‍റെ പിന്നില്‍  കയറുകെട്ടി വലിച്ചുകൊണ്ടാണ് കയറ്റം കയറിയത്.
            കാന്തല്ലൂര്‍ 
             സമുദ്രനിരപ്പില്‍ നിന്നും  മൂന്നാറിന്‍റെ അത്രതന്നെ ഉയരത്തില്‍,ഏകദേശം 5000 അടി മുകളിലുള്ള മലയോരപ്രദേശമാണിത്. ഒരു പക്ഷേ മൂന്നാര്‍ അടുത്തുള്ളത് കൊണ്ടു അധികമാരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ടൂറിസ്റ്റ് കേന്ദ്രം എന്നു കൂടി പറയാം.
            അപ്പുവിന്‍റെ ബന്ധത്തിലുള്ള  ഒരാളുടെ റിസോര്‍ട്ട്  ഈ റോഡിനു സമീപം തന്നെ ഉണ്ട്. തല്‍ക്കാലത്തേക്ക് വണ്ടി അവിടെ മുറ്റത്തു നിര്‍ത്തിയിട്ടു. അതിനടുത്തു തന്നെ വേറൊരു ഹോം സ്റ്റേയില്‍ ഞങ്ങള്‍ക്കു  താമസിക്കാനുമുള്ള മുറിയും അപ്പു തന്നെ അവന്‍റെ ചങ്ങാതി എബിനെ  ഏല്‍പ്പിച്ചു ഏര്‍പ്പാടാക്കിത്തന്നു.എന്താവശ്യമുണ്ടെങ്കിലും വിളിക്കണമെന്നു ഓര്‍മിപ്പിച്ചാണ് അവന്‍ മടങ്ങിയത്.
             എന്തായാലും ഇവിടെ എത്തി.വണ്ടി നന്നാക്കിയാലേ തിരിച്ചു പോകാനൊക്കൂ.അതുവരെ ഇവിടം ചുറ്റിക്കാണാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു.
            റൂമില്‍ നിന്നും എല്ലാവരും ഒന്ന് ഫ്രെഷായി.അവിടെ നിന്നു വീണ്ടും ഇന്ടസിലെക്ക് വിളിച്ചു.ഇക്കുറി അവിടുത്തെ മാനേജറുമായി ആണ് കാര്യം ഡീല്‍ ചെയ്തത്.മൂപ്പരും ആദ്യമൊക്കെ കയ്യൊഴിയാന്‍ നോക്കി.നിങ്ങള്‍ വണ്ടി ഇവിടെ കൊണ്ടുവരൂ,അപ്പോള്‍ ഞങ്ങള്‍ നന്നാക്കിത്തരം എന്നൊക്കെയാണ് അദ്ദേഹം പറഞ്ഞത്. പിന്നെ ഞങ്ങള്‍ മാരുതിയുടെ ഹെല്‍പ്‌ ലൈന്‍ സെന്റരിലേക്ക് വിളിച്ചു എല്ലാ പ്രശ്ങ്ങളും വിശദമായിത്തന്നെ അവരെ ബോധിപ്പിച്ചു. ഞങ്ങളുടെ കോളുകള്‍  മാരുതിയുടെ മുകളിലെ ഓരോ വകുപ്പികളിലേക്കും   പോയിത്തുടങ്ങുമ്പോള്‍  തന്നെ ഞങ്ങള്‍ ഭാഷ കര്‍ക്കശമാക്കാന്‍ തുടങ്ങിയിരുന്നു. കാരണം വണ്ടിയെടുത്തിട്ടു 8 മാസമേ ആയുള്ളൂ.എല്ലാ പേപ്പറും ജെനുവിനുമാണ്.
           സമയം വകുന്നേരം നാല് മണി കഴിഞ്ഞിരുന്നു.എല്ലാവരും ഡ്രെസ്സൊക്കെ മാറ്റി കാന്തല്ലൂര്‍ ടൌണ്‍ കാണാന്‍ പുറത്തിറങ്ങി  ഒരു തനി ഗ്രാമം.തമിഴ്നാടിനോട് ചേര്‍ന്ന് കിടക്കുന്നതിനാല്‍ സര്‍ക്കാന്‍ ബോര്‍ഡുകളില്‍ വരെ തമിഴില്‍ എഴുത്തുണ്ട്.എറണാകുളത്തുനിന്നും പുറപ്പെട്ടു കോതമംഗലം,അടിമാലി ചുരം കയറി മൂന്നാറിലൂടെ കടന്നു മറയൂര്‍ വഴി വരുന്ന റൂട്ടിലൂടെ KSRTCയും ചില സ്വകാര്യബസ്സുകളും ഇവിടേക്ക് സര്‍വീസ് നടത്തുന്നുണ്ട്.


പലവിധത്തിലുള്ള  പഴങ്ങളുടെ തോട്ടങ്ങളാല്‍ സമ്പന്നമാണിവിടം. അതില്‍ പ്രധാനം ഓറഞ്ചും ആപ്പിളുമാണ്.  ആണ്. ഞങ്ങള്‍ അഞ്ചു പേരുണ്ടല്ലോ അതിനാല്‍ നമ്മുടെ എബിന്‍റെ  വണ്ടിതന്നെ വിളിക്കാന്‍ തീരുമാനിച്ചു. ഓറഞ്ച് തോട്ടത്തിലേക്കുള്ള യാത്രാ മധ്യേയാണ് 'ഭ്രമരം' സിനിമയില്‍ മോഹന്‍ലാല്‍ ജീപ്പോടിച്ചു പോകുന്ന രംഗങ്ങള്‍ ചിത്രീകരിച്ച മല ഇവിടെ അടുത്തു തന്നെയാണെന്ന് പറഞ്ഞത്.

               ഓറഞ്ച് പഴുക്കുന്ന സീസന്‍ ആയിട്ടില്ല.അതിനാല്‍ തന്നെ എല്ലാം പച്ചയായി നില്‍ക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. ആപ്പിള്‍ കൂടാതെ  ഫേഷന്‍ ഫ്രൂട്ട്,ഉറുമാന്‍ പഴം തുടങ്ങിയവയെല്ലാം ആ തോട്ടത്തില്‍ ഉണ്ടായിരുന്നു.
അവിടെ നിന്നും നേരെ ഭ്രമരം മലയിലേക്ക്. ആ സിനിമ കണ്ടവര്‍ക്കറിയാം, ആ ജീപ്പ് പോയ വഴി ഓഫ് റോഡ്‌ ആണ്.കരിങ്കല്ലുകള്‍ പരുക്കനായി പാകിയ കുത്തനെയുള്ള റോഡ്‌.സാധാരണ വണ്ടി ഇതിലൂടെ പോകില്ല.ചെയ്സ് ഉയരം വേണം.ഹൈ ഗിയറും വേണം.ഞങ്ങളുടെ ജീപ്പ് ഇതെല്ലാം ഒത്തിണങ്ങിയതായിരുന്നു. നമ്മുടെ എബിന്‍   ഓഫ് റോഡ്‌ഡ്രൈവിങ്ങില്‍   അഗ്രഗണ്യനായിരുന്നുവെന്ന് മലയുടെ ഉച്ചിയില്‍ എത്തിയപ്പോ മനസ്സിലായി. ആ മലയുടെ മുകളില്‍ നിന്നുള്ള കാഴ്ച കാന്തല്ലൂരിനെ ഒരു കാന്‍വാസില്‍ പ്രിന്റു ചെയ്തതു പോലെയുണ്ടായിരുന്നു. നമ്മള്‍ എത്ര ദൂരത്തേക്ക് കാണാന്‍ കഴിയുന്നുവോ അത്രയും അകലേക്ക്  മലകള്‍ മാത്രമേ കാണുന്നുണ്ടായിരുന്നുള്ളൂ. അധികമാരും എത്തിച്ചേരാത്തതു .കൊണ്ടാവാം അവിടെ സുരക്ഷാ ബാരിക്കേഡുകളൊന്നും ഇല്ല.ഒരു സൂയിസൈഡ് പോയിന്‍റെന്നൊക്കെ പറയാം.സമയം ആറുമണിയോടടുത്തതിനാല്‍ ഞങ്ങള്‍ മലയിറങ്ങി.

                വണ്ടിയെക്കുറിച്ചുള്ള പരാതികള്‍ അതിന്‍റെ മൂര്‍ദ്ധനത്തില്‍  എത്തിയപ്പോള്‍ പിന്നെ ഇന്ടസിലെ മാനേജര്‍ക്ക് കൂടുതല്‍ പ്രഷര്‍ വന്നുതുടങ്ങി.അത് കൊണ്ടാവണം, ഞങ്ങള്‍ക്ക് കാന്തല്ലൂരില്‍നിന്നും  120 കിമി അകലെയുള്ള   മാരുതിയുടെ കട്ടപ്പനയിലെ  പോപ്പുലര്‍ മോട്ടോര്‍സില്‍  നിന്നും കോള്‍ വന്നു.കാര്യമെന്തായാലും അവരുടെ റിക്കവറി ടീം വന്നു വണ്ടി പരിശോധിച്ചു.അവരും ഹൈപ്രഷര്‍ പമ്പില്‍തന്നെയാണ് തകരാര് കണ്ടത്.എന്നാല്‍ അവരുടെ കൈയില്‍ സാധനം സ്റ്റോക്ക് ഇല്ലാത്തതിനാല്‍ നമ്മുടെ വണ്ടി അവരുടെ റിക്കവറി വാഹനത്തില്‍ കട്ടപ്പന ഷോറൂം വരെ കൊണ്ടുപോകണം.എന്നാല്‍ അതിനു അവര്‍ പറഞ്ഞ സംഖ്യ ഒരു തരത്തിലും ദഹിക്കുന്നതല്ലായിരുന്നു.കാരണം,വാറന്റി പീരിയഡില്‍ ഉള്ള  വണ്ടിക്ക് കമ്പനിയുടെ തകരാര്‍ മൂലം വരുന്ന ബുദ്ധിമുട്ടിന് അതിന്‍റെ ഉപഭോക്താവ് പണം കൊടുക്കേണ്ടതില്ലല്ലോ.കട്ടപ്പന ടീമുമായുള്ള തര്‍ക്കം സമവായത്തിലെത്താതിരുന്നതിനാല്‍ അവര്‍ വന്ന വഴി തിരിച്ചു പോയി.     
              സമയം രാത്രിയായെങ്കിലും ആര്‍ക്കും റൂമില്‍ ആര്‍ക്കും ഇരിപ്പുറച്ചില്ല. ഞങ്ങള്‍ വീണ്ടും ടൌണിലേക്ക് നടക്കാനിറങ്ങി.മുമ്പ് ആപ്പിള്‍  തോട്ടത്തിലേക്ക് പോകുമ്പോള്‍ തന്നെ അവിടെ ഒരു ഹോട്ടലില്‍ പൊറോട്ടയുണ്ടാക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. സത്യത്തില്‍ നമ്മുടെ ഈ പൊറോട്ട ഒരു സംഭവമാണ് കേട്ടോ. കാരണം ഒരു റെസ്റ്റോറന്റില്‍  സ്നാക്സ്, കേക്കുകള്‍, സദ്യയുടെ ഫോട്ടോ,അല്ലെകില്‍ ഒരു പഴക്കുല ഇവയൊക്കെ വച്ചാലും അതൊരാളെ  ഫുഡ് എന്ന നിലയില്‍ പൂര്‍ണ്ണമായി   ആകര്‍ഷിക്കുവാന്‍ കഴിയണമെന്നില്ല. എന്നാല്‍ അതിന്‍റെ സൈഡില്‍ ഒരാള്‍ പൊറാട്ടയുടെ മാവ് കുഴച്ചു കൊണ്ടിരിക്കുകയാനെങ്കിലോ. ഹൌ! പിന്നെ പറയെ വേണ്ട. അവിടെ തന്നെ കയറി. കിടിലന്‍ പൊറോട്ട.തണുപ്പുള്ള സ്ഥലത്ത് ചൂടു പൊറോട്ട കഴിക്കുന്നതിന്‍റെ രുചി വേറെ തന്നെയാണല്ലോ.

മൂന്നാം ദിവസം- 15 സെപ്റ്റംബര്‍,വ്യാഴം 

              എല്ലാ കാര്യത്തിലെന്നപോലെ അവസാനം നമ്മുടെ വണ്ടിയുടെ കാര്യത്തിലും അപ്പു തന്നെ അവസാന പരിഹാരം കണ്ടെത്തി.അവന്‍റെ അച്ഛന്‍റെ ഫ്രെണ്ട് ആണ് മൂവാറ്റുപുഴ ഇന്ടസിലെ മാനേജര്‍.അങ്ങനെ അദ്ദേഹം വഴി മാനേജരെ ബന്ധപ്പെട്ടു.അദ്ദേഹം വളരെ പോസിറ്റീവായ മറുപടിയാണ് ഞങ്ങള്‍ക്ക് തന്നത്.കാരണം,ആ വര്‍ഷം ഇറങ്ങിയ മിക്ക സ്വിഫ്റ്റുകള്‍ക്കും മേല്‍പ്പറഞ്ഞ ഹൈ പ്രഷര്‍ പമ്പിന്റെ തകരാര്‍ ഉണ്ടായിരുന്നെന്നും തന്മൂലം ഇതേ പരാതികള്‍ പലയിടത്തു നിന്നും വന്നിരുന്നെന്നും അദ്ദേഹം ഞങ്ങളോട് പറഞ്ഞു.അങ്ങനെ 135 കിമി അകലെയുള്ള മൂവാറ്റുപുഴയില്‍ നിന്നും അവരുടെ റിക്കവറി വാന്‍ കാന്തല്ലൂരിലേക്ക് പുറപ്പെട്ടു.
               ഒരു ദിവസമേ അവിടെ താമസിച്ചിരുന്നുവെങ്കിലും ആ നാട്ടുകാരുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു.കാരണം  അവരുടെ നാട് കാണാനും ആസ്വദിക്കാനും വന്നനമ്മള്‍ ഇവിടെ കുടുങ്ങിപ്പോയെന്നു കുറെപ്പേര്‍ക്ക് അറിയാന്‍ കഴിഞ്ഞു. കാണുമ്പോഴെല്ലാം കുശലം ചോദിക്കുന്നവര്‍ വരെ ഉണ്ടായിരുന്നു. സ്ഥിരം പൊറോട്ട കഴിച്ചിരുന്ന ഹോട്ടലുടമ, രേവതിക്കുട്ടിയമ്മയുടെ തട്ടുകടയില്‍ നിന്നും കഴിച്ച ചോറ് ഒരിക്കലും മറക്കാനിടയില്ല.രണ്ടാംതവണയും കഴിഞ്ഞു മൂന്നാമതും എനിക്ക് ചോറ് വേണമെന്ന് പറയണമെന്നുണ്ടായിരുന്നു.എന്നാല്‍ അവര്‍  എന്തെങ്കിലും വിചാരിച്ചാലോ എന്നു കരുതി നിര്‍ത്തി എഴുനേറ്റു.നല്ല തണുപ്പുള്ള പ്രദേശത്തു,നല്ല ചൂടുള്ള നാടന്‍ ചോറും കറികളും ഒരിക്കലെങ്കിലും കഴിച്ചിട്ടുള്ളവര്‍ക്കേ അതു റിയലൈസ് ചെയ്യാന്‍ കഴിയൂ.
 പഞ്ചായത്ത് ഓഫീസിന്‍റെ അടുത്തായി നാരങ്ങമിട്ടായി പോലുള്ള Nostalgic product വില്‍ക്കുന്ന ഒരു ചേട്ടായിയുടെ  പെട്ടികട ഉണ്ട്. പുള്ളിക്കാരനില്‍ നിന്നും കാന്തല്ലൂരിന്റെ ഭൂമിശാസ്ത്രപരമായ കുറെ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞു.പ്രായംചെന്ന ആളുകളിലാണല്ലോ ചരിത്രം പലപ്പോഴും ഉറങ്ങിക്കിടക്കുന്നത്.
               കേരളത്തില്‍ ആപ്പിള്‍ കൃഷി ചെയ്യുന്ന ഒരേയൊരു സ്ഥലമാണത്രേ ഇത്.ഒരുപക്ഷേ,ഫ്രൂട്ട് കൃഷിയില്‍ തന്നെ മുന്‍പന്തിയില്‍ നില്‍ക്കുന്ന പ്രദേശം. കേരളസര്‍ക്കാറിന്റെ കൃഷിവകുപ്പും  ഇടുക്കി ജില്ലാ വെജിറ്റബിള്‍ ആന്‍ഡ്‌ ഫ്രൂട്സ് പ്രൊമോഷന്‍ വകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന എല്ലാ സീസണുകളിലുമുള്ള പദ്ധതികള്‍ക്ക് ഗവര്‍മെന്റ് കൂടുതല്‍ പരിഗണന കൊടുക്കുന്ന സ്ഥലം കൂടിയാണിവിടം. പലതരം പഴങ്ങളെക്കുറിച്ചു പറഞ്ഞല്ലോ.പ്ലംസ്,മുട്ടപ്പഴം,പീച്ച്,മാതാളനാരങ്ങ തുടങ്ങി പേരറിയാത്തവയുടെയെല്ലാം വരി ഇനിയും നീളും.

               ഞങ്ങള്‍ താമസിച്ചിരുന്ന ഹോം സ്റ്റേ നല്ലൊരു വ്യൂ പ്രധാനം ചെയ്യുന്ന ലൊക്കേഷന്‍ ആണ്.എന്‍റെ  ക്യാമറക്കണ്ണ്‍ അതില്‍ നല്ലൊരു ക്ലൌഡ് മൂവിംഗ് ടൈംലാപ്സിനെ കണ്ടു.വണ്ടി കേടു വന്നു ഞങ്ങള്‍ അവിടെ കുടുങ്ങിക്കിടക്കുകയാനെങ്കിലും ഈ നാടിന്‍റെ നല്ല ക്ലൈമറ്റ് മറ്റെല്ലാ കാര്യങ്ങളെയും മറച്ചു കളയുന്നുണ്ടായിരുന്നു.അത് കുറച്ചു ഫോട്ടോസിലോ ഒരു യാത്രാവിവരണത്തിലോ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതല്ല. റിയല്‍ എക്സ്‌പ്ലോറേഴ്സ്   പറയുന്നതു പോലെ അതെല്ലാം കണ്ടുതന്നെ ആസ്വദിക്കണം.

             അവസാനം വൈകുന്നേരം 5 മണിയോടെ മൂവാറ്റുപുഴ റിക്കവറി ടീംകാന്തല്ലൂരെത്തി. ഹൈപ്രഷര്‍ പാമ്പിനാണ് തകരാരെന്നു ആദ്യമേ പറഞ്ഞിരുന്നതിനാല്‍ അതിന്‍റെ മെഷിനറിയുമായാണ് അവര്‍ വന്നത്. രണ്ടുദിവസമായി മാരുതിയുടെ മൂന്നു ജില്ലകളിലെ ഡീലര്‍മാരെയിട്ടു വട്ടം കറക്കിയ ഹൈപ്രഷര്‍ പാമ്പെന്ന ഒരിക്കലും മറക്കാത്ത ആ യന്ത്രം അങ്ങനെ അവര്‍ നന്നാക്കി,വണ്ടി സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ഞങ്ങള്‍ക്കുണ്ടായ സന്തോഷം അളക്കാന്‍ വല്ല മാപിനിയോ  മറ്റോ ഉണ്ടായിരുന്നെങ്കില്‍ അതിന്‍റെ സൂചി പൊട്ടി പുറത്തേക്ക് വന്നേനെ.
               വണ്ടി സ്റ്റാര്‍ട്ടായെങ്കിലും ഇനിയും വല്ല തകരാറും വരാനുള്ള സാധ്യത കണക്കിലെടുത്ത് അവരുടെ ഷോറൂം വരെ അവരുടെ റിക്കവറി വാനിനെ അനുഗമിച്ചു തിരിച്ചുള്ള യാത്ര തുടങ്ങാന്‍ തീരുമാനിച്ചു.

              ഞങ്ങള്‍ കാന്തല്ലൂരിനെ വിട പറയുകയാണ്‌.ഞങ്ങള്‍ എല്ലാവരും അപ്പുവിനെ കെട്ടിപ്പിടിച്ചു യാത്ര പറഞ്ഞു. എന്താണ് പറയേണ്ടത്.ഒരു നന്ദിയില്‍ ഒതുങ്ങുന്നതാണോ അവന്‍ ചെയ്തു തന്ന സഹായം. അല്ലെങ്കില്‍ തന്നെ അവന്‍ ഞങ്ങളെ എന്തിനാണ് സഹായിച്ചത്.അവന്‍ ഒരു പയ്യന്‍ കാരണം മുഴുവന്‍ കാന്തല്ലൂര്‍ക്കാരും ഞങ്ങള്‍ക്ക് നല്ലവരായി മാറി.
             ഇനിയുള്ള യാത്ര മൂന്നാര്‍ വഴി മൂവാറ്റുപുഴ മാരുതി ഇന്ടസിലെക്ക്. പുറപ്പെടുമ്പോള്‍ സമയം സന്ധ്യ കഴിഞ്ഞിരുന്നു.കുഴപ്പമില്ലാതെ തന്നെ വണ്ടി നീങ്ങി.അതിനാല്‍ത്തന്നെ വണ്ടി നന്നായെന്ന ആത്മവിശ്വാസത്തില്‍ മറയൂരില്‍ വണ്ടി നിര്‍ത്തി,ചായയൊക്കെ കുടിച്ചു വീണ്ടും യാത്ര തുടര്‍ന്നു.
എന്നാല്‍ മൂന്നാര്‍ ടൌണ്‍ എത്തുന്നതിനു മുമ്പായി ചുരത്തില്‍ വച്ചു വണ്ടി പിന്നെയും അതിന്‍റെ തനിക്കൊണം കാണിച്ചു സ്റ്റോപ്പായി. അന്നു സംഭവിച്ച അതേ ദുരന്തം.സ്ഥലവും പഴേപോലെ.കാട്.ചുരം ഒന്നിനും മാറ്റമില്ല. എന്നാല്‍ കൂടുതല്‍ ഭയപ്പെടുത്തിയത് സമയം രാത്രിയായെന്നതാണ്.ചെറിയ ചാറ്റല്‍മഴയുമുണ്ട്.മൊബൈലിനു റെയിഞ്ചു കിട്ടുന്നില്ല എന്നു പ്രത്യേകം പറയേണ്ടല്ലോ.അതിനാല്‍ തന്നെ മുമ്പില്‍ പോകുന്ന റിക്കവറി വണ്ടിയിലുള്ളവരെ ബന്ധപ്പെടാനും കഴിയുന്നില്ല.
                 പൊടുന്നനെയാണ് ശംസുവിനു ഒരു ബുദ്ധിയുദിച്ചത്. എമര്‍ജന്‍സി നമ്പരായ 112ലേക്ക് ഫോണ്‍ ചെയ്യുക.
                കോള്‍ കണക്റ്റ് ആയി, കണ്‍ട്രോള്‍ റൂമില്‍ അവര്‍ ഫോണെടുത്തു.ഞങ്ങള്‍ ലൊക്കേഷന്‍ പറഞ്ഞു.
ഞങ്ങളുടെ ഫോണ്‍ സിന്ഗ്നില്‍ നിന്നും അവര്‍ ഏകദേശസ്ഥലം കണ്ടെത്തിയിട്ടുണ്ടാവാം.അതിനാല്‍,ഇരുപതു മിനിട്ടിനകം അവര്‍ നമ്മുടെയടുത്തെത്താമെന്നു പറഞ്ഞു.ഡോര്‍ ലോക്ക് ചെയ്തു ഇന്‍ഡിക്കേറ്റര്‍ മാത്രം കത്തിച്ചു വണ്ടിയില്‍ തന്നെ ഇരിക്കണമെന്നു ഞങ്ങള്‍ക്ക് നിര്‍ദേശവും തന്നു.
              പോലീസ് പറഞ്ഞതിന്‍പ്രകാരം എഞ്ചിന്‍ ഓഫ് ചെയ്തു ഞങ്ങള്‍ വണ്ടിക്കുള്ളില്‍ തന്നെ ഇരുന്നു.5 മിനിട്ട് കഴിഞ്ഞു.ഈ 5 മിനുറ്റ് എടുത്തുപറയാന്‍ കാരണം അതിനു ഒരു മണിക്കൂറിന്റെ ദൈര്‍ഘ്യം ഉള്ളതുപോലെ തോന്നി.ഇടക്ക് ഗ്ലാസ് ചെറുതായി തുറന്നപ്പോള്‍ ദൂരെ കാടിനുള്ളിലെവിടെനിന്നോ കേള്‍ക്കുന്ന മൃഗങ്ങളുടെ അപശബ്ദങ്ങള്‍ ഞങ്ങളുടെ ഉള്ളിലെ  ഭയത്തെ വീണ്ടും  ഗ്രസിപ്പിക്കാന്‍  തുടങ്ങി.കുറച്ചു കഴിഞ്ഞു വീണ്ടും  എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അത്ഭുതകരമെന്നോണം വണ്ടി സ്റ്റാര്‍ട്ട് ആയി.ഷംസു വീണ്ടും അതേ എമര്‍ജന്‍സി നമ്പരില്‍ വിളിച്ചു, വണ്ടി വീണ്ടും സ്റ്റാര്‍ട്ടായെന്നും ഞങ്ങള്‍ അവിടം പിന്നിട്ടെന്നും അവരെ അറിയിച്ചു.അവരും ഞങ്ങളെ ട്രൈസ്‌ ചെയ്യുന്നുണ്ടെന്നും ഇനിയെന്തെങ്കിലും ബുദ്ധിമുട്ട്  നേരിട്ടാല്‍ വിളിച്ചു കൊള്ളണമെന്നും നിര്‍ദേശിച്ചു.
            എന്നാല്‍ മൂന്നാര്‍ എത്തുന്നതിനു  മുമ്പ് വീണ്ടും അതേ ചുരത്തില്‍ വണ്ടി നിന്നു.ഒരു ശ്രമമെന്നോണം കുറച്ചു സമയം എഞ്ചിന്‍ ഓഫാക്കി കുറചു സമയം കഴിഞ്ഞു സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ വണ്ടിക്കു വീണ്ടും ജീവന്‍ വന്നു. മൂന്നാര്‍ ടൌണ്‍ എത്തിയപ്പോഴേക്കും ഫോണുകളില്‍ നെറ്റ്വര്‍ക്ക് കണക്റ്റ് ആയി.ഉടനെത്തന്നെ നമ്മുടെ മുമ്പില്‍ പോയ റിക്കവറി ടീമിനെ വിളിച്ചു, വണ്ടി വീണ്ടും തകരാറിലായെന്നു പറഞ്ഞു. എന്നാല്‍ അവര്‍ മൂന്നാര്‍ ചുരമിരങ്ങിത്തുടങ്ങിയിരുന്നു. അതായത്,മറയൂരില്‍ നിന്നും മൂവാറ്റുപുഴയിലേക്കുള്ള റോഡ്‌ സമുദ്രനിരപ്പില്‍ നിന്നും 1500 മീറ്റര്‍  ഉയരത്തിലുള്ള മൂന്നാര്‍ ടൌണ്‍  വഴിയാണ് പോകുന്നത്.അതിനാല്‍ത്തന്നെ ഞങ്ങള്‍ മൂന്നറിലേക്ക് കയറിയതിനേക്കാള്‍ ദുര്‍ഘടമായ വഴിയാണ് ഇനി ഇറങ്ങാനുള്ളത്. ഓണത്തിന്‍റെ സീസന്‍ ആണെന്നു പറഞ്ഞല്ലോ.ടൂറിസ്റ്റ് വാഹനങ്ങളുടെ ബാഹുല്യം കാരണം താഴോട്ടുള്ള ചുരത്തില്‍ മുടിഞ്ഞ ബ്ലോക്കും. അതു കൊണ്ടു തന്നെ റിക്കവറി വാനിനു ചുരത്തില്‍ വച്ചു വണ്ടി തിരിച്ചു മൂന്നാറിലേക്ക് വരുക അസാധ്യമായിരുന്നു. ഇനി മുമ്പില്‍ ഉള്ള വഴി രണ്ടും കല്‍പിച്ചു വണ്ടി ചുരമിറക്കുക.ചുരത്തില്‍ വച്ചു വണ്ടിക്ക് പഴയ പ്രശനം വന്നില്ലെങ്കിലും ബ്ലോക്ക് കാരണം ഒരുപാടു സമയമെടുത്താണ് അടിമാലി എത്തിയത്.

               അടിമാലിയില്‍ നിന്നും മൂവാറ്റുപുഴയിലേക്ക് 60 കിമി ഉണ്ട്.അവിടെ നിന്നാണ് വണ്ടി ഓഫാകുന്നതിന്റെ ഒരു ചെറിയ ഐഡിയ കിട്ടുന്നത്.എന്തെന്നാല്‍ കൂടുതല്‍ ആക്സിലെറേഷന്‍ കൊടുക്കുമ്പോഴാണ് ഇവന്‍ പിണങ്ങുന്നത്.അങ്ങനെ ഒരു മിതമായ വേഗത ക്രമീകരിച്ചു അവസാനം അര്‍ദ്ധരാത്രിയോടെ ഞങ്ങള്‍ തികച്ചും സുരക്ഷിതരായി മൂവാറ്റുപുഴ ഇന്ടസിനു മുമ്പിലെത്തി.അവര്‍ സെക്യൂരിറ്റിയോട് മുമ്പേ പറഞ്ഞു  ടൌണില്‍ തന്നെ ഞങ്ങള്‍ക്ക് രാത്രി താമസിക്കാന്‍  നല്ലൊരു മുറിയും ഏര്‍പ്പാടാക്കിത്തന്നിരുന്നു.

നാലാം ദിവസം സെപ്റ്റംബര്‍ 14,വെള്ളി 

               പിറ്റേന്ന് രാവിലെ ഇന്ഡസ് ഷോറൂമില്‍ പോയി, ഹൈപ്രഷര്‍ പമ്പ് മാറ്റി, ബാക്കി പേപ്പര്‍ വര്‍ക്കുകള്‍ ചെയ്തു തീര്‍ത്തു.വാറന്റി ഉണ്ടായിരുന്നതിനാല്‍ എല്ലാം മാരുതിയുടെ കീഴില്‍ തന്നെയായിരുന്നു.
             എല്ലാം ക്ലിയര്‍!
            ഇനി നാട്ടിലേക്ക്.മൂവാറ്റുപുഴയില്‍ നിന്നും കരുമ്പിലെക് 165 കിമി ഉണ്ട്.ഏകദേശം അഞ്ചു മണിക്കൂര്‍ യാത്ര.
           കാന്തല്ലൂരില്‍ നിന്നും ഒരുപാട് അകലെയാണെങ്കിലും മനസ്സില്‍ നിന്നും ആ പ്രദേശവും ആ നാട്ടുകാരും മാഞ്ഞു പോകുന്നില്ല.ആ പേരിലെ കാന്തികവലയമാണോ കാരണം? ഈ രണ്ടുമൂന്നു ദിവസം ഏതെല്ലാം ആളുകള്‍ ഞങ്ങളെ സഹായിച്ചു.കാരണം നമ്മള്‍ പ്ലാന്‍ ചെയ്ത കാര്യങ്ങളേയല്ല പിന്നീട് നടന്നത്.
             മൂവാറ്റുപുഴയില്‍നിന്നുള്ള യാത്രയില്‍ വണ്ടി ഒരനുസരണക്കേടും കാണിച്ചില്ല.റിലാക്സായി വണ്ടി ഓടിച്ചു അങ്കമാലി,തൃശൂര്‍,കുറ്റിപ്പുറം എന്നിവയെല്ലാം പിന്നിട്ടു രാത്രി എട്ടുമണിയോടെ കോട്ടക്കല്‍ പിന്നിട്ടു.വന്ന വഴിയെല്ലാം ഗൂഗിള്‍ മാപ്പ് കൃത്യമായി വഴി കാണിക്കുന്നുണ്ടായിരുന്നു.

              ഈ യാത്രയില്‍ സംഭവിച്ചതൊക്കെ ഒരുപക്ഷെ,വായിക്കുന്ന നിങ്ങളുടെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ടാവാം.എന്നാല്‍ ആദ്യമായി വണ്ടി ചുരത്തില്‍ കുടുങ്ങിയപ്പോഴും ഉദുമല്‍പേട്ടയില്‍  റൂമിനായി രാത്രി അലഞ്ഞു നടന്നപ്പോഴും പോകുന്ന വഴിയിലൊക്കെ ഭക്ഷണം കഴിക്കാന്‍ ഈ ഹോട്ടലില്‍ കയറണ്ട,അടുത്തതില്‍ കയറാം എന്നു പറഞ്ഞു പിന്നെ അടുത്ത ഹോട്ടല്‍ ഉടനെയൊന്നും കിട്ടാതിരുന്നപ്പോഴും ഞങ്ങള്‍ അഞ്ചു പേരും പരസ്പരം പഴിചാരിയില്ല.
             ഞാനപ്പഴേ പറഞ്ഞില്ലേ അങ്ങനെ ചെയ്‌താല്‍ മതിയെന്നു പറഞ്ഞില്ല,
            കാരണം,ഞാന്‍ മുമ്പേ പറഞ്ഞില്ലേ,
            ഞങ്ങള്‍ റോക്ക്സ് ആണെന്ന്.