2013, ഡിസംബർ 20, വെള്ളിയാഴ്‌ച

വ്യത്യസ്തമായ ഒരു ബസ് യാത്ര

 യാതകള്‍ പലപ്പോഴും വിരസമാകുന്നത് അതില്‍ വ്യത്യസ്ഥതയില്ലാത്തതു കൊണ്ടാണ്.പൊതുവേ ബസ് യാത്രകള്‍ പോലും നല്ലൊരു യാത്രാമൂഡ്‌ ഒരുക്കുന്ന എനിക്കു ഇന്നലത്തെ ബസ് യാത്ര  വേറിട്ടൊരനുഭാവമായെന്നു പറയാമല്ലോ.കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും കക്കാട്ടെക്കുള്ള ബസ് കാത്തു നില്‍ക്കുമ്പോഴാണ് പറവൂരിലേക്കുള്ള പരശുരാം സൂപ്പര്‍ഫാസ്റ്റ് വരുന്നത്.ബസ്സില്‍ കയറിയതും ഓട്ടോമാറ്റിക്കായി പിന്നില്‍ ഡോറടഞ്ഞു.ഉള്ളില്‍ ഏസിയുടെ സുഖശീതളിമ.കൂളിംഗ് ഗ്ലാസ്സിനു പുറമേ വെയില്‍ ശല്യം ചെയ്യാതിരിക്കാനായി   എല്ലാ ഗ്ലാസ്സിനരികിലും കര്‍ട്ടനും തൂക്കിയിട്ടുണ്ട്‌.എല്ലാ ബസ്സിലും ടിവി നിരോധിച്ചിട്ടുണ്ടെങ്കിലും ഇതില്‍ മാത്രം LED യില്‍ സിനിമ തകര്‍ക്കുന്നു.ഒരു പക്ഷേ ഡ്രൈവര്‍ക്കായി പ്രത്യേക ക്യാബിന്‍ ഉള്ളതുകൊണ്ടാവാം.എയര്‍ടൈറ്റായാതിനാല്‍ മറ്റു വാഹനങ്ങളുടെ പീ..പീ..കൂ..കൂ.. ശബ്ദങ്ങള്‍ നമ്മെ അലോസരപ്പെടുത്തുന്നില്ല എന്നതും ഇതിലെ ദീര്‍ഘദൂരയാത്രക്കാര്‍ക്ക് മറ്റൊരു ആശ്വാസമാകുന്നു.കൂരിയാട് പാലത്തിനടുത്തെത്തിയതും മെട്രോ ട്രെയിനിലേതു പോലെ അനൌണ്‍സ്മെന്‍റ് വന്നു.''നെക്സ്റ്റ് സ്റ്റേഷന്‍ ഈസ്‌ കക്കാട്,അടുത്ത സ്റ്റേഷന്‍ കക്കാട്''GPS ന്‍റെ സാധ്യതകളുപയോഗിച്ചു കേരളത്തിലാദ്യമായി നടപ്പിലാക്കിയ ഈ സംവിധാനം വഴി പ്രധാന സ്റ്റോപ്പുകളെത്തുംമുമ്പ് മലയാളത്തിലും ഇംഗ്ലീഷിലുമായി അനൌണ്‍സ്മെന്‍റ് ചെയ്യുന്നത് വളരെ ഉപകാരപ്രദമായിരിക്കുമെന്നതില്‍ സംശയമില്ലല്ലോ. പറവൂര്‍-കൊടുങ്ങല്ലൂര്‍-ഗുരുവായൂര്‍-കോഴിക്കോട്-സുല്‍ത്താന്‍ ബത്തേരി വഴിപോകുന്ന ഈ ബസ് 11/10/2011
ല്‍ സര്‍വീസ് ആരംഭിച്ചപ്പോള്‍ ഈ റോഡിലെ പുലിക്ക് മറ്റു ബസ്സുകള്‍ക്കില്ലാത്ത ഒരുപാടു പ്രത്യേകതകളുണ്ടായിരുന്നു.
       Specialties of the new bus are:

1. Ashok Leyland 12 m Viking. CRF 240 HP engine. Wheel base of 244.

2. 36 ton AC instead or present 24 ton

3. Uses the revolutionary dynamic retarder brakes, similar to the dynamic
brakes of WDM 2

4. 1.92 m (6 feet) LED display in front and back

5. 6 LED TV sets

6. New generation Korean tyres that grip 14 sq inches instead of present 11 sq
inches

7. GPS system that has both next stop display and announcements.

8. The GPS system will also show the current position of bus as a marque under
the TV screen. The marque will display the specialities of the bus

9. 3*2 push back sitting
            ഇത്രയൊക്കെ സംവിധാനമുണ്ടെങ്കില്‍ ബസ് ചാര്‍ജ്ജ് ഇരട്ടിയായിരിക്കുമല്ലോ എന്നു അനുമാനിക്കാന്‍ വരട്ടെ,സൂപ്പര്‍ഫാസ്റ്റിന്റെ ചാര്‍ജല്ലാതെ അധികമൊന്നും ഈടാക്കുന്നില്ല എന്നറിയുമ്പോള്‍ ഈ ബസ് കേരളത്തിലൂടെ തന്നെയാണോ സര്‍വീസ് നടത്തുന്നതെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയേണ്ടതില്ല.മറ്റു ബസ്സുകളുടെ ......മാത്രം കണ്ടു ശീലിച്ച നമ്മള്‍ക്ക് പരശുറാമിന്‍റെ ജനോപകാരപ്രദമായ ഈ സംരംഭത്തെ അഭിനന്ദിക്കാതെ വയ്യ.
    സ്റ്റോപ്പുകള്‍ :-പറവൂര്‍-                              4:25 AM
                                 കൊടുങ്ങല്ലൂര്‍ -                 4:50 AM
                                കോഴിക്കോട്-                    8:59-9:32 AM
                                സുല്‍ത്താന്‍ ബത്തേരി   12:02 PM
    തിരിച്ച്            സുല്‍ത്താന്‍ ബത്തേരി-  12:10 PM
                                കോഴിക്കോട്-                    4:40-4:55 PM
                                ഗുരുവായൂര്‍-                    7:50 PM
                               കൊടുങ്ങല്ലൂര്‍-                   9:02 PM
                               പറവൂര്‍                                9:25 PM (Halt)  
കൂടുതല്‍ വിവരങ്ങള്‍ക്ക് :9495400700

2013, ഡിസംബർ 4, ബുധനാഴ്‌ച

PKBയിലെ എന്‍റെ പ്രഭാതയാത്രകള്‍

                 7 വര്‍ഷങ്ങള്‍ക്കു ശേഷമാണു കരിമ്പില്‍ നിന്നും 7:12നു കോട്ടക്കല്‍വഴി കുറ്റിപ്പുറത്തേക്കുള്ള PK.Brothers ല്‍ ഞാന്‍ വീണ്ടും കയറുന്നത്.2002 മുതല്‍ 2006 വരെ അതിലെ സ്ഥിരം യാത്രികനായിരുന്നു ഞാന്‍.PKB ഗ്രൂപ്പിലെ ഏറ്റവും ചെറിയ മിനിബസ്സായിരുന്നു അന്നു ഈ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നത്.കാലചക്രം കാളവണ്ടിചക്രം പോലെ കുതിച്ചപ്പോള്‍ പല മാറ്റങ്ങള്‍ ഈ ബസ്സിലും പ്രകടമായി.ബസ്സ് പാടേ മാറി,ജീവനക്കാര്‍ പലരും മാറി.പണ്ടത്തെ ഒന്നര സീറ്റില്‍ രണ്ടാള്‍ ഇരുന്നാല്‍ അറ്റത്തു ഇരിക്കുന്നവന്‍റെ  ........ പുറത്തേക്കു തള്ളിയാണിരുന്നതെങ്കില്‍ ഇന്നത്‌ ലക്ഷ്വറി ബസ്സിനോളം കിടപിടിക്കുന്ന സ്പോഞ്ചുകുഷ്യനായി മാറിയിരിക്കുന്നു.അന്നത്തെ വിരലിലെണ്ണാവുന്ന യാത്രക്കാരില്‍ നിന്നും ഫുള്‍ ലോഡിലേക്ക് മാറിയിരിക്കുന്നു.മുമ്പില്ലാതിരുന്ന വിദ്യാര്‍ഥികളും അതിരാവിലെ തന്നെ തല കാട്ടിത്തുടങ്ങിയിരിക്കുന്നു.മാറാത്തതായി ഞാന്‍ കണ്ടത്,കൊടിമരം,പൂക്കിപ്പറമ്പ്,മേലെ കൊഴിച്ചെന എന്നിവിടങ്ങളില്‍ നിന്നും കയറിയിരുന്ന ആ പഴയ മൂന്നു സ്ഥിരം യാത്രക്കാരായിരുന്നു.    ഒരു പക്ഷേ,ഞാനൊക്കെ ഇതില്‍ യാത്ര ചെയ്യുന്നതിന്‍റെ മുമ്പേ അവര്‍ ഇതിലെ മുസാഫിറുകളായിരിക്കണം.എന്‍റെ സ്വതവേയുള്ള അന്തര്‍മുഖത കാരണമായിരിക്കണം ഞാന്‍ ആരോടും സംസാരിച്ചില്ല.അതിനിടെ കരുമ്പില്‍ പള്ളിയുടെ മുമ്പിലും പാലച്ചിറമാട് വളവിലും വിദ്യാര്‍ഥികള്‍ക്കു മാത്രമായും ബസ്സ് നിര്‍ത്തിക്കൊടുത്തു.(ഇതിലെന്താണ് ഇത്ര കാര്യമെന്നല്ലേ?ബസ്സ് ജീവനക്കാര്‍ക്ക് വിദ്യാര്‍ഥികളോടുള്ള ക്രൂരമായ സമീപനം മാത്രം വാര്‍ത്തയാക്കുന്ന ഇടത്തേക്ക് അതിനു നേര്‍വിപരീതമായതു കണ്ടപ്പോള്‍ അവിടേക്കു ഫോക്കസ് ചെയ്തു എന്നു മാത്രം.)2002-06 കാലയളവില്‍ അതില്‍ മോഹനന്‍ എന്നു പേരുള്ള കണ്ടക്ടറുണ്ടായിരുന്നു.അന്നു ബസ് പിടിക്കാനായി കരിമ്പില്‍ അങ്ങാടിയിലേക്ക് നടക്കുമ്പോള്‍ അതാ നമ്മുടെ PKB വര്‍ക്കുഷോപ്പിനു മുന്നില്‍ ബ്രേക്ക് ഡൌണായി കിടക്കുന്നു.
             ''അല്ല മോഹനേട്ടാ,ഞാനിനി എങ്ങനെ.......?''ഞാന്‍ തിരക്കി.
             ''നിനക്കു ...............ലേക്കു എത്തുകയല്ലേ വേണ്ടൂ.അതു ഞാന്‍ ശരിയാക്കിത്തരാം.''എന്നു മൂപ്പര്‍.
            മൂപ്പര്‍ എന്നെയും കൂട്ടി എതിര്‍വശത്തേക്കു കടന്നു.അതാവരുന്നു കാടാമ്പുഴയിലേക്കുള്ള പ്രണാമം ലിമിറ്റഡ് സ്റ്റോപ്പ്.അതിനെ  കൈ കാണിച്ചു നിര്‍ത്തിച്ചു.കണ്ടക്ടറോട്,''ഇവനെ .................യില്‍ ഇറക്കിക്കോളിന്‍.''ഞാന്‍ അതില്‍ കയറി ലക്ഷ്യസ്ഥാനത്തിറങ്ങി.PKBയും പ്രണാമും  സമയവ്യത്യാസത്തിന്റെ പേരില്‍ കക്കാട് വച്ചു പലപ്പോഴും ഉടക്കാറുണ്ടായിരുന്നു എന്നതും ഇതിനോട് ചേര്‍ത്തു വായിക്കുക.
           സ്ഥിരം കാണുന്ന കാഴ്ചയായിരുന്നിട്ടും ഡിസംബറിലെ മഞ്ഞു പോലെ തന്നെ മനോഹരമായിരുന്നു ആ സമയത്തെ പാലച്ചിറമാടന്‍പാടംകാഴ്ച.
          ഓര്‍മ്മയിലെ മറ്റൊരു സംഭവം-കോട്ടക്കലില്‍ നിന്നും 6:25നാണു ചെമ്മാട്ടെക്കു ആദ്യട്രിപ്പ് പുറപ്പെടുക.അന്നു എന്തോ കാരണത്താല്‍ കണ്ടക്ടര്‍ക്ക് (അദ്ദേഹം ഇന്നില്ല കേട്ടോ )ആ ട്രിപ്പില്‍ കയറാന്‍ സാധിച്ചില്ല.ബസ്സ് ചെമ്മാട് പോയി,മടക്കയാത്രയില്‍ പാലച്ചിറമാട് വെച്ചാണ് മൂപ്പര്‍ 'ചാര്‍ജ്ജെ'ടുക്കുന്നത്.അതുവരെ ബാഗില്ലാതെ,കൈയിലുണ്ടായിരുന്ന ചില്ലറയിലുമൊക്കെ അഡ്ജസ്റ്റ് ചെയ്തു താല്‍കാലിക കണ്ടക്ടര്‍ പണി ഏറ്റെടുത്തു വശം കെട്ട ക്ലീനര്‍,ആ ദേഷ്യമെല്ലാം അവിടെ വച്ചു തീര്‍ത്തു. ''ഇക്കണക്കിനാനെങ്കില്‍ നിനക്കൊക്കെ പെണ്ണും കൂടി കെട്ടിച്ചു തന്നാല്‍ എന്തായിരിക്കുമെടാ അവസ്ഥ?'' പാവം പെണ്ണുകെട്ടിയോ എവിടെപ്പോയി എന്നൊന്നും പിന്നെ ഞാനറിഞ്ഞില്ല.
           എല്ലാ യാത്രകള്‍ക്കും ഒരു ലക്ഷ്യമുണ്ട്.പക്ഷേ,പ്രഭാതയാത്രകള്‍ ഒരു ജിവിതത്തിന്റെ,ഒരു സ്ഥാപനത്തിന്‍റെ പ്രതീക്ഷകളുടെ ആരംഭങ്ങളിലേക്കാണ് എത്തിച്ചേരുന്നത്.എല്ലാ യാത്രകളെയും ആ പഴയ PKBയിലെ ഫ്രണ്ട്ഗ്ലാസ്സിനു മുകളില്‍ എഴുതിയിരുന്ന മൂന്നു വാക്കുകളിലൂടെ ഇങ്ങനെ സംഗ്രഹിക്കാം.
                                                   ------റബ്ബേ,നീ തുണ-----    

2013, ഫെബ്രുവരി 1, വെള്ളിയാഴ്‌ച

എന്റെ ആദ്യ ഊട്ടി ട്രെയിന്‍ യാത്ര

         

               കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക 

     
            യാത്രകള്‍ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? സംഘര്‍ഷഭരിതമായ ദിനരാത്രങ്ങളില്‍ നിന്നും കുറച്ചു സമയത്തേക്ക് ,ദിവസത്തേക്ക് ഒരു വിട്ടു നില്‍ക്കല്‍ ആശ്വാസമേകും.ബാറ്റെറി റീച്ചാര്‍ജിംഗ് പോലെ.എന്‍റെ ആദ്യകാല യാത്രകള്‍ അത്തരത്തിലുള്ളവയയിരുന്നു .പതിനാറാം വയസ്സില്‍ കോട്ടക്കലില്‍   നിന്നും കൊല്ലം-പുനലൂര്‍-ചെങ്കോട്ട വരെ.അതു എന്റെ തുടര്‍യാത്രക്ക് പുതിയ മാനം നല്‍കി.അതിനാല്‍ ഞാന്‍ ആമസോണ്‍ കാടുകളിലേക്കും സിങ്കപ്പൂര്‍,ലണ്ടന്‍ എന്നിവിടങ്ങളിലൊക്കെ സന്ദര്‍ശിച്ചിട്ടുണ്ടെന്ന്‍ കരുതരുതേ .
         ഞാനൊരിടത്ത് വായിച്ചിട്ടുണ്ട് യാത്ര പോകുമ്പോഴുള്ള മനുഷ്യനല്ല തിരിച്ചു വരുന്നത്. ശരിയാണ്,യാത്ര പോയ ഇടങ്ങളിലെ ആളുകളുടെ സഹവാസം,ഭാഷ,സംസ്കാരം അവ നമ്മെ പുതിയൊരാളാക്കും.ഞാന്‍ ഒറ്റക്ക് യാത്ര ചെയ്യനിഷ്ടപ്പെടുന്നയളാണ്.കാരണം എന്റെ ആസ്വാദനം വ്യത്യസ്തമാണ്.ഉദാ-എല്ലാവരും മൈസൂര്‍ ടാര്‍ഗറ്റ് ചെയ്തു ഒരു ടൂര്‍ പ്ലാന്‍ ചെയ്യുന്നു.എല്ലാം പിന്നെ മൈസൂരിനെ കുറിച്ചുള്ള വിശകലനങ്ങള്‍ മാത്രമായിരിക്കും.പക്ഷേ,എന്റെത് മൈസൂര്‍ വരെയുള്ള യാത്രയായിരിക്കും.അതിലെ കാഴ്ചകള്‍,ഉറക്കം എല്ലാം ഒരുപോലെ ആസ്വാദ്യകരം.യാത്രക്ക് വേണ്ടത് ഒരു വണ്ടിയോ വലിയ ബജെറ്റോ ഒന്നുമല്ല.മറിച്ച് യാത്രക്കുള്ള മൂഡ്‌ മാത്രം.അതു യാത്രയെ വിരസമാകാതെ സൂക്ഷിക്കും.ചെറിയ ബജറ്റിലുള്ള എന്റെ തനിച്ചുള്ള ഒരു യാത്ര വിവരണം ശ്രദ്ധിക്കൂ......
        യാത്രകളില്‍ എനിക്കു പ്രിയം ട്രെയിന്‍ യാത്രകളാണ്.അതില്‍ മീറ്റര്‍ഗേജ് യാത്രകള്‍. (രണ്ടു പാളങ്ങള്‍ തമ്മിലുള്ള വിടവ് ഒരു മീറ്റര്‍ മാത്രം.മലമ്പ്രദേശങ്ങളിലൂടെയും വനങ്ങളിലൂടെയും ട്രെയിന്‍ യാത്രക്ക് വേണ്ടി സ്ഥലപരിമിതിമൂലം ആദ്യകാല എന്‍ജിനീയര്‍മാര്‍ തെരഞ്ഞെടുത്ത തോത്)
        2007.കലാലയജീവിതം കഴിഞ്ഞു അല്ലറ ചില്ലറ ജോലിയൊക്കെ ചെയ്തു ദിവസങ്ങള്‍ കൊല്ലുന്ന കാലം.ഒരു പത്രത്തില്‍ വായിച്ചറിഞ്ഞ ഒരു ട്രെയിന്‍ യാത്ര മനസ്സില്‍ ഇടം പിടിച്ചു.ഊട്ടി ട്രെയിന്‍ .ഹരിച്ചും ഗുണിച്ചും ഞാനൊരു സാഹസത്തിനു ഒരുങ്ങി.തീവണ്ടിയില്‍ മാത്രം സഞ്ചരിച്ചു ഊട്ടിയില്‍ എത്തിച്ചേരുക.(ഇതിനു മുന്‍പ് ഊട്ടി കണ്ടിരുന്നില്ല).ട്രെയിന്‍ ഗൈഡ്  പഠിച്ചു ഊട്ടി വരെയുള്ള ട്രെയിനുകളുടെ സമയക്രമം മനസ്സിലാക്കി.അങ്ങനെ ഉച്ചക്ക് പരപ്പനങ്ങാടിയില്‍ നിന്നും അന്നത്തെ ലിങ്ക് എക്സ്പ്രെസില്‍  കോയമ്പത്തൂരിലേക്ക്. പുലര്‍ച്ചെ 5.30-നു ആണ് രണ്ടാമത്തെ ട്രെയിന്‍.അതു വരെ എന്തു ചെയ്യും?സ്റ്റേഷനു പുറത്തിറങ്ങി.ശിവാജി സിനിമ കണ്ടു.പിന്നെയും സമയം ബാക്കി.സ്റ്റേഷന്‍ ബെഞ്ചില്‍ കിടന്നുറങ്ങി നേരം വെളുപ്പിച്ചു.5.30 നു ബ്ലൂ മൌണ്ടിന്‍ എക്സ്പ്രസില്‍ മേട്ടുപ്പാളയത്തേക്ക്.കുളിയെല്ലാം ട്രെയിനില്‍ വെച്ച് തന്നെ.അരമണിക്കൂര്‍ യാത്ര. മേട്ടുപ്പാളയം സ്റ്റേഷനോടടുക്കുമ്പോള്‍ അങ്ങകലെ  നീലഗിരിക്കുന്നുകളുടെ വിദൂരകാഴ്ച കാണാമായിരുന്നു.ട്രെയിനില്‍ നിന്നും ചാടിയിറങ്ങി ഊട്ടി ട്രെയിനിനടുത്തേക്ക് ഓടി.അനവധി സിനിമകളില്‍ ഇടം നേടിയ ആ ട്രെയിന്‍ ഞാന്‍ കണ്‍കുളിര്‍ക്കെ കണ്ടു.റിസര്‍വേഷന്‍ ചെയ്യാത്തതിനാല്‍ സാധാരണ ടിക്കറ്റ്‌ എടുക്കേണ്ടി വന്നു.കമ്പ്യൂട്ടര്‍ ടിക്കറ്റ്‌ നിലവിലുണ്ടെങ്കിലും ഈ യാത്രയില്‍ പഴയ "അട്ടക്കഷണം"ടിക്കെടിംഗ് രീതി  തെന്നെയാണ് പിന്തുടരുന്നത്.

   അല്പം ചരിത്രം 

         തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ നീലഗിരി ജില്ലകളിലൂടെ കടന്നുപോകുന്ന പശ്ചിമഘട്ടറെയില്‍വേയാണിത്‌.റാക്ക് ആന്‍ഡ്‌ പിനിയന്‍ സിസ്റ്റം ഉപയോഗിക്കുന്ന ഇന്ത്യയിലെ ഒരേയൊരു റെയില്‍വേ.1908-ല്‍ ആരംഭിച്ച ഈ പത 2000-ല്‍ സതേണ്‍ റെയില്‍വേ,ലാഭകരമല്ലാത്തവയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ഏറ്റെടുക്കാന്‍ സര്‍ക്കാരിനു  റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.2005-ല്‍ UNESCO  ഇതിനെ ലോക പൈത്രുക സ്മാരക പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ ഈ ട്രെയിനിനെ പുറംലോകമറിഞ്ഞു.യാത്രക്കാരുടെ എണ്ണവും കൂടി.നാലു കമ്പാര്‍ട്ട്മെന്റ് ഉള്‍പ്പെടുന്ന ട്രെയിന്‍ പുഷ് ചെയ്തു സഞ്ചരിക്കുന്ന എഞ്ചിന്‍ രീതി സ്വീകരിക്കുന്നു.46കി.മി. പാതയില്‍ 208 വളവുകളും 16 തുരങ്കങ്ങളുംപിന്നിടുന്നു.വേഗത 12കി.മി. മല കയറാന്‍ അഞ്ചു മണിക്കൂറും മലയിറങ്ങാന്‍ മൂന്നര മണിക്കൂറും സമയമെടുക്കുന്നു.

        അഞ്ചു തവണ യാത്ര ചെയ്തിട്ടുണ്ടെങ്കിലും എന്റെ ആദ്യയാത്രനുഭവമാണിവിടെ കുറിക്കുന്നത്.ട്രെയിന്‍ പുറപ്പെടാന്‍ ഇനിയും സമയമുണ്ട്.ക്യാമറയില്‍ "കുറച്ചു"എഞ്ചിന്‍ ചിത്രം പകര്‍ത്തി.ഇന്നത്തെപ്പോലെ വയറുനിറച്ച് ഫോട്ടോയെടുക്കാന്‍ അന്നു ഡിജിറ്റല്‍ ക്യാമറ അത്ര സജീവമായിരുന്നില്ല.സുഹൃത്തില്‍ നിന്നും വാങ്ങിയ യഷിക ഫിലിം റോള്‍ ആയിരുന്നു എന്റെ ക്യാമറ.യാത്രക്കാര്‍ അധികമുണ്ടയിരുന്നില്ല.കൃത്യം 7.10നു തന്നെ ചൂളം വിളിച്ചു ട്രെയിന്‍ യാത്ര ആരംഭിച്ചു.ഭവാനി നദി പിന്നിട്ട്  കല്ലാര്‍ സ്റ്റേഷനിലെത്തി.എന്‍ജിനില്‍ ജലം നിറച്ചു.ഇവിടെ നിന്നാണ് കയറ്റം ആരംഭിക്കുന്നത്.റാക്ക് റെയിലും ഇവിടെ നിന്നു തുടങ്ങുന്നു.അതുവരെ വീടുകളുടെ കാഴ്ച ദൃശ്യമാക്കിയിരുന്ന തീവണ്ടി മെല്ലെ പച്ചപ്പിലേക്ക് ഊളിയിടാന്‍ തുടങ്ങി.ചെറിയ നീര്‍ച്ചാലുകള്‍.തല പുറത്തേക്കിട്ടു നോക്കി.ഹൊ.എത്ര ഉയരത്തില്‍ നിന്നാണവ ഉത്ഭവിക്കുന്നത്.മറ്റു യാത്രക്കാരുടെ ആശ്ചര്യശബ്ദം കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി.മറുവശത്ത് വിശാലമായ പച്ചപുതച്ച മലനിരകളുടെ കാഴ്ച.ക്യാമറയെടുത്ത് നന്നായി ക്ലിക്കി.അതാ ട്രെയിന്‍ ആദ്യ തുരങ്കത്തിലേക്ക് പ്രവേശിക്കുകയാണ്.തുരങ്കത്തില്‍ പലരുടെയും ഉള്ളില്‍ ഉറങ്ങിക്കിടന്ന കുറുക്കന്‍ സടകുടഞ്ഞെഴുനേറ്റ് തനിനിറം പ്രകടിപ്പിച്ചു.തുരങ്കം അവസാനിച്ചതും സുന്ദരവും വടിവൊത്തതുമായ ഒരു പാലത്തിലേക്ക്  ട്രെയിന്‍ പ്രവേശിക്കുകയാണ്.ഓര്‍ക്കുക,കമ്യൂണിസ്റ്റ്കാരനല്ലെങ്കിലും ഇടതുപക്ഷത്തിരുന്നലാണ് ഈ പാലം കൂടുതല്‍ കാണാന്‍ കഴിയുക.ഫോട്ടോയെടുക്കാനുള്ള തന്ത്രപ്പാടിനിടയില്‍ ആ രംഗം കൂടുതല്‍ ആസ്വദിക്കാന്‍ കഴിഞ്ഞില്ല.
         മൂന്നാമത്തെ തുരങ്കത്തിനടുത്തു ട്രെയിന്‍ നിര്‍ത്തി.ഇത് ഒരു വാട്ടര്‍ സ്റ്റോപ്പ്‌ ആണ്.എല്ലാവരുംകൂടി പുറംകാഴ്ചകള്‍ കാണാന്‍ പുറത്തിറങ്ങി.റിസര്‍വേഷന്‍ കോച്ചില്‍ നിന്നും ഇറങ്ങിയ വിദേശികളെ അപ്പോഴാണ് കണ്ടത്. നമ്മെക്കാള്‍ അഭിമാനംകൊള്ളുന്നതു അവരായിരിക്കും.കാരണം,അവരുടെ മുന്‍ തലമുറയുടെ സംഭാവനയണല്ലോ ഈ യാത്ര.എഞ്ചിന്‍ തണുപ്പിച്ചു ട്രെയിന്‍ കുതിച്ചു.
        ദില്‍സേ യിലെ "ചയ്യ"' ചയ്യ"ഗാനം ഓര്‍മയില്ലേ .ഈ സെക്ടെറിലാണു അതു ചിത്രീകരിച്ചത്.ഏഷ്യയിലെ ഏറ്റവും കുത്തനെയുള്ള കയറ്റം ഈ പാതയിലാണ്.കിതക്കുന്ന എഞ്ചിന്‍ കിതപ്പറിയിക്കാതെ മല കയറുകയാണ്.നൂറു വര്‍ഷത്തോളം പഴക്കമുള്ള ആവി എന്‍ജിന്റെശക്തിക്കു ബ്രിട്ടീഷ്‌ സാങ്കേതികവിദ്യയോട് നമ്മള്‍ തല കുനിച്ചു പോകും.
         18കി.മി.അകലെയുള്ള ഹില്‍ഗ്രോവ് സ്റ്റേഷന്‍. ചെറിയ സ്നാക്സ് കഴിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്.കുരങ്കന്മാരുടെ ലോകമഹാ സമ്മേളനവും നടക്കുന്നത് ഇവിടെയാണ്.റണ്ണിമേഡ്,കതേരി റോഡ്‌ ഇവിടൊക്കെ സ്റ്റോപ്പുണ്ടെങ്കിലും യാത്രക്കാര്‍ കയറിയിറങ്ങുന്നില്ല.യാത്രയില്‍ ഒരു പാറ ട്രെയിനിന്റെ മുകളിലേക്ക് തള്ളി നില്‍ക്കുന്നത് കണ്ടു.ഊട്ടിയുടെ യഥാര്‍ത്ഥ സൌന്ദര്യം ഈ യാത്രയിലാണ്.അത്ര സുന്ദരമാണ് ഇതിലെ കാഴ്ച്ചകള്‍.മലകള്‍,അതിനപ്പുറത്തെ മലകള്‍.അതിനപ്പുറത്തേക്ക്കണ്ണുകള്‍ക്ക്‌ വിസിബിലിറ്റി കിട്ടുന്നില്ല. ഇതെന്താണിത്ര  കാണാന്‍?എന്തായാലും കാടല്ലേ.ആദ്യമായി ഫുട്ബോള്‍ കണ്ടവന്‍,ഇതെന്ത് ഒരു പന്തിന്റെ പിന്നാലെ പത്തിരുപതു പേര്‍ വെറുതെ ഓടിക്കളിക്കുന്നു എന്നു പറഞ്ഞതു പോലെ  യാത്ര ആസ്വദിക്കുന്നതിനു പകരം കൂര്‍ക്കംവലിച്ചുറങ്ങുന്ന അറുബോറന്മാരെയും കാണാം.ക്യാമറ ഒരു ഉപകരണം മാത്രം. പലപ്പോഴും കാഴ്ച ആസ്വദിക്കുന്നതിനു ക്യാമറ തടസ്സമാകുന്നു.മൂന്നര മണിക്കൂര്‍ യാത്രയോടെ കുന്നൂരെത്തി.ഈ പാതയിലെ പ്രധാനസ്റ്റേഷന്‍ ആണിത്.റാക്ക് റെയില്‍ ഇവിടെ അവസാനിക്കുന്നു
.ചെറിയൊരു തണുപ്പിന്റെ മണമടിക്കുന്നു.സ്റ്റേഷനോടടുക്കുമ്പോള്‍ കിലുക്കത്തിലെ ക്ലയ്മാക്സ്‌ സീന്‍ ഓര്‍മ്മയില്‍ മിന്നിത്തെളിഞ്ഞു.അവിടെ വച്ചു ആവി എഞ്ചിന്‍ മാറ്റി ഡീസല്‍ എഞ്ചിന്‍ ഫിറ്റു ചെയ്തു.അതുവരെയുള്ള യാത്രയുടെ അനുഭവം മാറി.ചെങ്കുത്തായ മലനിരകള്‍ പിന്നിട്ടു യൂക്കാലിപ്റ്റസ് മരങ്ങള്‍ക്കിടയിലൂടെ ട്രെയിന്‍ കുതിക്കാന്‍ തുടങ്ങി.നല്ല സുഗന്ധവും.തണുപ്പ് ചെറുതായി ശരീരത്തെ കിടുക്കാന്‍ തുടങ്ങിയിരുന്നു. ഊട്ടിയിലെ പ്രസിദ്ധമായ സ്കൂളുകള്‍,മദ്രാസ്‌ രെജിമെന്റിന്റെ ആസ്ഥാനം,പണക്കാരുടെ വിനോദകേന്ദ്രങ്ങള്‍ എല്ലാം ഈ പാതക്കരികത്താണ്.
         12.00 മണിയോടെ ഊട്ടിയിലെത്തി.സ്റ്റേഷനിലിറങ്ങിയതും തണുപ്പ് അതികഠിനമായി.(ശേഷം നാലു തവണ വന്നപ്പോഴും ഇത്ര തനുപ്പനുഭവപ്പെട്ടിട്ടില്ല).സ്റ്റേഷന്‍ പരിസരത്തു നിന്നും കുറച്ചു പഴവും ആപ്പിളും വാങ്ങി.ഫ്രിഡ്ജില്‍ നിന്നെടുത്തപോലെ.അങ്ങിങ്ങു മേല്ക്കോട്ടു ധരിച്ച സ്ത്രീകളെയും സ്കൂള്‍ കുട്ടികളെയും കാണാം.മേട്ടുപ്പാളയത്തെ 330മി സമുദ്രനിരപ്പില്‍ നിന്നും  ഊട്ടിയിലെ 2200മി.ഉയരത്തിലേക്കാണ്ഈ എഞ്ചിന്‍ നമ്മെ വഹിച്ചുകൊണ്ട് വന്നിരിക്കുന്നത്.ബ്രിട്ടീഷ്‌ എന്ജിനായ നമഹ:  
         ട്രെയിനില്‍ കയറണമെന്ന ഉദ്ദേശം മാത്രമായിരുന്നതിനാല്‍ 3.00 മണിക്കുള്ള മടക്കട്രെയിനില്‍ തന്നെ തിരിക്കണം,വേഗംതന്നെ അടുത്തുള്ള ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചു.ചെറുതായി തടാകത്തില്‍ ഒരു സന്ദര്‍ശനം നടത്തി മടങ്ങി.  മടക്കയാത്രയും ഓര്‍ഡിനറി ടിക്കറ്റില്‍ തന്നെ.സീറ്റ് പിടിക്കാന്‍ ചെറിയൊരു ബലപ്രയോഗം വേണ്ടി വന്നു.മലയിറങ്ങുമ്പോള്‍ തണുപ്പിന്റെ കാഠിന്യം മെല്ലെ കുറഞ്ഞു വന്നു.പിന്നെയും കുന്നൂര്‍ എഞ്ചിന്‍ മാറ്റം.ആവിയാശാന് ഇപ്പോള്‍ ശകലം സ്പീടുണ്ട്.ചെറിയൊരു മഴ ചാറുന്നുമുണ്ട്.മേട്ടുപ്പാളയത്തെത്താറായപ്പോള്‍ കണ്ടതെല്ലാം സ്വപ്നമായിരുന്നോ എന്നു തോന്നി.കാരണം,  .മേട്ടുപ്പാളയത്തെ കാഴ്ചയും കഴിഞ്ഞ നാലഞ്ചു മണിക്കൂര്‍ മുന്‍പ് കണ്ട കാഴ്ചകളും ദിനരാത്രവ്യത്യാസം.
         തുടക്കയത്രയില്‍ ഇടതുവശത്തും മടക്കയാത്രയില്‍ എതിര്‍വശത്തുമാണ് നിങ്ങളുടെ സീറ്റ് എങ്കില്‍ ആ ദിവസത്തെ ഭാഗ്യവാനായ യാത്രക്കാരന്‍ നിങ്ങളായിരിക്കും.ക്യാമറയില്ലെങ്കില്‍ യാത്ര കൂടുതല്‍ ആസ്വാദ്യകരമാക്കാമായിരുന്നു എന്നു തോന്നും.ഇല്ലെങ്കില്‍, ഹാ-നഷ്ടം എന്നും.കിലുക്കം  സിനിമയില്‍ മോഹന്‍ലാലിന്റെ ഡയലോഗ് ഓര്‍മ്മയില്ലേ. വെറും അഞ്ഞൂറ് ഉലുവയും കൊണ്ട് ഊട്ടി തെണ്ടാനിറങ്ങിയിരിക്കുന്നു എന്ന് .സത്യം.എന്റെ ഈ യാത്രക്ക് ചെലവായത് വെറും 500രൂപയായിരുന്നു