2015, ജൂൺ 27, ശനിയാഴ്‌ച

FINAL DESTINATION



               പാസ്പോര്‍ട്ടും വിസയുമില്ലാതെ ലോകം ചുറ്റിയ ഇബനു ബത്തൂത്തയുടെ യാത്രാവിവരണങ്ങളില്‍ പോലും സ്വന്തം ഭവനത്തിലേക്കുള്ള ഗൃഹാതുരത്വത്തിന്റെ മനോഹരമായ ഓര്‍മ്മക്കുറിപ്പുകള്‍‍ കാണാം.നാട്ടിലേക്കുള്ള യാത്രയില്‍ എയര്‍പോര്‍ട്ടിലെ വെയിറ്റിംഗ് ലോഞ്ചില്‍ സെക്കന്റുകള്‍ക്കു കനം കൂടുന്നതിന്റെ കാരണവും മറ്റൊന്നല്ല.പലദേശങ്ങള്‍ ചുറ്റിക്കറങ്ങിയാലും വീട്ടിലേക്കുള്ള യാത്രയില്‍ യാത്രികന്റെ മനസ്സ് ആര്‍ദ്രമാകുന്നു.അതു പ്രണയത്തിന്റെയും വിരഹത്തിന്റെയും കാത്തിരിപ്പിനു അറുതി വരുത്താനാവാം,മാതാവിന്റെ സ്നേഹസ്പര്‍ശനങ്ങള്‍ കൊതിച്ചിട്ടാവാം,വാക്കുകളില്‍ ഉള്‍ക്കൊള്ളിക്കാനാവാത്ത മറ്റു പലതും കൊണ്ടാവാം.
(ഹൌറയില്‍ നിന്നും നാട്ടിലേക്കുള്ള യാത്രാമദ്ധ്യേ കഞ്ചിക്കോട് വച്ചു പകര്‍ത്തിയത്.)

കണ്ണറപ്പാലം

             

                 റെയിലും ദേശീയ പാതയും പുഴയും സമാന്തരമായി വരുന്ന ഒരു അപൂര്‍വ്വ കാഴ്ചയായിരുന്നു അത്.കേരളത്തില്‍ നിന്നും തമിഴ്നാട്ടിലെ ചെങ്കോട്ടയിലേക്കുള്ള യാത്രയില്‍ സഹ്യന്‍റെ മാറിലെ അനേകം മലകളിലൊന്നായ ആര്യങ്കാവിലെ രണ്ടര കിമി തുരങ്കം തുളച്ചുകയറി ഈ പാലത്തിലേക്കു വളഞ്ഞു നീങ്ങുന്ന തീവണ്ടിയുടെ മനോഹര ചിത്രങ്ങള്‍ എത്ര ക്യാമറാക്കണ്ണുകള്‍ ഒപ്പിയെടുത്തിരിക്കുന്നു. ഇന്ത്യയിലെ എല്ലാ പാതയും ബ്രോഡ് ഗേജ് ആക്കുന്നതിന്‍റെ ഭാഗമായി ഇതും 2010ല്‍ നിര്‍ത്തലാക്കിയപ്പോള്‍ ഈ യാത്രയും ഈ പാലത്തിനേയും സ്നേഹിക്കുന്നവര്‍ക്ക് ഒരേയൊരു പ്രാര്‍ത്ഥനയെ ഉണ്ടായിരുന്നുള്ളൂ.പാത വീതി കൂട്ടുമ്പോള്‍ ഇതിന്‍റെ തനിമ പഴയതു പോലെ തന്നെ നിലനിര്‍ത്തണേ എന്ന്‍.എന്നാല്‍ ഈ റൂട്ടിലെ പല പാലങ്ങളിലും നൂറ്റിപ്പത്തു വര്‍ഷങ്ങളുടെ  കാലപ്പഴക്കത്തിന്‍റെ പേരില്‍ ബെല്‍റ്റുകളിട്ടു.എന്നാല്‍  1891ല്‍ പതിമൂന്നു ആര്ച്ചുകളില്‍ സിമ്ന്റും കമ്പിയും ചേര്‍ക്കാതെ പണി തീര്‍ത്ത ഈ ബ്രിട്ടീഷ് കരവിരുതിനു വേണ്ടി നാടൊന്നാകെ അണി നിരന്നതിന്‍ ഫലമായി ദേശീയപാതയോടു ചേര്‍ന്നു വരുന്ന ഭാഗം ഒഴിവാക്കി ആവരണം നിര്‍മിക്കാന്‍ അവസാനം റെയില്‍വേ സമ്മതം മൂളിയിരിക്കുന്നു.മൂന്നു തവണ യാത്ര ചെയ്ത എനിക്കു ഇതിലെ യാത്ര ഇന്നലെ കഴിഞ്ഞതു പോലെ.ഈ റൂട്ടിലെ ഗേജ് മാറ്റം വേഗം പൂര്‍ത്തിയാകാന്‍  ഈ നാട്ടുകാരെപ്പോലെ തന്നെ എന്നിലെ ഒരു പതിനാറുകാരനും പ്രത്യാശിക്കുന്നു.
സുഹൃത്തായ ഫഹദിന്റെ യാഷിക സെല്ലുലോയിഡില്‍ 2006ല്‍എടുത്ത ചിത്രം

2015, മേയ് 29, വെള്ളിയാഴ്‌ച

റെയില്‍വേ (ട്രെയിന്‍) ടിക്കറ്റ് എങ്ങനെ റിസര്‍വേഷന്‍ ചെയ്യാം? How to do easy train ticket reservation?


                                  ---ഇന്‍ഫോര്‍മേഷനു വേണ്ടി---


                                

              സാമൂഹികമായി ജീവിക്കുന്ന ഒരു മലയാളിക്ക് ഒഴിവാക്കാനാവാത്തതാണ് ട്രെയിന്‍ യാത്രകള്‍.എനിക്കാണെങ്കില്‍ എന്‍റെ  ജീവിതത്തിന്‍റെ ഭാഗവും.എന്നാല്‍ റിസര്‍വേഷനും വെയിറ്റിംഗ് ലിസ്റ്റും താത്ക്കാലും പലര്‍ക്കും ഒരു കീറാമുട്ടി പോലെ തോന്നാറുണ്ട്,അങ്ങനെയല്ലെങ്കിലും.നാട്ടിലുള്ള പല സുഹൃത്തുക്കളും പലപ്പോഴും ചില റെയില്‍വേ സംശയങ്ങള്‍ എന്നോട് ചോദിക്കാറുണ്ട്.കൂടുതലും റിസര്‍വേഷനുമായി ബന്ധപ്പെട്ടതു തന്നെ.എനിക്ക് അറിയാവുന്ന വിവരങ്ങള്‍ എന്‍റെ ബ്ലോഗ്ഗര്‍  സുഹൃത്തുക്കളുമായും ഞാന്‍ പങ്കുവയ്ക്കാനാഗ്രഹിക്കുന്നു.

(വായനക്കാരോട്,ഞാന്‍ ഒരു റെയില്‍വേ ഉദ്യോഗസ്ഥനോ ജീവനക്കാരനോ അല്ല.ചെറുപ്പം മുതല്‍ തനിയേയും കൂട്ടുകാരോടുമൊപ്പം ദീര്‍ഘദൂര ട്രെയിന്‍ യാത്രകള്‍ ശീലിച്ചയാളാണ്.എന്‍റെ ട്രെയിന്‍ അനുഭവങ്ങളില്‍ നിന്നും റെയില്‍വേ അനുബന്ധ സൈറ്റുകളില്‍ നിന്നുമുള്ള വിവരങ്ങള്‍ കോര്‍ത്തിണക്കിയാണ് ഈ കുറിപ്പ് തയ്യാറാക്കിയത്. തെറ്റായ വിവരങ്ങള്‍ ഇതില്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അവ എന്നെ അറിയിക്കൂ,തിരുത്താം.റെയില്‍വേയുടെ തന്നെ വെബ്സൈറ്റുകളും മൊബൈല്‍ ആപ്ലിക്കേഷനും ഇതില്‍ വിവരങ്ങള്‍ നല്‍കാന്‍ നിങ്ങളെ സഹായിക്കുമെങ്കിലും സ്റ്റെഷനുമായി ബന്ധപ്പെട്ടു വിവരങ്ങള്‍ ശരിയാണോ എന്നു അന്വേഷിച്ചു ഉറപ്പിക്കുന്നതാവും ഉചിതം).

[വായന കൂടുതല്‍  ആവശ്യമായ ലിങ്കുകളും വെബ്സൈറ്റുകളും  SKY BLUE കളറില്‍ കൊടുത്തിട്ടുണ്ട്.Desktop ഉപയോഗിക്കുന്നവര്‍ അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഈ ബ്ലോഗ്‌ നിലനിര്‍ത്തിക്കൊണ്ട് തന്നെ ലിങ്ക് അടുത്ത Tabല്‍ തുറക്കുന്നതായിരിക്കും.
റെയില്‍വേയുടെ ചില സാങ്കേതിക പദങ്ങള്‍ വായനക്കിടെ മനസ്സിലായില്ലെങ്കില്‍ ആശയക്കുഴപ്പത്തില്‍  ആവേണ്ടതില്ല.അവ തുടര്‍ന്നുള്ള അധ്യായങ്ങളില്‍ വിവരിക്കുന്നതായിരിക്കും. ]

                      ഞാന്‍ ആദ്യമായി 2005ല്‍ തിരൂരില്‍ നിന്നും കൊല്ലത്തേക്ക് റിസര്‍വ് ചെയ്യുമ്പോള്‍ സ്റ്റാറ്റസ് അറിയാനുള്ള മാര്‍ഗം അറിയില്ലായിരുന്നു.ഇടയ്ക്കിടയ്ക്കുള്ള ദിവസങ്ങളില്‍ തിരൂരില്‍ പോയി ചെക്ക് ചെയ്തു വരുമായിരുന്നു.Mobileല്‍ sms ചെയ്തു നോക്കാനുള്ള വിവരം അന്ന്‍ എനിക്കില്ലായിരുന്നു.അന്നു 60 ദിവസം മുമ്പ് റിസര്‍വ് ചെയ്യാമായിരുന്നെങ്കില്‍ ഇന്ന്‍ 120 ദിവസം മുമ്പ് ചെയ്യാം.അന്ന് ഐഡന്റിറ്റി കാര്‍ഡ് ആവശ്യമില്ലാതിരുന്നെങ്കില്‍ ഇന്ന്‍ തിരിച്ചറിയല്‍ രേഖ ഇല്ലാത്ത ട്രെയിന്‍ യാത്ര ടിക്കറ്റ് ഇല്ലാത്ത യാത്ര പോലെ കുറ്റകരം. പറഞ്ഞു വരുന്നത് ഭാരതീയ റെയില്‍വേയുടെ നിയമങ്ങള്‍ ഓരോ സമയത്തും മാറി മാറി വരുന്നു.അതിനാല്‍ up-to-date ആയ വിവരങ്ങള്‍ അറിഞ്ഞു വെക്കുന്നത് കൂടുതല്‍ ഉപകരിക്കും.
           
                എപ്പോഴും മുന്‍കൂട്ടി പ്ലാന്‍ ചെയ്തു റിസര്‍വേഷന്‍ ഉറപ്പിച്ചു യാത്ര പോകുന്നതാണ് ഉചിതം.പണ്ടത്തെപ്പോലെ സ്ഥിതിവിവരക്കണക്കുകള്‍ അറിയാന്‍ സ്റ്റേഷനില്‍ തന്നെ പോകണമെന്നില്ല.നൂറു കണക്കിനു സൈറ്റുകള്‍ വിരല്‍ത്തുമ്പില്‍ ഉണ്ട്.അതില്‍ ഏറ്റവും ഉപകാരപ്പെട്ടത്‌ എന്നു എനിക്ക് തോന്നിയത് indiarailinfo.com ആണ്. സൈറ്റും ഉപകാരപ്രദം തന്നെ. അതു ഓപ്പണ്‍  ചെയ്തു ഏതെങ്കിലും ഒരു റൂട്ട് സെര്‍ച്ച് ചെയ്തു സീറ്റ് ലഭ്യത നമുക്ക്  പരീക്ഷിക്കാം.ആദ്യം കടുപ്പമെന്നു തോന്നിക്കുമെങ്കിലും വളരെ വളരെ വളരെ ഉപകാരപ്രദമായ വിവരങ്ങള്‍ നല്‍കുന്ന ഒരു സൈറ്റ് ആണിത്.

 വിവിധ ക്ലാസുകള്‍,വിവിധതരം തീവണ്ടികള്‍.യാത്രാ നിരക്ക്,റിസര്‍വേഷന്‍ ചെയ്യേണ്ട രീതി,ടിക്കറ്റിന്റെ സ്റ്റാറ്റസ് തുടങ്ങി ട്രെയിന്‍ യാത്രയുമായി ബന്ധപ്പെട്ടതെല്ലാം ഓരോ അദ്ധ്യായങ്ങളായി താഴെ കൊടുത്തിരിക്കുന്നു.

         

തീവണ്ടിയിലെ വിവിധ ക്ലാസ്സുകള്‍ 

          കാണുമ്പോള്‍ എല്ലാ കോച്ചുകളും ഒരേ പോലെ തോന്നിക്കുമെങ്കിലും അവ സീറ്റ്/ബെര്‍ത്ത്  സൌകര്യങ്ങളുടെ വ്യത്യാസത്തില്‍ യാത്രാനിരക്കും വ്യത്യാസപ്പെട്ടിരിക്കും.കൂളിംഗ് ഗ്ലാസോടു കൂടിയ വിന്‍ഡോകളായിരിക്കും AC കോച്ചുകള്‍ക്ക് ഉണ്ടാവുക.അല്ലാത്തവയ്ക്ക്‌ ഗ്രില്ലുകളോടു കൂടിയവയും.എല്ലാ കോച്ചുകളിലും അടിയന്തിര ഘട്ടങ്ങളില്‍ എളുപ്പം പുറത്തു കടക്കാനാവുന്ന തരത്തിലുള്ള Emergency Exit Windowകളും ഉണ്ടാവും.
          ഓരോരോ ക്ലാസുകളുടെയും  കോഡുകള്‍  ഫോമുകള്‍,സ്റ്റെഷനുകള്‍,ടിക്കറ്റ് എന്നിവയിലൊക്കെ ഒരു രീതിയിലും തീവണ്ടികളില്‍ വ്യത്യസ്തമായി വേറൊരു രീതിയിലുമാണ് കാണിക്കുക.അവയോരോന്നും  താഴെയുള്ള കോച്ച് ഡയഗ്രാമുകളിലെ തലക്കെട്ടില്‍ വിവരിക്കുന്നുണ്ട്. ഇവയും മനസ്സിലാക്കി വെയ്ക്കുക.

    Second Class (II) കോച്ചുകളില്‍ കാണുന്നത് [UR,II,GS ] AC ഇല്ല 


                 സാധാരണയായി ട്രെയിന്‍ പുറപ്പെടുന്നതിന്‍റെ തൊട്ടു മുമ്പ് അല്ലെങ്കില്‍ 24 മണിക്കൂറിനുള്ളിലായി  ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന ക്ലാസുകള്‍ക്ക് Second Class,Ordinary Class,Unreserved Class,Chair Car എന്നൊക്കെ  പറയുന്നു.ദീര്‍ഘദൂര തീവണ്ടികളുടെ അവസാനത്തെ രണ്ടു ബോഗികളും എഞ്ചിനോട് ചേര്‍ന്ന 90 സീറ്റുകളോടു കൂടിയ രണ്ടു  ബോഗികളുമാണ് സെക്കന്ഡ് ക്ലാസ് കമ്പാര്‍ട്ട്മെന്റുകള്‍.എല്ലാ ട്രെയിനുകള്‍ക്കും അവസാനത്തെ ബോഗിയോടു ചേര്‍ന്ന് ഒരു ലേഡീസ് സെക്കന്ഡ് ക്ലാസ് കോച്ചും ഒരു വികലാംഗര്‍ക്കുള്ള  കോച്ചും കാണും.ഈ കോച്ചുകളില്‍ മറ്റുള്ളവര്‍ക്കു പ്രവേശനമില്ല.ഹൃസ്വദൂര/പകല്‍വണ്ടികളില്‍ 108 സീറ്റുകളോടു കൂടിയ ചെയര്‍ കാര്‍ (CC) കോച്ചുകളാകും കൂടുതല്‍ ഉണ്ടാവുക.

    Second Class Sitting (2S,) കോച്ചുകളില്‍ [,D1,D2....D5, etc.] AC ഇല്ല

              സെക്കന്ഡ് ക്ലാസില്‍ സീറ്റ് മാത്രം റിസര്‍വേഷന്‍ ചെയ്തു യാത്ര ചെയ്യാനുള്ള കോച്ചുകളാണിത്.പകല്‍ വണ്ടികള്‍ക്കാണ് ഈ കോച്ച് കൂടുതല്‍ ഉണ്ടാവുക.ഈ ക്ലാസ് മുതലുള്ള എല്ലാ ക്ലാസുകളും റിസര്‍വേഷന്‍ ചെയ്തു മാത്രം യാത്ര ചെയ്യാനുള്ളതാണ്. 

     Sleeper Class (SL) കോച്ചുകളില്‍ [S1,S2......S10,S11,etc] AC ഇല്ല

                   Passenger, Mail/Express,S.F.Express,Sampak Kranti  തുടങ്ങിയ  തീവണ്ടികളില്‍ കാണുന്ന ഒരു സാധാരണ കോച്ചാണിത്.സെക്കന്ഡ് ക്ലാസില്‍ ഉറങ്ങാനുള്ള സൌകര്യം കൂടി ഏര്‍പ്പെടുത്തിയതും എന്നാല്‍ കൂടുതല്‍ വിശാലതയോടെ ഇരിക്കാനുമുള്ള  ഒരു ബോഗി എന്നും വേണമെങ്കില്‍ പറയാം.എന്നാല്‍ സെക്കന്‍ഡ് ക്ലാസിനെക്കള്‍ നിരക്ക് കൂടുതലാണിതിന്.പകല്‍ സമയങ്ങളില്‍ ഇരുന്നു യാത്ര ചെയ്യുകയും രാത്രിയില്‍ മധ്യഭാഗത്തുള്ള ബെഡ് ഫോള്‍ഡ്‌ ചെയ്തു എല്ലാവര്ക്കും ഉറങ്ങാനുമുള്ള സൌകര്യവും ഇതിനുണ്ട്. റിസര്‍വേഷന്‍ കോച്ചാണെങ്കിലും ചില സെക്ഷനുകളില്‍ ടിക്കറ്റ് കൌണ്ടറില്‍ നിന്നും വെറും Sleeper ടിക്കറ്റ് എടുത്ത് ഈ കമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്യാം.
       
   ഉദാഹരണത്തിനു 12618 Mangala S/F Exp.(Delhi-Ernakulam) ട്രെയിന്‍ ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ടു മൂന്നാം ദിവസമാണു കോഴിക്കോട് എത്തുന്നത്(Arrival-07:00).സാധാരണ ഗതിയില്‍ ഈ സെക്ഷനില്‍ (Kozhi-Erna) സ്ലീപ്പര്‍ റിസര്‍വേഷന്‍ ചെയ്യാറില്ല.കോഴിക്കോട് എത്തുമ്പോഴേക്കും സ്ലീപ്പര്‍ ബോഗികള്‍ കാലിയായിത്തുടങ്ങും.ഓഫീസ് സമയം ആയതിനാല്‍ കോഴിക്കോട്  നിന്നും ഏറണാകുളം(Arrival-11:50) വരെയുള്ള നിത്യ യാത്രക്കാര്‍ ഇതില്‍ യാത്ര ചെയ്യാറുണ്ട്.കൌണ്ടറില്‍ നിന്നും "മംഗളയ്ക്ക് ഒരു സ്ലീപ്പര്‍ ടിക്കറ്റ്" എന്നു പറഞ്ഞാല്‍ സെക്കന്റ്‌ ക്ലാസിനേക്കാള്‍ കുറച്ചു കൂടിയ നിരക്കിലുള്ള ടിക്കറ്റ് ലഭിക്കും.എന്നാലെന്താ തിരക്കേറിയ സെക്കന്‍ഡ് ക്ലാസിനേക്കാള്‍ കുറച്ചു കൂടി സൌകര്യപ്രദമായി ഇരുന്നു യാത്ര ചെയ്യാമല്ലോ.

    Chair Car (CC) കോച്ചുകളില്‍ [C1,C2 etc.] AC ഉണ്ട്.

                 സെക്കന്‍ഡ് ക്ലാസിന്റെ AC വേര്‍ഷന്‍ ആണിത്.ശതാബ്ദി പോലെയുള്ള ട്രെയിനുകളില്‍ ഈ കോച്ചില്‍ ഭക്ഷണപാനീയങ്ങളും നല്‍കാറുണ്ട്.എല്ലാ തരത്തിലുള്ള AC കോച്ചുകള്‍ക്കും ഗ്ലാസ് കൊണ്ടുള്ള വിന്‍ഡോകള്‍ ആയിരിക്കും ഉണ്ടാവുക. ഗരീബ് രഥ്‌ ട്രെയിനുകളില്‍ ഈ കോച്ചുകളില്‍ J1,J2..തുടങ്ങിയ ശ്രേണിയില്‍ ആയിരിക്കും നമ്പര്‍ ഉണ്ടാവുക. 

    Executive Class (EC) കോച്ചുകളില്‍ [E1,E2 etc.] AC ഉണ്ട് 

              ഇരുന്ന്‍ യാത്ര ചെയ്യാവുന്നതും എന്നാല്‍ AC ചെയര്‍ കാറിനേക്കാള്‍ കൂടുതല്‍ സൗകര്യവും സീറ്റുകള്‍ തമ്മിലുള്ള അകലം കൂടുതലുള്ളതുമായ കോച്ച്.
 

    AC 3-Tier തേര്‍ഡ് എസി (3A) കോച്ചുകളില്‍  [B1,B2, etc.].

               സ്ലീപ്പര്‍ ക്ലാസിന്റെ AC വേര്‍ഷന്‍.എന്നാല്‍ കൂടുതല്‍ സൌകര്യവും രാത്രി യാത്രക്കാര്‍ക്ക് തലയിണയും പുതപ്പും ബെഡ് ഷീറ്റും അധിക ചാര്‍ജ്ജ് ഈടാകാതെ തന്നെ നല്‍കുന്നു.8 ക്യാബിനുകളില്‍ 8 യാത്രക്കാരുമായി 64 പേര്‍ക്ക് യാത്ര ചെയ്യാം.Third AC മുതല്‍ മുകളിലേക്കുള്ള എല്ലാ ക്ലാസുകളിലും തലയിണയും മറ്റും നല്‍കുന്നു.

    AC 3-Tier-Economy (3E) കോച്ചുകളില്‍ [G1,G2......G8,G9, etc.] AC ഉണ്ട്

               ഗരീബ് രഥ്‌ ട്രെയിനില്‍ മാത്രം കാണുന്ന തേര്‍ഡ് എസി.ഇതില്‍ തലയിണയും മറ്റും നല്‍കുന്നതല്ല.എന്നാല്‍ അധിക ചാര്‍ജ്ജ് നല്‍കി വാങ്ങി ഉപയോഗിക്കാവുന്നതാണ്.9 ക്യാബിനുകളില്‍ 9 യാത്രക്കാരുമായി 78 പേര്‍ക്ക് യാത്ര ചെയ്യാം.സാധാരണ ട്രെയിനുകളില്‍ നിന്നും വ്യത്യസ്തമായി രണ്ടു പേര്‍ക്കു ഫെയ്സ് റ്റു ഫെയ്സ് സീറ്റുകള്‍ക്കിടയിലായി പുതിയൊരു സീറ്റ് കൂടി ഫിറ്റ്‌ ചെയ്തിരിക്കുന്നു.എന്നാല്‍ ഈ രീതി വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നു പരക്കെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്.എന്നാല്‍ 3-Tier ACയെ അപേക്ഷിച്ചു ഇതില്‍ യാത്രാ നിരക്ക് കുറവാണ്.

    AC 2-Tier Second AC (2A) കോച്ചുകളില്‍ [1A,2A,etc.]  

                തേര്‍ഡ് എസിയേക്കാള്‍ കൂടുതല്‍ സ്ഥലസൗകര്യം.സ്വകാര്യതയ്ക്ക് വേണ്ടി സീറ്റുകള്‍ക്കിടയില്‍ കര്‍ട്ടനും തൂക്കിയിട്ടിരിക്കുന്നു. 8 ക്യാബിനുകളില്‍ 4 യാത്രക്കാരുമായി 46 പേര്‍ക്ക് യാത്ര ചെയ്യാം.

    First Class (FC) കോച്ചുകളില്‍ [F1,F2,etc.] AC ഇല്ല 

                First ClassACക്കും Second Class ACക്കും ഇടയിലാണ് ഇതിന്‍റെ യാത്രാ നിരക്ക്.പുതുതായി ഇറങ്ങുന്ന ട്രെയിനുകള്‍ക്ക് ഈ കോച്ച് ഉണ്ടാവാറില്ല.നിലവില്‍ വളരെ കുറച്ചു ട്രെയിനുകള്‍ക്കു മാത്രമേ First Class ഉള്ളൂ.ബോഗിക്കുള്ളില്‍ തന്നെ  മുറി(കൂപ്പ)കള്‍ പോലെയുള്ളതില്‍  4 പേര്‍ക്കും(family) 2 പേര്‍ക്കും (couple coupe) യാത്ര ചെയ്യാം.സ്വകാര്യതയ്ക്ക് എല്ലാ കൂപ്പയ്ക്കും വാതിലുകളും ഉണ്ടാവും.

    First Class AC (1A) കോച്ചുകളില്‍  [H1,H2,etc.]

              ഇന്ത്യന്‍ റെയില്‍വേയിലെ ഏറ്റവും നിരക്ക് കൂടിയതും Highly Privacy ആയതുമായ കോച്ച്.ഇതിലെ യാത്രാനിരക്ക് അതേ റൂട്ടിലെ വിമാനടിക്കറ്റിന്റെ അടുത്തായിട്ടു വരും.ദീര്‍ഘദൂര ട്രെയിനുകളില്‍ മാത്രം ഈ സംവിധാനം കാണുന്നു.കൂപ്പയില്‍ 2/4 പേര്‍ക്ക്സഞ്ചരിക്കാന്‍ സൌകര്യമുള്ളത്


                               സെക്കന്‍ഡ് ക്ലാസ് ടിക്കറ്റുകള്‍                             

                    (Ordinary Ticket,II Class Ticket,Unreserved Ticket)   

             Durornto/Rajdhani,Shatabdi,Jan Shatabdi,Garib Rath ട്രെയിനുകളിലൊഴിച്ചു ബാക്കിയെല്ലാ തീവണ്ടികളിലും ഉപയോഗിക്കാവുന്ന നിരക്കു കുറഞ്ഞ ടിക്കറ്റുകള്‍ ആണിത്.ഈ ടിക്കറ്റിനു 24 മണിക്കൂര്‍ സമയപരിധിയേ ഉള്ളൂ.മറ്റൊരു തരത്തില്‍പ്പറഞ്ഞാല്‍ ഇന്നു രാവിലെ ആറു മണിക്ക് കോഴിക്കോട് നിന്നും ഏറണാകുളത്തേക്ക് സെക്കന്ഡ് ക്ലാസ് ടിക്കറ്റ് എടുത്താല്‍ നാളെ രാവിലെ ആറു മണിക്ക് മുമ്പായി കോഴിക്കോട് സ്റ്റേഷനില്‍  നിന്നും എറണാകുളത്തേക്ക് പോകുന്ന ഏതു ട്രെയിനിലെയും  എല്ലാ  സെക്കന്‍സ് ക്ലാസ് കമ്പാര്‍ട്ട്‌മെന്റിലും യാത്ര ചെയ്യാം.
            കോഴിക്കോട് നിന്നും ഏറണാകുളത്തേക്ക് പോകാനെന്നിരിക്കട്ടെ.എന്നാല്‍ അവിടേക്ക് ഇപ്പോള്‍ തീവണ്ടി ഇല്ല.എന്നാല്‍ ഷൊര്‍ണൂര്‍ വഴി കോയമ്പത്തൂരിലേക്കു പോകുന്ന ട്രെയിന്‍ ഉണ്ട്.ഷൊര്‍ണൂരില്‍ നിന്നും എറണാകുളത്തേക്കു പോകുന്ന വേറെ തീവണ്ടിയില്‍ അവിടെനിന്നും നിങ്ങള്‍ക്കു മാറിക്കയറി യാത്ര ചെയ്യാം.ടിക്കറ്റ് കൌണ്ടറില്‍ ഏറണാകുളത്തേക്ക് കണക്ഷന്‍ ട്രെയിനിനു ടിക്കറ്റ് വേണം എന്നു പറഞ്ഞാല്‍ മതി.
   
            എന്നാല്‍ സെക്കന്‍ഡ് ക്ലാസ് ടിക്കറ്റുകളും പാസഞ്ചര്‍,എക്സ്പ്രസ്
ട്രെയിനുകളുടെ (വിവിധയിനം തീവണ്ടി
കളെക്കുറിച്ചു താഴത്തെ അദ്ധ്യായത്തില്‍ വിവരിക്കുന്നുണ്ട്)
 നിരക്കിനു വിധേയമാണ്.ചുരുക്കത്തില്‍പാസഞ്ചര്‍ ട്രെയിനിന്‍റെ ടിക്കറ്റെടുത്ത് നിരക്ക് കൂടിയ എക്സ്പ്രസില്‍ കയറാന്‍ അനുവാദമില്ലെന്നര്‍ത്ഥം.എക്സ്പ്രസിന്‍റെ ടിക്കറ്റെടുത്ത് സൂപ്പര്‍ഫാസ്റ്റ് ട്രെയിനില്‍ കയറാനും പാടില്ല.സൂപ്പര്‍ഫാസ്റ്റിന്റെ ടിക്കറ്റില്‍ ജാതിമതഭേദമന്യേ ഏതു ട്രെയിനിലും കയറാം.ട്രെയിനുകള്‍ക്ക് കിലോമീറ്റര്‍ അടിസ്ഥാനത്തില്‍ നിരക്ക് വ്യത്യാസമില്ല.എന്നാല്‍ സൂപ്പര്‍ഫാസ്റ്റ് സപ്ലിമെന്റ് ചാര്‍ജ്ജായി ഓരോ 500 കിലോമീറ്ററിലും  15  രൂപ അധികം നല്കണം.
       
    കുഴഞ്ഞോ?വിഷമിക്കേണ്ട.ഉദാഹരണത്തിന് നിങ്ങള്‍ കോഴിക്കോട് നിന്നും ഷൊര്‍ണൂരിലേക്ക് സെക്കന്‍ഡ് ക്ലാസ് ടിക്കറ്റെടുക്കാന്‍ ഉച്ചയ്ക്ക് 11 മണിക്ക്  കൌണ്ടറില്‍ എത്തിയെന്നു കരുതുക.
"ഷൊര്‍ണൂരിലേക്ക് ഒരു സെക്കന്ഡ് ക്ലാസ്.."
12  മണിക്ക് ഷൊര്‍ണൂരിലേക്ക് പാസഞ്ചര്‍ ട്രെയിന്‍ ഉള്ളതിനാല്‍
അദ്ദേഹം ആ നിരക്കിലുള്ള ടിക്കറ്റ് നിങ്ങള്‍ക്കു നല്‍കും.അഥവാ കുറച്ചു കഴിഞ്ഞു ഒരു എക്സ്പ്രസ് ഷൊര്‍ണൂര്‍ വഴി പോകാനുണ്ടെങ്കില്‍ നിങ്ങളോട് ചോദിക്കും.
"എക്സ്പ്രസിനാണോ പാസഞ്ചറിനാണോ?''
"എത്ര മണിക്കാണ് ട്രെയിന്‍?"
"പാസ. 12 മണിക്ക്,എക്സ്. 1 മണിക്ക്."
''എന്നാല്‍ എക്സ്പ്രസിനു
എടുത്തോളൂ.എക്സ്പ്രസ് എത്രാം നമ്പര്‍ പ്ലാറ്റ്ഫോമിലാ വരുക?"
''....ആം നമ്പരില്‍ ''
ഈ ടിക്കറ്റില്‍ നിങ്ങള്‍ക്കു പാസഞ്ചറിലും കയറാം.എക്സ്പ്രസ് ട്രെയിനാണെങ്കില്‍ അതിന്‍റെ ചാര്‍ജ്ജും സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ ആണെങ്കില്‍ 15 രൂപ കൂടുതല്‍ ഈടാക്കിയുമായിരിക്കും ടിക്കറ്റ് നല്‍കുക




                                      

                                  ട്രെയിന്‍ യാത്രാ നിരക്കുകള്‍ 

              മറ്റു ഗതാഗത മാധ്യമങ്ങളെ അപേക്ഷിച്ചു ട്രെയിന്‍ യാത്രാ നിരക്ക് കുറവാണ്.Peak (തിരക്കുള്ളത്)സമയത്തും Non Peak (തിരക്കില്ലാത്തത്)സമയത്തും നിരക്കില്‍ മാറ്റമുണ്ടാവാറുണ്ട്.എല്ലാ വര്‍ഷവും ജൂലായ്‌ ഒന്നു മുതല്‍ പുതിയ ട്രെയിന്‍ ഷെഡ്യൂളിനൊപ്പം പുതുക്കിയ നിരക്കും നിലവില്‍ വരുന്നു.   

Peak / Non Peak സമയങ്ങള്‍ 

Jan - Mar --Non Peak
Apr- Jun  -- Peak
July-Sept -- Non Peak
Oct-Dec  -- Peak

 പീക്ക് സമയത്തിന്‍റെ  കാരണങ്ങള്‍

             വെക്കേഷന്‍ തിരക്ക്,മഴ കാരണം ട്രെയിനുകള്‍ നിര്‍ത്തലാക്കുന്നത്,ഒപ്പം തണുപ്പ് തുടങ്ങിയിട്ടില്ല.വിവാഹാഘോഷങ്ങളുടെ തിരക്ക്,തണുപ്പ്കാലസമയത്തെ  വിദേശ ടൂറിസ്റ്റുകളുടെ വരവ്,ക്രിസ്മസ്/ദീപാവലി അവധികളുടെ സമയം തുടങ്ങിയ കാരണങ്ങള്‍.
            അതിവേഗ AC ട്രെയിനുകളായ Durornto/Rajdhani,Shatabdi,Jan Shatabdi,Garib Rath എന്നിവയ്ക്ക് വെവ്വേറെ കൂടിയ നിരക്കുകളും Mail/Express വണ്ടികള്‍ക്കു കുറഞ്ഞ നിരക്കും Passenger ട്രെയിനുകള്‍ക്ക് വളരെ കുറഞ്ഞ നിരക്കുമാണ് ഉള്ളത്.        
         കിലോമീറ്റര്‍ അടിസ്ഥാനത്തിലാണ് ട്രെയിന്‍ യാത്രാനിരക്കുകള്‍ തിട്ടപ്പെടുത്തിയിട്ടുള്ളത്.എവിടെക്കെല്ലാം എത്ര എന്നു ഇവിടെ പരാമര്‍ശിക്കുന്നില്ല.കൂടുതല്‍ അറിയാന്‍ താത്പര്യം ഉള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്തു നോക്കാം.എല്ലാ ക്ലാസുകള്‍ക്കും യാത്ര ചെയ്യാനുള്ള മിനിമം ചാര്‍ജ്ജ് വ്യത്യസ്തമാണ്.സ്ലീപര്‍ ക്ലാസിനു 15 കിലോമീറ്ററിനു 40 രൂപയേ ഉള്ളുവെങ്കിലും 200 കിലോമീറ്ററിന്റെ മിനിമം ചാര്‍ജ്ജ് അതു ഈടാക്കും.മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ 200 കിലോമീറ്റര്‍വരെ എത്ര ചെറിയ ദൂരത്തെക്കാണെങ്കിലും സ്ലീപ്പര്‍ ക്ലാസിനു 120 രൂപ ആയിരിക്കും മുകളിലോട്ടുള്ള ദൂരത്തേക്ക് അതിനനുസരിച്ചുള്ള നിരക്കും ഈടാക്കും

  നിലവില്‍ Sleeper Classനു  മിനിമം ചാര്‍ജ്ജ്          --  120 (kilometer fare)

  അതു റിസര്‍വേഷന്‍ ചെയാനുള്ള ഫീ.                   --    20 (reservation fee)  

  #ട്രെയിന്‍ സൂപ്പര്‍ ഫാസ്റ്റ് ആണെങ്കില്‍                      --    30 (super fast supplementary fee)

   ടിക്കറ്റ് ബുക്കിംഗ്  ഓണ്‍ലൈന്‍ ആണെങ്കില്‍        --    50 (commission)
                                                                              ആകെ    -----  *220

#സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകള്‍ തിരിച്ചറിയാനുള്ള വഴി മുമ്പ് പറഞ്ഞിട്ടുണ്ട്.ട്രെയിന്‍ നമ്പറിന്റെ രണ്ടാമത്തെ അക്കം 2 എന്നാണെങ്കില്‍ അതിനു സപ്ലിമെന്റരി ചാര്‍ജ്ജ് കൂടുതല്‍ നല്‍കണം.(ഉദാ:- 12602  Chennai Mail Super fast Express)
*സാധാരണ എക്സ്പ്രസ് തീവണ്ടിക്കു സ്റ്റേഷനില്‍ പോയി റിസര്‍വേഷന്‍ ചെയ്യുകയാണെങ്കില്‍ 140 രൂപയേ ആവുകയുള്ളൂ.
          ഓരോ ക്ലാസിലുമുള്ള മിനിമം ചാര്‍ജ്ജിന്റെ ഒരു ചാര്‍ട്ട് താഴെ കൊടുത്തിരിക്കുന്നു.

ട്രെയിന്‍ നമ്പരുകള്‍ 


                 ട്രെയിന്‍ നമ്പരുകള്‍ കാണുമ്പോഴേ പലര്‍ക്കും ഭ്രാന്തു പിടിക്കും.എന്നാല്‍ പല തരത്തിലുള്ള ശ്രേണീനമ്പരുകള്‍ യാത്രക്കാരുടെ സഹായത്തിനു രൂപകല്‍പന ചെയ്തു തരംതിരിച്ചതാണ്.തീവണ്ടികളുടെ ആദ്യത്തെയും രണ്ടാമത്തെയും സംഖ്യകള്‍ മനസ്സിലാക്കി വെക്കുന്നത് വിവിധ തരം ട്രെയിനുകളെ എളുപ്പം തിരിച്ചറിയാന്‍ സഹായിക്കും.
             
 0 - ഈ നമ്പരില്‍ തുടങ്ങുന്നതു  സ്പെഷ്യല്‍ ട്രെയിനുകള്‍ ആയിരിക്കും.(summer            special,holiday special etc.) ഉദാ:- 062XX
 1 - എല്ലാ *എക്സ്പ്രസ്,സൂപ്പര്‍ഫാസ്റ്റ് ,രാജധാനി തുടങ്ങിയവയ്ക്ക് (12201 Mumbai-Kochuveli Garib Rath)
 2 - ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് (22521 Mangalore-Santragachi Vivek Express)
 5 - പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് (56650 Kannur- Coimbatore Fast Passenger)
 6 - മെമു സര്‍വീസിന് (66301 Ernakulam-Kollam MEMU)
ബാക്കി നമ്പറില്‍ തുടങ്ങുന്നവ  കേരളത്തെ ബാധിക്കുന്നവയല്ല.
       * വര്‍ദ്ധിച്ച ട്രെയിന്‍ ബാഹുല്യം കണക്കിലെടുത്താണ് 2010 മുതല്‍  ട്രെയിനുകള്‍ക്ക് അഞ്ചക്ക നമ്പരുകള്‍ നല്‍കാന്‍ തുടങ്ങിയത് 2010 വരെ സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകള്‍ തിരിച്ചറിയുന്നതിനു ആദ്യ അക്കം രണ്ടില്‍ തുടങ്ങുന്ന വിധത്തില്‍ ക്രമീകരിച്ചിരുന്നു. ഉദാ:- 24XX,27XX തുടങ്ങിയവ.2010നു ശേഷം അവ 225XX,12XXX തുടങ്ങിയ നമ്പരില്‍ ക്രമീകരിക്കാന്‍ തുടങ്ങി.

                 

                              വിവിധ തരം തീവണ്ടികള്‍

(ബ്രാക്കറ്റില്‍ കൊടുത്തിട്ടുള്ളത് തീവണ്ടികളുടെ മാക്സിമം വേഗതയാണ്. എല്ലാ ട്രെയിനുകളും ശരാശരി 84 km/hല്‍ സഞ്ചരിക്കുന്നു.  ട്രെയിനിന്‍റെ വേഗത, അതു സഞ്ചരിക്കുന്ന ഇടത്തേയും ഒരു സ്റ്റേഷനില്‍ നിന്നും അടുത്ത ഹാള്‍ട്ട് സ്റ്റേഷനിലേക്കുള്ള ദൂരത്തേയും മൃഗങ്ങള്‍ വിഹരിക്കുന്ന ഇടങ്ങള്‍ എന്നിവയൊക്കെ ആശ്രയിച്ചിരിക്കുന്നു.ഹാള്‍ട്ട് സ്റ്റെഷനുകള്‍ തൊട്ടടുത്തതിനായാലും റെയില്‍പ്പാതകള്‍ ഒട്ടുമിക്ക നഗരങ്ങളിലൂടെ പോകുന്നതിനാലും മറ്റിടങ്ങളിലെപ്പോലെ ഒഴിഞ്ഞ ഭൂവിഭാഗങ്ങള്‍ കുറവായതിനാലും   കേരളത്തില്‍ ട്രെയിനുകള്‍ സാധാരണ വേഗത കുറച്ചാണ് സഞ്ചരിക്കാറ്.)  


     Passenger Trains പാസഞ്ചര്‍ ട്രെയിനുകള്‍ (വേഗത മണിക്കൂറില്‍ 60-90 km/h)

                ഹ്രസ്വദൂര സര്‍വീസ് നടത്തുന്ന ഈ ട്രെയിനുകള്‍ ഒട്ടുമിക്ക എല്ലാ സ്റ്റോപ്പുകളിലും നിര്‍ത്തുന്നവയായാണ്.മറ്റു ട്രെയിനുകളെ അപേക്ഷിച്ചു എല്ലാ ക്ലാസുകളിലും ഇവയ്ക്കു നിരക്ക് പകുതിയോളം കുറവായിരിക്കും.കൂടുതലും സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ ആയിരിക്കും.ഇവയില്‍ത്തന്നെ ദീര്‍ഘദൂര സര്‍വീസ് നടത്തുന്നവ ഫാസ്റ്റ് പാസഞ്ചര്‍ എന്നറിയപ്പെടുന്നു.ഇവയ്ക്കും നിരക്കില്‍ മാറ്റമില്ല.ചില പാസഞ്ചര്‍ ട്രെയിനുകളില്‍ ഫസ്റ്റ് ക്ലാസ്,സ്ലീപ്പര്‍,ചെയര്‍കാര്‍ എന്നീ ക്ലാസുകളില്‍ റിസര്‍വ് ചെയ്തു യാത്ര ചെയ്യുവാനുള്ള സൌകര്യവുമുണ്ട്.

     MEMU മെമു  (വേഗത 80 km/h)

               പാസഞ്ചര്‍ ട്രെയിനുകള്‍ക്കു പകരം റെയില്‍വേ പുതുതായി നടപ്പില്‍ വരുത്തുന്ന സംവിധാനമാണ്‌ Mainline Electrical Multiple Unit (MEMU). ഇതിനു ഒന്നിലധികം എഞ്ചിന്‍ ഉണ്ടാവും അതിവേഗത്തിലോടുന്ന മെമുവില്‍ ഒമ്പത് കോച്ചുകള്‍ ഉണ്ടാവും.മുംബൈയിലെ സബര്‍ബന്‍ തീവണ്ടികളുടെ രൂപഭാവങ്ങള്‍ ഉള്ള മെമുവിന്റെ പ്രത്യേകത രണ്ടറ്റത്തുമുള്ള കണ്‍ട്രോള്‍ ക്യാബിന്‍ ആണ്.അതിനാല്‍ എഞ്ചിന്‍ മാറ്റേണ്ടി വരുന്നില്ല.സാധാരണ പാസഞ്ചര്‍ വണ്ടിയില്‍ 1500-2000 വരെ യാത്രക്കാരെ ഉള്‍ക്കൊള്ളിക്കുമ്പോള്‍ മെമുവില്‍ 3000-4000 വരെ യാത്രക്കാര്‍ക്ക് പരമാവധി യാത്ര ചെയ്യാം.പൂജ്യത്തില്‍ നിന്നും 80 കിലോമീറ്റര്‍ വരെ ഞൊടിയിടയില്‍ എത്താനാകും എന്നതും മറ്റൊരു ഗുണമാണ്.
മെമു-കൂടുതല്‍ വാര്‍ത്തകള്‍ 19/3/2012 thrissurrailpassengers.blogspot. 

     Mail/Express Trains എക്സ്പ്രസ് ട്രെയിനുകള്‍--(വേഗത  80-100 km/h) 

             ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തുന്നവ ഈ തീവണ്ടികളാണ്.സ്റ്റോപ്പുകള്‍ പരിമിതമായിരിക്കും.ഇവയില്‍
ഹ്രസ്വ/ദീര്‍ഘദൂര ട്രെയിനുകള്‍ ഉള്‍പ്പെടുന്നു.എല്ലാ ദീര്‍ഘദൂര എക്സ്പ്രസ്/അതിവേഗ ട്രെയിനുകളിലെല്ലാം *'പാന്‍ട്രി കാര്‍(PC)' ഉള്‍പ്പെടുത്തിയിരിക്കുന്നു.
*സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ട്രെയിനില്‍ തന്നെ യാത്രക്കാര്‍ക്ക് ഭക്ഷണമെത്തിക്കാന്‍  ഭക്ഷണം പാചകം ചെയ്യാന്‍ സംവിധാനമുള്ള പ്രത്യേക ബോഗി.

     Super Fast Trains സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകള്‍ (90-100 km/h)

സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകള്‍ രണ്ടു തരത്തിലുള്ളവയുണ്ട്.സാധാരണ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകളാണ് അവ.
ഉദാ:22634 Delhi-Thiruvanathapuram S/F Express
         12617 Ernakulam-Delhi Mangala S/F Express
         12601 Chennai-Mangalore S/F Mail      
 എക്സ്പ്രസ് ട്രെയിനുകളേക്കാള്‍ വേഗതയും നിരക്കും ഇവയ്ക്ക് കൂടുതലാണ്.ഫെയര്‍ നിരക്ക്, കിലോമീറ്റര്‍/ക്ലാസുകള്‍ അടിസ്ഥാനത്തില്‍  എക്സ്പ്രസ് ട്രെയിനുകളുമായി മാറ്റമില്ല.എന്നാല്‍ അണ്‍റിസര്‍വ്ഡ് ടിക്കറ്റില്‍ സൂപ്പര്‍ഫാസ്റ്റ് സപ്ലിമെന്ററി ചാര്‍ജ്ജും (Rs 15) റിസര്‍വേഷന്‍ ടിക്കറ്റില്‍ ക്ലാസ്സുകള്‍ക്ക്‌ ആനുപാതികമായി അധിക ചാര്‍ജ്ജും സേഫ്റ്റി ചാര്‍ജ്ജും കൂടുതല്‍ നല്‍കേണ്ടി വരും.
            രണ്ടാമത്തേത്  Shatandi,Jan Shatabdi,Sampark Kranti,Garib Rath,Rajdhani,Duronto തുടങ്ങിയ  സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകള്‍ ആണ്.അവയോരോന്നും താഴെ വിവരിക്കുന്നു.ഇവയ്ക്കെല്ലാം വേറെ വേറെ നിരക്കുകള്‍ ആണുള്ളത്.

      Shatabdi Express ശതാബ്ദി എക്സ്പ്രസ് --(130-150 km/h)

            1988ല്‍ പണ്ഡിറ്റ്‌ ജവഹര്‍ലാല്‍  നെഹ്‌റുവിന്‍റെ ശതാബ്ദി ജന്മദിനത്തില്‍ ആരംഭിച്ച ഈ സര്‍വീസ് പൂര്‍ണ്ണമായും ശീതീകരിച്ച,റിസര്‍വ്ഡ് കോച്ചുകളോടു കൂടിയ വേഗത കൂടിയ ഹൃസ്വദൂര പകല്‍ തീവണ്ടിയാണ്.സ്റ്റോപ്പുകള്‍ വളരെ പരിമിതം.ഈ ട്രെയിനുകള്‍ കേരളത്തിലൂടെ സര്‍വീസ് നടത്തുന്നില്ല.

       Jan Shatabdi Express ജനശതാബ്ദി എക്സ്പ്രസ്  -- (130 km/h)

              ശതാബ്ദി  എക്സ്പ്രസ് പോലെതന്നെ വേഗത കൂടിയ 2003ല്‍ ഓടിത്തുടങ്ങിയ ഹൃസ്വദൂരതീവണ്ടിയാണിത്.ഇവ പകല്‍ സമയങ്ങളില്‍ സര്‍വീസ് നടത്തുന്നു.പൂര്‍ണ്ണമായും റിസര്‍വ്ഡ് കോച്ചുകള്‍ ആണെങ്കിലും AC അല്ലാത്ത കോച്ചുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.സ്റ്റോപ്പുകള്‍ വളരെ പരിമിതം.കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് സാധാരണ ട്രെയിനുകള്‍ 8:30-9:00 മണിക്കൂര്‍ സമയമെടുക്കുമ്പോള്‍ ജനശതാബ്ദി Kozhi-Thiru. Jan Shathabdi Exp.. വെറും 7:00 മണിക്കൂര്‍ കൊണ്ട് എത്തിച്ചേരുന്നു.കേരളത്തില്‍ സമയനിഷ്ഠ പാലിച്ചു സര്‍വീസ് നടത്തുന്ന ട്രെയിനുകളിലൊന്നാണിത്.

     Sampark Kranti Express സമ്പര്‍ക്ക്ക്രാന്തി എക്സ്പ്രസ്--(130 km/h) 

              വിപ്ലവങ്ങളെ ഒന്നിപ്പിക്കുക എന്നര്‍ത്ഥം വരുന്ന ഈ അതിവേഗട്രെയിന്‍ 2004-05 റെയില്‍വേ ബജറ്റിലാണ് രൂപം കൊണ്ടത്‌.സാധാരണ  എക്സ്പ്രസ് തീവണ്ടി പോലെ സൌകര്യവും എന്നാല്‍ വളരെ പരിമിത സ്റ്റോപ്പുകളും ആണ് ഇവയുടെ പ്രത്യേകത.3415 കിലോമീറ്റര്‍ സഞ്ചരിക്കുന്ന  ചണ്ടീഗഡ്‌-കൊച്ചുവേളി സമ്പര്‍ക്ക്ക്രാന്തി എക്സ്പ്രസ് ഈ ശ്രേണിയിലെ ഏറ്റവും ദൂരം കൂടിയ സര്‍വീസ് നടത്തുന്നു.

     Garib Rath Express ഗരീബ് രഥ്‌ എക്സ്പ്രസ് 

            2005ല്‍ ലാലു പ്രസാദ് യാദവ് പ്രഖ്യാപിച്ചത്. പാവങ്ങളുടെ രഥം എന്നര്‍ത്ഥം വരുന്ന ഈ അതിവേഗ ഫുള്‍ AC ട്രെയിന്‍ മറ്റു അതിവേഗ AC ട്രെയിനുകളേക്കാള്‍ നിരക്ക് കുറച്ചു സര്‍വീസ് നടത്തുന്നവയാണ്.ഉയര്‍ന്ന ക്ലാസുകള്‍,പാന്‍ട്രി കാര്‍ എന്നിവ ഒഴിവാക്കി സീറ്റ്/ബര്‍ത്തുകള്‍ തമ്മിലുള്ള  അകലം കുറച്ചു പരമാവധി യാത്രക്കാരെ ഉള്‍ക്കൊള്ളിക്കാന്‍ ഉതകുന്ന തരത്തിലാണ് ഇവയുടെ ബോഗി നിര്‍മ്മാണം.സാധാരണ AC സ്ലീപ്പറില്‍ 64 പേര്‍ യാത്ര ചെയ്യുമ്പോള്‍ AC Economy എന്നറിയപ്പെടുന്ന ഈ ക്ലാസ്സില്‍ 84 യാത്രക്കാരെ ഉള്‍ക്കൊള്ളിക്കുന്നു.

     Rajdhani Express രാജധാനി എക്സ്പ്രസ് (140 km/h)

              1969 ല്‍ തുടക്കം.നമ്മുടെ തലസ്ഥാന(Rajdhani - [Hindi] )മായ ഡല്‍ഹിയെ വിവിധ സംസ്ഥാനങ്ങളിലെ തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന അതിവേഗ,ഫുള്‍ AC ട്രെയിന്‍.സ്റ്റോപ്പുകള്‍ വളരെ പരിമിതം .12431/32 തിരുവനന്തപുരം രാജധാനി എക്സ്പ്രസ് കോട്ട-വഡോദര സ്റ്റേഷനുകള്‍ക്കിടയില്‍ 528 കിലോമീറ്റര്‍ നിര്‍ത്താതെ ഓടുന്നു. യാത്രാനിരക്കും മറ്റു ട്രെയിനുകളെക്കാള്‍ കൂടുതലാണ്.

      Duronto Express തുരന്തോ എക്സ്പ്രസ് (140 km/h)

              'വിശ്രമില്ലാതെ' എന്നര്‍ത്ഥം വരുന്ന ബംഗാളി പദമാണു തുരന്തോ.പേരു പോലെത്തന്നെ തുരന്തോ എക്സ്പ്രസ് ലക്ഷ്യസ്ഥാനത്തെക്കുള്ള പ്രയാണത്തില്‍ ഒരിടത്തും നിര്‍ത്തുന്നില്ല.മമത ബാനര്‍ജി റെയില്‍വേ മന്ത്രിയായിരുന്ന 2001 മുതലാണ്‌ ഈ ശ്രേണിയിലുള്ള ട്രെയിനുകള്‍ ഓടിത്തുടങ്ങിയത്. പൂര്‍ണ്ണമായും സ്റ്റെയിലന്‍സ് സ്റ്റീല്‍ ബോഗികളോടു കൂടിയ ഇവ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ നോണ്‍-സ്റ്റോപ്പ്  അതിവേഗതീവണ്ടിയാണ്. 500 കിലോമീറ്ററില്‍ കൂടുതല്‍ സര്‍വീസ് നടത്തുന്നവയ്ക്ക് ലോക്കോ പൈലറ്റിന്റെ(എഞ്ചിന്‍ ഡ്രൈവര്‍) ഡ്യൂട്ടിക്കനുസൃതമായും  ബോഗികളില്‍ വെള്ളം നിറയ്ക്കാനുമായി ചില ടെക്നിക്കല്‍ സ്റ്റോപ്പുകള്‍ ഉണ്ട്.എന്നാല്‍ യാത്രക്കാര്‍ക്ക് ടിക്കറ്റെടുത്ത്  കയറിയിറങ്ങാനും കഴിയുന്ന തരത്തിലുള്ള  കൊമേഴ്സ്യല്‍ സ്റ്റോപ്പുകള്‍ ഇല്ല.ഇവയ്ക്കും കൂടിയ യാത്രാ നിരക്കാണ് ഉള്ളത്.
          എന്നാല്‍ കേരളം പോലെയുള്ള  ചില സെക്ഷനുകളില്‍ സ്റ്റോപ്പുകള്‍ ഇല്ലാത്ത ഈ സര്‍വീസ് ലാഭകരമല്ലാത്തതിനാല്‍ SUPER AC Express (Chennai - Trivandrum)  എന്ന പേരില്‍ ചുരുക്കം സ്റ്റോപ്പുകള്‍ അനുവദിച്ചുകൊണ്ട് സര്‍വീസ് നടത്തുന്നുണ്ട്.

           സീറ്റ്/ബെര്‍ത്തുകളുടെ ഒഴിവുകള്‍ പരിശോധിക്കല്‍
                       How to check  train seat/berth availability 



              ഒരു ഉദാഹരണത്തിന് നിങ്ങള്‍ ഭാര്യയും കുട്ടിയും നിങ്ങളുടെ അച്ഛനുമായി കോഴിക്കോട് നിന്നും തിരുവനതപുരത്തേക്ക് രണ്ടാഴ്ച്ചക്ക് ശേഷം ഒരു യാത്ര ചെയ്യാന്‍ പ്ലാന്‍ ചെയ്യുകയാണെന്നിരിക്കട്ടെ.ഫ്രെണ്ട്സുമായി അടിച്ചു പൊളിച്ചു പാട്ടും പാടി യാത്ര ചെയ്യുന്നതില്‍ നിന്നും വ്യത്യസ്തമായി ഫാമിലിയുമായി യാത്ര പോകുമ്പോള്‍ പ്രായമായ അച്ഛന് ബുദ്ധിമുട്ടുണ്ടാവാതെ,മകന് സുഖമായ് ഉറങ്ങാന്‍,ഭാര്യക്ക് ശാന്തമായ സാമീപ്യം കൊടുത്തുള്ള യാത്ര ആയിരിക്കുമല്ലോ നിങ്ങള്‍ ആഗ്രഹിക്കുന്നത്?അതിനു പറ്റിയത് രാത്രി യാത്ര തന്നെ.ഇവിടെ  ക്ലിക്ക് ചെയ്തു സൈറ്റ് തുറന്നു.
ഇനിയുള്ള  വിവരങ്ങള്‍ സ്ക്രീന്‍ഷോട്ടിന്റെ സഹായത്തോടെ വിവരിക്കാം.

                                                                       TABLE 1


                                                                           TABLE 2



            ട്രെയിനിന്‍റെ പേരോ നമ്പരോ അറിയാവുന്നെങ്കില്‍ മാത്രം എഴുതുക.ഇല്ലെങ്കില്‍ Go ക്ലിക്ക് ചെയ്യുക.പ്രധാനപ്പെട്ട സ്റ്റേഷനുകള്‍ പല പേരുകളില്‍ ഉണ്ടാവും.ഒരു നഗരത്തില്‍  സ്റ്റേഷന്‍റെ സ്ഥല പരിമിതിമൂലവും ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് വേണ്ടിയും ചില ഭാഗങ്ങളിലേക്ക് പോകുന്നതുമായ ട്രെയിനുകളെ തരം തിരിച്ചതുകൊണ്ടുമാവാം അത്. തിരുവനന്തപുരം സെന്‍ട്രല്‍ ആണു അവിടുത്തെ പ്രധാന സ്റ്റേഷന്‍.പേട്ട,കൊച്ചുവേളി മറ്റു സ്റ്റെഷനുകള്‍.
          ദക്ഷിണേന്ത്യയിലെ ചില സ്റ്റേഷന്‍ വിവരങ്ങള്‍ നോക്കാം.

Ernakulam South (ERS) 

ദീര്‍ഘദൂര ട്രെയിനുകള്‍ നിര്‍ത്തുന്നതും ആലപ്പുഴ വഴി പോകുന്നതും* എറണാകുളത്തു നിന്നും യാത്ര അവസാനിപ്പിക്കുന്ന/പുറപ്പെടുന്നതുമായ ട്രെയിനുകള്‍ ഈ സ്റ്റെഷനില്‍ നിന്നാണ്.

Ernakulam North (ERN) 

കോട്ടയം വഴി പോകുന്നതും സൌത്തില്‍ സ്റ്റോപ്പില്ലാത്തതുമായ  ട്രെയിനുകള്‍ നിര്‍ത്തുന്നത് ഇവിടെയാണ്‌.രണ്ടു സ്റ്റെഷനുകളിലും നിര്‍ത്തുന്ന ട്രെയിനുകള്‍ ചുരുക്കമാണ്.

Mangalore Junction (MAJN) 

ദീര്‍ഘദൂര ട്രെയിനുകള്‍ നിര്‍ത്തുന്നു.(ഉദാ:Ernaku-Nizamud.Rajdhani,Thiruvan-Mumbai.Kurla Exp,etc.)

Mangalore Central (MAQ) 

മംഗലാപുരത്തിന്‍റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നതും മംഗലാപുരത്തു യാത്ര അവസാനിപ്പിക്കുന്ന/തുടങ്ങുന്നതുമായ സ്റ്റേഷന്‍.(Thiruva-Mangalo.Malabar Exp, Manga-Chennai Mail,etc.)

Chennai Central (MAS) 

ദീര്‍ഘദൂര ട്രെയിനുകള്‍ വരുന്നത്/പോകുന്നത്

Chennai Egmore (MS) 

നാഗര്‍കോവില്‍,മധുര,തിരുച്ചിറപ്പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും എത്തിച്ചേരുന്ന സ്റ്റേഷന്‍

*മലബാറില്‍ നിന്നും തെക്കോട്ട്‌ ട്രെയിനില്‍ പോകുമ്പോള്‍ ഏറണാകുളത്തു
വച്ചു റെയില്‍വേ രണ്ടായി പിരിയുന്നു.ഒന്നു കോട്ടയം വഴിയും മറ്റൊന്ന്‍ ആലപ്പുഴ വഴിയും.അവ കായംകുളം ജംഗ്ഷനില്‍ ഒന്നിക്കുന്നു.

                                                                         TABLE 3

 TABLE 4

 TABLE 5

               ചിലപ്പോള്‍ wait എന്നാവും കാണിക്കുക.അപ്പോള്‍ Refresh ചെയ്തു വീണ്ടും ശ്രമിക്കുക.ചിലപ്പോള്‍ കൂടുതല്‍ സമയം കാത്തു നില്‍ക്കേണ്ടി വന്നേക്കാം.

 TABLE 6


 TABLE 7

 TABLE 8

                റിസര്‍വേഷന്‍ ചെയ്യുന്ന വിധം Ticketing       

പലവിധത്തില്‍ ടിക്കറ്റ് റിസര്‍വേഷന്‍ ചെയ്യാം.    
 At Station- സ്റ്റേഷനില്‍  ചെന്നു ഫോം വാങ്ങി പൂരിപ്പിച്ചു റിസര്‍വേഷന്‍ കൌണ്ടറില്‍ കൊടുത്തു ചെയ്യുന്നതാണ് ഇത്.ഈ രീതിയില്‍ ചെയ്യുന്നതിന് റെയില്‍വേ കമ്മീഷനോ മറ്റോ ഈടാക്കുന്നില്ല.അടിയന്തിര ഘട്ടങ്ങളില്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാനും എളുപ്പമാണ്.തത്ക്കാല്‍ ടിക്കറ്റുകള്‍ക്കും മറ്റു ഓണ്‍ലൈന്‍ സംവിധാനങ്ങളുമേക്കാള്‍ റെയില്‍വേ മുന്‍ഗണന കൊടുക്കുന്നത് ഈ ടിക്കറ്റിംഗ് രീതിക്കാണ്.
i-Ticketing- ഓണ്‍ലൈന്‍ സംവിധാനമുപയോഗിച്ചു ട്രാവല്‍സില്‍ നിന്നോ ക്രെഡിറ്റ്കാര്‍ഡ് ഉപയോഗിച്ചോ ബുക്കിംഗ് ചെയ്യുന്ന രീതിയാണിത്.സ്റ്റേഷനില്‍ പോയി വരിനിന്നു ടിക്കറ്റ് എടുക്കുന്നതിന്‍റെ സമയം ലാഭിക്കാം.എന്നാല്‍ ആളൊന്നിനു 50 രൂപ വരെ ഇതിനു കമ്മീഷന്‍ നല്‍കേണ്ടി വരും.ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങളില്‍ സ്റ്റേഷനില്‍ ഇതു സാധ്യമല്ല എന്നതാണു പ്രധാന പോരായ്‌മ.എന്നാല്‍ ട്രെയിന്‍ പുറപ്പെടുന്നതിന്റെ 4 മണിക്കൂറിനുള്ളില്‍ സാധ്യമാണ്.
E-Ticket - ക്രെഡിറ്റ്‌ കാര്‍ഡ് ഉപയോഗിച്ചോ സ്വന്തം ബാങ്ക് അക്കൌണ്ടുമായി ബന്ധപ്പെടുത്തി എടുക്കുന്നതോ ആയ ടിക്കറ്റുകളാണിത്.i-Ticketല്‍ യാത്രാ വിവരങ്ങള്‍ സംബന്ധിച്ച ഒരു പേപ്പര്‍ ആണ് നമുക്ക് ലഭിക്കുക.എന്നാല്‍  E-Ticketല്‍ പേപ്പറിനു പകരം യാത്രാവിവരങ്ങളുടെ ഡീറ്റെയില്‍സ് നമ്മുടെ മൊബൈലിലോ മറ്റു ഡിജിറ്റല്‍ ഉപകരണങ്ങളിലോ സേവ് ചെയ്തു യാത്ര ചെയ്‌താല്‍ മതി.ഇതും ക്യാന്‍സല്‍ ചെയ്യുക എളുപ്പമല്ല.
I-Ticket,E-Ticket Cancellation കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ  ക്ലിക്കുക.

                റിസര്‍വേഷന്‍ ഫോം പൂരിപ്പിക്കുന്ന വിധം 

               പഴയകാല ട്രെയിന്‍ യാത്രയേക്കാള്‍ ഇന്നു തിരിച്ചറിയല്‍ രേഖ അത്യാവശ്യമായതിനാല്‍ വിവരങ്ങള്‍ കൊടുക്കുന്നത് മാറിപ്പോകാതിരിക്കാന്‍ ശ്രദ്ധിക്കുക. താഴെ ഒരു റിസര്‍വേഷന്‍ ഫോമിന്‍റെ മോഡല്‍ കൊടുത്തിരിക്കുന്നു.റിസര്‍വേഷന്‍ സൌകര്യമുള്ള ഏതു സ്റ്റെഷനിലെയും കൌണ്ടറില്‍ ചോദിച്ചാല്‍ ഇതേ പോലെയുള്ള ഫോം ഫ്രീ ആയി കിട്ടും.ഒരു ഭാഗം ഹിന്ദി/ഇംഗ്ലീഷിലും മറുഭാഗത്ത് മലയാളത്തിലുമായിരിക്കും ഉണ്ടാവുക.പൂരിപ്പിക്കേണ്ട ഭാഗത്ത് ഏതെല്ലാം വിവരങ്ങള്‍ നല്‍കണമെന്നു നോക്കൂ.

1.നിങ്ങള്‍ ഒരു ഡോക്റ്ററോ മെഡിക്കല്‍ പ്രാക്ടീസറോ ആണെങ്കില്‍ നേരെയുള്ള കോളത്തില്‍ 'ടിക്ക്' ചെയ്യുക.അത്യാവശ്യ ഘട്ടങ്ങളില്‍ റെയില്‍വേക്കു നിങ്ങളുടെ സേവനം ആവശ്യമായി വന്നേക്കാം.

2.നിങ്ങള്‍ ഒരു ഗര്‍ഭിണിയാണെങ്കില്‍,ബെര്‍ത്ത്‌ ക്വാട്ട (താഴത്തെ ബെര്‍ത്ത് കിട്ടുന്നതിനു)ആവശ്യമാണെങ്കില്‍  കോളത്തില്‍ ടിക്ക് ചെയ്യുക.yes എന്നാണെങ്കില്‍ നിങ്ങളെ പരിശോധിച്ച ഡോക്റ്ററുടെ സര്‍ട്ടിഫിക്കറ്റ് കാണിക്കേണ്ടി വന്നേക്കാം.

3.നിങ്ങള്‍ 60 വയസ്സു കഴിഞ്ഞ പുരുഷനോ 58 വയസ്സു കഴിഞ്ഞ സ്ത്രീയോ ആണെങ്കില്‍ കോളത്തില്‍ yes എന്നു ടിക്ക് ചെയ്യുക.മുതിര്‍ന്ന പൌരന്മാര്‍ക്ക് റെയില്‍വേ എല്ലാ ക്ലാസുകളിലും യാത്രാനിരക്കില്‍  30 ശതമാനം ഇളവ് നല്‍കുന്നുണ്ട്. എന്നാല്‍ യാത്രാവേളയില്‍ വയസ്സ് തെളിയിക്കുന്ന രേഖ കാണിക്കണം.

4.നിങ്ങള്‍ വൈറ്റിംഗ് ലിസ്റ്റിലോ മറ്റോ ആണെങ്കില്‍ ഉയര്‍ന്ന ക്ലാസിലേക്ക് ഒഴിവുണ്ടെകില്‍ അധിക ചാര്‍ജ്ജ് കൊടുക്കാതെ സ്വമേധയാ കയറ്റം കിട്ടാന്‍ ആഗ്രഹിക്കുന്നെങ്കില്‍ കോളത്തില്‍ yes എന്നു ടിക്ക് ചെയ്യുക.

5.ഗരീബ് രഥിലെ third ACയിലും തുരന്തോയിലെ sleeperലും ബെഡ്റോള്‍ വേണമെങ്കില്‍ ടിക്ക് ചെയ്യുക.മറ്റു ഉയര്‍ന്ന ക്ലാസുകളില്‍ ഫ്രീ ആയി ബെഡ്റോള്‍ നല്‍കുന്നതായിരിക്കും.

6.യാത്ര ചെയ്യുന്ന ട്രെയിനിന്‍റെ നമ്പരും പേരും എഴുതുക.

7.യാത്ര ചെയ്യുന്ന തിയ്യതി.

8.യാത്ര ചെയ്യുന്ന ക്ലാസ്.Sleeper (SL),Third AC (3A) Second Sitting (2S),etc.

9.എത്ര പേര്‍ യാത്ര ചെയ്യുന്നുണ്ട് അവരുടെ എണ്ണം എഴുതുക.5 വയസ്സിനു താഴെയുള്ളവരുടെ എണ്ണം പരിഗണിക്കേണ്ടതില്ല.

10.പുറപ്പെടുന്ന സ്റ്റേഷന്‍

11.എത്തിച്ചേരുന്ന സ്റ്റേഷന്‍

12.മൊബൈല്‍ നമ്പര്‍.ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റ് ആണെങ്കില്‍ യാത്ര പുറപ്പെടുന്നതിനുമുന്‍പു്‌ കണ്ഫേം ആയിട്ടുണ്ടെങ്കില്‍ സ്റ്റാറ്റസ് SMS വഴി നിങ്ങളെ അറിയിക്കുന്നതിനു ഇത് ഉപകാരപ്പെടും.

13.യാത്രക്കാരുടെ പേര് എഴുതുക. ഒരു സ്ലിപ്പില്‍ പരമാവധി ആറു പേര്‍ക്ക് യാത്ര ചെയ്യാം

14.ആണോ പെണ്ണോ എന്നെഴുതുക.Male (M) , Female (F)

15.വയസ്സ് എഴുതുക.60 വയസ്സു കഴിഞ്ഞ മുതിര്‍ന്ന പൌരന്മാര്‍ക്ക് യാത്രാനിരക്കിന്റെ70 ശതമാനവും 12 വരെയുള്ള കുട്ടികള്‍ക്ക് യാത്രാനിരക്കിന്റെ പകുതിയുമേ റെയില്‍വേ ഈടാക്കുന്നുള്ളൂ.

16.റെയില്‍വേയുടെ ആനുകൂല്യം പറ്റി യാത്ര ചെയ്യുന്നവര്‍ക്ക്

17.ബോഗികളില്‍ ഒഴിവുണ്ടെകില്‍ നിങ്ങള്‍ക്കിഷ്ടമുള്ള ബെര്‍ത്ത്‌ തിരഞ്ഞെടുക്കാനുള്ള
സൌകര്യമാണിത്.
മുകളില്‍ Upper Berth (UB)
നടുവില്‍ Middle Berth (MB)
താഴെ Lower Berth (LB)
സൈഡ് സീറ്റ് താഴെ (SLB)
സൈഡ് സീറ്റ് മുകളില്‍ (SUB).

Sleeper ക്ലാസുകളില്‍ തനിയെ സഞ്ചരിക്കുമ്പോള്‍ ഞാന്‍ Upper Berth (UB) ആണു തിരഞ്ഞെടുക്കാറ്.എപ്പോള്‍ വേണമെങ്കിലുംഇരിക്കാം,
കിടക്കാം.ക്യാമറ,ലാപ്,പുസ്തകങ്ങള്‍
എന്നിവ താഴെ ലഗേജ് കാരിയറില്‍
വെക്കേണ്ടതില്ല.ആര്‍ക്കും ശല്യമാകാതെ ഭക്ഷണം കഴിക്കാം/പ്രാര്‍ഥിക്കാം.


18. രാജധാനിയിലും ശതാബ്ദിയിലും ഭക്ഷണത്തിനുള്ള നിരക്കും ടിക്കറ്റിന്റെ കൂടെ ഈടാക്കുന്നുണ്ട്.Veg/Non-Veg നിര്‍ബന്ധമുള്ളവര്‍ക്ക് അതു തിരഞ്ഞെടുക്കാം.

19.അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികള്‍ കൂടെയുണ്ടെകില്‍ അവരുടെ വിവരങ്ങള്‍ നല്‍കുക.അവര്‍ക്ക് ചാര്‍ജ്ജ് ഈടാക്കുന്നതല്ല.എന്നാല്‍ അവര്‍ക്ക് തനിയെ സീറ്റും നല്‍കുന്നതല്ല.കുട്ടികള്‍ക്ക് തനിയെ സീറ്റ് വേണമെന്നു നിര്‍ബന്ധമുള്ളവര്‍ 13ആം നമ്പരില്‍ അവരുടെ പേരും കൂടെ എഴുതുക.

20.യാത്ര ചെയ്തവര്‍ തന്നെ മടക്കയാത്രയും ചെയ്യുന്നുണ്ടെങ്കില്‍ ആ തീവണ്ടിയുടെ വിവരങ്ങളും  ക്ലാസും എവിടെ നിന്നു എവിടേക്ക് എന്നും തിയ്യതിയും എഴുതുക.
(മടക്കയാത്രയ്ക്ക് വേറെ ഫോം പൂരിപ്പിക്കേണ്ട എന്നര്‍ത്ഥം)

21.ഫോം പൂരിപ്പിക്കുന്നയാളുടെ വിലാസം നല്‍കുക.(നിര്‍ബന്ധം)

22.നിങ്ങളുടെ ഒപ്പ് (നിര്‍ബന്ധം)


             റിസര്‍വേഷന്‍ ക്വാട്ടകള്‍ Railway Reservation Quota 

             റെയില്‍വേ പല സാഹചര്യത്തിലും വിവിധയിനം ജനവിഭാഗങ്ങള്‍ക്കുമായി പലതരത്തിലുള്ള ക്വാട്ടകള്‍ അനുവദിച്ചിട്ടുണ്ട്.സാധാരണ ടിക്കറ്റ് എടുക്കുന്നത് General Quota (GN)യില്‍ ആണ്.ഉദാഹരണത്തിനു ഒരു ട്രെയിനിലെ 70 ശതമാനം സീറ്റുകള്‍ ജെനറല്‍ ക്വാട്ടയിലും 30 ശതമാനം സീറ്റുകള്‍ തത്ക്കാല്‍,ലേഡീസ്,വികലാംഗര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കായി മാറ്റി വെച്ചിട്ടുണ്ട്.ഓരോ ട്രെയിനിലും എത്ര സീറ്റുകള്‍ ക്വാട്ടകള്‍ക്കായി മാറ്റി വച്ചിട്ടുണ്ടെന്നറിയാന്‍ ഇവിടെ ക്ലിക്കുക. താങ്കള്‍ ഒരു സ്ത്രീയാണെങ്കില്‍ ജനറല്‍ ക്വാട്ടയില്‍ ടിക്കറ്റ് എടുക്കുമ്പോള്‍ Waiting List ആണെങ്കില്‍ നിങ്ങള്‍ക്കു ലേഡീസ് ക്വാട്ട പ്രകാരമുള്ള ടിക്കറ്റ് എടുക്കാം. ഓരോ സ്ലീപ്പര്‍ കോച്ചിലും ആറു ബെര്‍ത്തുകള്‍ വനിതകള്‍ക്കായി മാറ്റി വെച്ചിട്ടുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ  ക്ലിക്ക് ചെയ്യുക. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തുന്നത് റെയില്‍വേയുടെ ചാകരയായ തത്ക്കാല്‍ ക്വാട്ടയാണ്.
റിസ.ക്വാട്ട-കൂടുതല്‍ വാര്‍ത്തകള്‍ 2010-05-28 മാതൃഭൂമി 


   Tatkal തത്ക്കാല്‍ റിസര്‍വേഷന്‍

  (ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ അപൂര്‍ണ്ണമാണ്.കൂടുതല്‍ വിവരങ്ങള്‍ സ്റ്റേഷനുമായി ബന്ധപ്പെട്ടു അന്വേഷിച്ചറിയുക.)
            മുന്‍കൂട്ടി റിസര്‍വേഷന്‍ ചെയ്തു പോകാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ അടിയന്തിരമായി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സംവിധാനമാണ് തത്ക്കാല്‍ എന്നു പറയുന്നത്.റിസര്‍വേഷന്‍ സാധ്യമായ എല്ലാ Exp./Pass ട്രെയിനുകളിലെല്ലാം ഈ സംവിധാനം നിലവിലുണ്ട്.ചില സാഹചര്യങ്ങളില്‍ തത്ക്കാലിനു വേണ്ടി എക്സ്ട്രാ കോച്ചുകള്‍ വരെ അനുവദിക്കാറുണ്ട്. Tatkal ഒരു ദിവസം മുമ്പേ ബുക്ക് ചെയ്യാം.എല്ലാം ദിവസവും 10 AM മുതല്‍ ട്രെയിന്‍ പുറപ്പെടുന്നതിന്റെ 4 മണിക്കൂര്‍ മുമ്പു വരെ തത്ക്കാല്‍ ഉപയോഗപ്പെടുത്താവുന്നതാണ്.സാധാരണ ഗതിയില്‍ തത്ക്കാല്‍ ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യാന്‍ കഴിയുന്നതല്ല.എന്നാല്‍ ചില ഘട്ടങ്ങളില്‍ അനുവദനീയമാണ്.പ്രധാന സ്റ്റേഷനുകളില്‍ നിന്നും 7 ദിവസത്തേക്കുള്ള തത്ക്കാല്‍ ഒഴിവുകള്‍ അറിയുന്നതിനു ഇവിടെ (indianrail.gov.in/7days) ക്ലിക്ക് ചെയ്യുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെക്ലിക്ക് ചെയ്യുക.
തത്ക്കാല്‍-കൂടുതല്‍ വാര്‍ത്തകള്‍ on 10-June-2015 ദേശാഭിമാനി , 24-1-2015 മറുനാടന്‍ മലയാളി

Waiting List (WL) വെയിറ്റിംഗ് ലിസ്റ്റ് , RAC  , Confirmed (CNF) കണ്‍ഫേം 

റിസര്‍വേഷന്‍ ടിക്കറ്റുകള്‍ മൂന്നു വിധമാണ്.

    Confirmed 


            First Class (FC), AC First Class (1A) എന്നീ ടിക്കറ്റുകളില്‍ CONFIRMED  എന്നു മാത്രമേ കാണുകയുള്ളൂ.ചാര്‍ട്ട് തയ്യാറാക്കുന്ന സമയത്താണ് ഏതു കൂപ്പയില്‍ ആരൊക്കെ എന്നുള്ള വിവരങ്ങള്‍ ലഭിക്കൂ.

ബാക്കി ക്ലാസുകളിലേക്കുള്ള ടിക്കറ്റുകള്‍ താഴെ കാണും വിധമായിരിക്കും 

             ഈ ടിക്കറ്റില്‍ നിങ്ങള്‍ക്കു പോകേണ്ട ട്രെയിനിലെ ബോഗിയുടെ പേരും സീറ്റ് നമ്പരും ബര്‍ത്തും എല്ലാം കൃത്യമായി എഴുതിയിരിക്കും.
     1.Train number
     2.യാത്രാ തിയ്യതി
     3.യാത്ര ചെയ്യാനെടുക്കുന്ന ദൂരം
     4.മുതിര്‍ന്നവരുടെ എണ്ണം
     5.12 വയസ്സിനു താഴെയുള്ളവരുടെ എണ്ണം.
     6.യാത്ര ചെയ്യുന്ന ക്ലാസ്
     7.താങ്കള്‍ കയറുന്ന സ്റ്റേഷന്‍
     8.യാത്ര അവസാനിപ്പിക്കുന്ന സ്റ്റേഷന്‍
     9.ബോഗി.ഓരോ ക്ലാസുകള്‍ക്കും ഓരോ കോഡുകള്‍ ഉണ്ട്.Sleeper 5 (S5) എന്നു           എഴുതിയിരിക്കുന്ന ബോഗിയില്‍ ആണു കയറേണ്ടത്.
   10.Seat number. S5 ബോഗിയിലെ 3 എന്നെഴുതിയ സീറ്റ് ആണു താങ്കള്‍ക്കുള്ള                   ഇരിപ്പിടം.
   11.3 എന്നെഴുതിയ Upper Berth (UB) ആണു നിങ്ങള്‍ക്കു കിടക്കേണ്ട സ്ഥലം.
   12.Male
   13.താങ്കളുടെ വയസ്സ്
   14.ടിക്കറ്റിനു എടുത്ത കാശ്
   15.ട്രെയിനിന്‍റെ പേര്
   16.ട്രെയിന്‍ സ്റ്റേഷനില്‍ എത്തുന്ന തിയതിയും സമയവും
   17.യാത്ര അവസാനിപ്പിക്കുന്ന സ്റ്റേഷനില്‍ എത്തുന്ന തിയതിയും സമയവും
   18.Information.ഏതെങ്കിലും വിവരങ്ങള്‍ താങ്കളെ അറിയിക്കാനുണ്ടെങ്കില്‍                     എഴുതുന്ന സ്ഥലം.
നാലക്ക ട്രെയിന്‍ നമ്പരുകള്‍ മാറുന്ന സമയമായതിനാല്‍ ഇവിടെ അതു സൂചിപ്പിച്ചിരിക്കുന്നു.ഇന്നു തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമായതിനാല്‍ എല്ലാ ടിക്കറ്റിലും അക്കാര്യം ഇവിടെ  എഴുതിയിരിക്കും.

    RAC - Reservation against Cancellation 

          ഓരോ ക്ലാസുകളിലും റിസര്‍വേഷനു അനുവദിച്ചിട്ടുള്ള (GN) സീറ്റ്ബെ/ര്‍ത്തുകള്‍ ഫുള്‍ ആവുകയാണെങ്കില്‍ അതിനു ശേഷം റിസര്‍വേഷന്‍ ചെയ്യുന്നവര്‍ RAC1,RAC 2 ,3,..എന്നീ ക്യൂവില്‍ ആയിരിക്കും ഉണ്ടാവുക.ഈ ടിക്കറ്റ് ഉപയോഗിച്ചു നിങ്ങള്‍ക്കു ട്രെയിനില്‍ കയറാം.ഇരിക്കാനുള്ള സീറ്റ് ലഭിക്കും.ഒഴിവു വരുന്നതിനനുസരിച്ച് ബെര്‍ത്തും.യാത്ര പുറപ്പെടുന്നതിനുമുമ്പ് PNR നമ്പര്‍ ചെക്ക് ചെയ്തു ടിക്കറ്റ് കണ്‍ഫേം ആയോ എന്നുറപ്പു വരുത്തുക.വൃത്തത്തില്‍ അടയാളപ്പെടുത്തിയ പത്ത് അക്ക നമ്പര്‍ ആണു PNR number (Passenger Name Record).സ്റ്റാറ്റസ് കോളത്തില്‍ ആദ്യം അടയാളപ്പെടുത്തിയത് Seat availability പരിശോധിച്ചപ്പോള്‍ ഉണ്ടായിരുന്ന Status ആണ്.രണ്ടാമത്തേത് ടിക്കറ്റ് റിസര്‍വേഷന്‍ ചെയ്തപ്പോള്‍ ഉണ്ടായിരുന്ന സ്റ്റാറ്റസും.

     WL - Waiting List 

              ഈ ടിക്കറ്റില്‍ സ്ലീപ്പര്‍ ക്ലാസ് കോച്ചില്‍  കയറാന്‍ അനുവാദമില്ല.റിസര്‍വേഷനില്‍ RACയിലും  അനുവദിച്ചിട്ടുള്ള സീറ്റുകള്‍ കഴിഞ്ഞാല്‍ WL1,WL2,3,4...എന്നിങ്ങനെയുള്ള Waiting List ക്യൂവില്‍ ആയിരിക്കും പിന്നെയുള്ള ടിക്കറ്റുകള്‍ നല്‍കുക.ക്യൂവില്‍ മുമ്പിലുള്ള ആരെങ്കിലും ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ അതിനനുസരിച്ചു RACയിലേക്കു വരും.അവിടെ നിന്നു Confirmലേക്കും.
RAC/WL ടിക്കറ്റുകള്‍ PNR നമ്പര്‍ ചെക്കു ചെയ്തു അപ്ഡേഷന്‍ വിവരങ്ങള്‍ അറിയാന്‍ ശ്രമിക്കുക.ഓണ്‍ലൈനില്‍ ആണെങ്കില്‍ റെയില്‍വേയുടെ ഏതെങ്കിലും വെബ്സൈറ്റില്‍ കയറി PNR നമ്പര്‍ പരിശോധിക്കാം.ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത അവസരങ്ങളില്‍ സാധാരണ മൊബൈലില്‍ SMS വഴിയും പരിശോധിക്കാം.
കൂടാതെ Arrival/Departure,Seat Availability,Time Table,Fare എന്നീ വിവരങ്ങളും SMS വഴി അറിയുന്നതിനു ഇവിടെ ക്ലിക്ക് ചെയ്തു കൂടുതല്‍ വിവരങ്ങള്‍ അറിയൂ.

ഒരു മൊബൈല്‍ ആപ്പ് പരിചയപ്പെടുത്താം.ഇതില്‍ താങ്കളുടെ PNR നമ്പര്‍ എഴുതിഅലാറം ഒരു നിശ്ചിത സമയത്തില്‍ (ഉദാ:1 hour) ഓണ്‍ ചെയ്തു വെക്കുക.ഒരു മണിക്കൂറിനുള്ളിലും  താങ്കളുടെ RAC/WL ടിക്കറ്റ് step to above/comfirm ആയിട്ടുണ്ടെങ്കില്‍ മൊബൈലില്‍ നോട്ടിഫിക്കേഷന്‍ കാണിക്കും.
ആപ്പിനു ഇവിടെ ക്ലിക്കുക 


                    

                    ചാര്‍ട്ട് തയ്യാറാക്കല്‍ Chart preparation time

           (വിവരങ്ങള്‍ അപൂര്‍ണ്ണമാണ്) സാധാരണ ഗതിയില്‍ ട്രെയിന്‍ പുറപ്പെടുന്നതിന്റെ 4 മണിക്കൂര്‍ മുമ്പും അര്‍ദ്ധരാത്രി/പുലര്‍ച്ചെ പുറപ്പെടുന്ന ട്രെയിനുകള്‍ക്ക് തലേന്നു രാത്രിയുമായിരിക്കും ചാര്‍ട്ട് തയ്യാറാക്കുന്നത്.ചാര്‍ട്ട് എന്നുദ്ദേശിക്കുന്നത് യാത്രക്കാരുടെ സീറ്റ്/ബെര്‍ത്ത് സംബന്ധിച്ച വിവരങ്ങളാണ്..താങ്കളുടെ ടിക്കറ്റ് WL/RAC ആയിരുന്നെങ്കില്‍,  confirm ആയിട്ടുണ്ടെങ്കില്‍ ഈ സമയത്ത് നിങ്ങളുടെ മൊബൈലില്‍ സ്റ്റാറ്റസ് വിവരങ്ങളുടെ  ഡീറ്റെയില്‍സ് കിട്ടും.(ഫോമില്‍ Mob.നമ്പര്‍ കൊടുത്തിട്ടുണ്ടെങ്കില്‍).താങ്കള്‍ പുറപ്പെടുന്ന സ്റ്റേഷനില്‍ നോട്ടീസ് ബോര്‍ഡിലും യാത്ര ചെയ്യുന്ന ട്രെയിനില്‍ ബോഗിയിലും സമാനവിവരങ്ങളുടെ പേപ്പര്‍ പതിപ്പിക്കും. താങ്കളുടെ WL/RAC ടിക്കറ്റില്‍ ക്യൂവിനു മുമ്പിലുള്ള ആള്‍ അല്ലെങ്കില്‍ മുമ്പ് റിസര്‍വേഷന്‍ confirm ആയ ആള്‍ അദ്ദേഹത്തിന്റെ യാത്രാടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുമ്പോഴാണ് WL/RAC ടിക്കറ്റുകള്‍ പടിപടിയായി confirm ആയിത്തീരുന്നത്.എന്നാല്‍ ചാര്‍ട്ട് തയ്യാറാക്കുന്നതോടെ എല്ലാ ക്വാട്ടകളും  നില്‍ക്കും.അപ്പോള്‍ റിസര്‍വേഷന്‍ ഉപയോഗപ്പെടുത്താത്ത ബാക്കി ക്വാട്ടകളിലേക്ക് ഈ WL/RAC വന്നു ചേരും.അതിനാലാണ് WL/RAC 50 വരെയുള്ള ടിക്കറ്റുകള്‍ 90 ശതമാനവും confirmമായി മാറുന്നത്.
 കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

                  ട്രെയിന്‍ യാത്രാ ഇളവുകള്‍ Travel Concession 

            ഇന്ത്യന്‍ റെയില്‍വേ യാത്രക്കാര്‍ക്ക് വിവിധതരത്തിലുള്ള യാത്രാ ഇളവുകള്‍ നല്‍കാറുണ്ട്.മുതിര്‍ന്ന പൌരന്മാര്‍ക്ക്,കുട്ടികള്‍,രോഗികള്‍,വിദ്ധ്യാര്തികള്‍,അവാര്‍ഡു ജേതാക്കള്‍ തുടങ്ങിയ പല യാത്രക്കാര്‍ക്കും ഈ ഇളവുകള്‍ ലഭിക്കുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

             Refund Ruls ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യേണ്ടി വന്നാല്‍ 

         റിസര്‍വു ചെയ്യാത്ത സെക്കന്‍ഡ് ക്ലാസ് ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുന്നതിനു മൂന്നു മണിക്കൂര്‍ മുമ്പ് കൌണ്ടറില്‍ കൊടുത്താല്‍ 30 രൂപ എടുത്ത് ബാക്കി തിരിച്ചു നല്‍കും.
റിസര്‍വു ചെയ്ത ടിക്കറ്റുകള്‍ക്ക് ട്രെയിന്‍ പുറപ്പെടുന്നതിന്റെ
24 മണിക്കൂര്‍ മുമ്പ് വരെ മിനിമം കാന്‍സലേഷന്‍ ചാര്‍ജ്ജ് ഈടാക്കും 
24 മണിക്കൂറിനും നാലു മണിക്കൂറിനും ഇടയില്‍ ടിക്കറ്റിന്റെ 25 ശതമാനം
4 മണിക്കൂറിനും ട്രെയിന്‍ പുറപ്പെടുന്നതിന്റെ തൊട്ടു മുമ്പും  50 ശതമാനം
ട്രെയിന്‍ പുറപ്പെട്ടു കഴിഞ്ഞാണെങ്കില്‍ കിലോമീറ്ററിനനുസരിച്ചു നിശ്ചിത സമയത്തിനുള്ളില്‍ ചെയ്‌താല്‍ ടിക്കറ്റിന്റെ 50 ശതമാനം മാത്രം  ഈടാക്കും   

റീഫണ്ട് ചട്ടങ്ങളെ കുറിച്ചു കൂടുതല്‍ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
റീഫണ്ട്-കൂടുതല്‍ വാര്‍ത്തകള്‍ June 27, 2013 ജന്മഭൂമി  , February 25, 2014 sirajlive , February 26, 2014 E-വാര്‍ത്ത 

                                  Railway Ruls    റെയില്‍വേ നിയമങ്ങള്‍ 

              മറ്റൊരര്‍ത്ഥത്തില്‍   ഇന്ത്യന്‍ റെയില്‍വേ ഒരു രാജ്യമാണ്.നമ്മുടെ ഭാരതത്തിനുള്ളിലെ മറ്റൊരു രാജ്യം.അതിനു അതിര്‍ത്തിയുണ്ട്,പോലീസ് സേനയുണ്ട്,ശിക്ഷിക്കാന്‍ കോടതിയുണ്ട്,നഷ്ടപരിഹാര ട്രൈബ്യൂണല്‍ ഉണ്ട്.തീവണ്ടി ഡോര്‍ബെല്ലും ഫോണും ഇല്ലാത്ത ഒരു വീടുമാകുന്നു.17 Zoneകളിലായി  68 Divisionനുകളില്‍ അവ സംസ്ഥാനങ്ങള്‍ക്കതീതമായി ദിനംപ്രതി 2.5 കോടി യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിച്ചു ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനമാണ്‌.
എന്‍റെ വീടിനടുത്തുള്ള പ്രധാന സ്റ്റെഷനാണ് തിരൂര്‍.എന്‍റെ അഞ്ചാം വയസ്സുമുതല്‍ ഞാനടക്കം നിരവധി പേര്‍ സ്റ്റേഷന്റെ മൂന്നാം പ്ലാറ്റ്ഫോം വഴിയാണ് സ്റ്റേഷനില്‍ കടക്കാറ്.ഒരിക്കല്‍ റെയില്‍വേ പോലീസ് പിടിച്ചു 200 രൂപ പിഴയും അടച്ചു.പ്രധാന പ്രവേശനകവാടത്തിലേക്ക് ചുറ്റിവളഞ്ഞു പോകണം എന്നതു തന്നെ കാരണം.നിയമങ്ങള്‍ എനിക്കറിയില്ലായിരുന്നു എന്നു പറഞ്ഞിട്ടു കാര്യമില്ല,അതു അറിയാന്‍ ശ്രമിക്കണം.

ആരെയെങ്കിലും അനുഗമിക്കാണോ മറ്റോ സ്റ്റേഷനില്‍ കയറേണ്ടി വന്നാല്‍ പ്ലാറ്റ്ഫോം ടിക്കറ്റ് (5 രൂപ) എടുത്ത് മാത്രം കയറുക. 

യാത്രാ വേളയില്‍ ഫോട്ടോപതിപ്പിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ കാര്‍ഡ് കൂടെ കരുതുക.

തീ പിടിക്കുന്നതോ പൊട്ടിത്തെറിയുണ്ടാക്കുന്നതോ ആയ വസ്തുക്കള്‍ കൊണ്ടുപോകാന്‍ അനുവാദമില്ല.

പെര്‍മിഷന്‍ എടുക്കാതെ ഫോട്ടോഗ്രാഫി/വീഡിയോഗ്രാഫി അനുവാദമില്ല.സ്ത്രീകളുടെ ഫോട്ടോ എടുക്കുന്നത് ക്രിമിനല്‍ കുറ്റമാണ്.

ബോഗികളുടെ ഡോറില്‍ ഇരുന്ന യാത്ര ചെയ്യുന്നവര്‍ ഒരു സാധാരണ കാഴ്ചയാണ്.എന്നാല്‍ ഇതു റെയില്‍വേ അനുവദിക്കുന്നില്ല.പിഴ ചുമത്തിയേക്കാം.

റെയില്‍വേ പിഴ-കൂടുതല്‍ വാര്‍ത്തകള്‍ February 25, 2012 oneindia.com ,15 Jan 2013 Mathrubhumi ,May 2, 2014 tvnew.in

റെയില്‍വേ സ്മാര്‍ട്ട്‌ ഫോണ്‍ ആപ്പുകള്‍ 2015/04 techlokam.in ,19-4-2013 GIZBOT
റെയില്‍വേ -പുതിയ വാര്‍ത്തകള്‍ kvartha.com 2015/02 , 30-6-2015 webdunia.com 
റെയില്‍വേയുടെ കൌതുകമായ വിവരങ്ങള്‍ക്കു ഇവിടെ ക്ലിക്ക് ചെയ്യുക.

വിവരങ്ങള്‍ക്കു വേണ്ടി തിരഞ്ഞെടുത്ത സൈറ്റുകള്‍.
http://www.techlokam.in/2014/10/13/2893
http://indiarailinfo.com/faq/post/23
http://wikitravel.org/en/Rail_travel_in_India
http://24coaches.com/indian-railways-ticket-charges-2013/
https://www.youtube.com/watch?v=W2ACAFQ2zIk
http://www.irfca.org/faq/faq-number.html
http://railway-guide.blogspot.ae/p/second-class-sleeper.html
https://ml.wikipedia.org/wiki/%E0%B4%A4%E0%B4%A4%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BD_%E0%B4%AA%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%A4%E0%B4%BF