യാത്രകള്‍ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? സംഘര്‍ഷഭരിതമായ ദിനരാത്രങ്ങളില്‍ നിന്നും കുറച്ചു സമയത്തേക്ക് ,ദിവസത്തേക്ക് ഒരു വിട്ടു നില്‍ക്കല്‍ ആശ്വാസമേകും.ബാറ്റെറി റീച്ചാര്‍ജിംഗ് പോലെ.എന്‍റെ ആദ്യകാല യാത്രകള്‍ അത്തരത്തിലുള്ളവയയിരുന്നു .പതിനാറാം വയസ്സില്‍ കോട്ടക്കലില്‍ നിന്നും കൊല്ലം-പുനലൂര്‍-ചെങ്കോട്ട വരെ.അതു എന്റെ തുടര്‍യാത്രക്ക് പുതിയ മാനം നല്‍കി.അതിനാല്‍ ഞാന്‍ ആമസോണ്‍ കാടുകളിലേക്കും സിങ്കപ്പൂര്‍,ലണ്ടന്‍ എന്നിവിടങ്ങളിലൊക്കെ സന്ദര്‍ശിച്ചിട്ടുണ്ടെന്ന്‍ കരുതരുതേ .
ഞാനൊരിടത്ത് വായിച്ചിട്ടുണ്ട് യാത്ര പോകുമ്പോഴുള്ള മനുഷ്യനല്ല തിരിച്ചു വരുന്നത്. ശരിയാണ്,യാത്ര പോയ ഇടങ്ങളിലെ ആളുകളുടെ സഹവാസം,ഭാഷ,സംസ്കാരം അവ നമ്മെ പുതിയൊരാളാക്കും.ഞാന്‍ ഒറ്റക്ക് യാത്ര ചെയ്യനിഷ്ടപ്പെടുന്നയളാണ്.കാരണം എന്റെ ആസ്വാദനം വ്യത്യസ്തമാണ്.ഉദാ-എല്ലാവരും മൈസൂര്‍ ടാര്‍ഗറ്റ് ചെയ്തു ഒരു ടൂര്‍ പ്ലാന്‍ ചെയ്യുന്നു.എല്ലാം പിന്നെ മൈസൂരിനെ കുറിച്ചുള്ള വിശകലനങ്ങള്‍ മാത്രമായിരിക്കും.പക്ഷേ,എന്റെത് മൈസൂര്‍ വരെയുള്ള യാത്രയായിരിക്കും.അതിലെ കാഴ്ചകള്‍,ഉറക്കം എല്ലാം ഒരുപോലെ ആസ്വാദ്യകരം.യാത്രക്ക് വേണ്ടത് ഒരു വണ്ടിയോ വലിയ ബജെറ്റോ ഒന്നുമല്ല.മറിച്ച് യാത്രക്കുള്ള മൂഡ് മാത്രം.അതു യാത്രയെ വിരസമാകാതെ സൂക്ഷിക്കും.ചെറിയ ബജറ്റിലുള്ള എന്റെ തനിച്ചുള്ള ഒരു യാത്ര വിവരണം ശ്രദ്ധിക്കൂ......
യാത്രകളില്‍ എനിക്കു പ്രിയം ട്രെയിന്‍ യാത്രകളാണ്.അതില്‍ മീറ്റര്‍ഗേജ് യാത്രകള്‍. (രണ്ടു പാളങ്ങള്‍ തമ്മിലുള്ള വിടവ് ഒരു മീറ്റര്‍ മാത്രം.മലമ്പ്രദേശങ്ങളിലൂടെയും വനങ്ങളിലൂടെയും ട്രെയിന്‍ യാത്രക്ക് വേണ്ടി സ്ഥലപരിമിതിമൂലം ആദ്യകാല എന്‍ജിനീയര്‍മാര്‍ തെരഞ്ഞെടുത്ത തോത്)
2007.കലാലയജീവിതം കഴിഞ്ഞു അല്ലറ ചില്ലറ ജോലിയൊക്കെ ചെയ്തു ദിവസങ്ങള്‍ കൊല്ലുന്ന കാലം.ഒരു പത്രത്തില്‍ വായിച്ചറിഞ്ഞ ഒരു ട്രെയിന്‍ യാത്ര മനസ്സില്‍ ഇടം പിടിച്ചു.ഊട്ടി ട്രെയിന്‍ .ഹരിച്ചും ഗുണിച്ചും ഞാനൊരു സാഹസത്തിനു ഒരുങ്ങി.തീവണ്ടിയില്‍ മാത്രം സഞ്ചരിച്ചു ഊട്ടിയില്‍ എത്തിച്ചേരുക.(ഇതിനു മുന്‍പ് ഊട്ടി കണ്ടിരുന്നില്ല).ട്രെയിന്‍ ഗൈഡ് പഠിച്ചു ഊട്ടി വരെയുള്ള ട്രെയിനുകളുടെ സമയക്രമം മനസ്സിലാക്കി.അങ്ങനെ ഉച്ചക്ക് പരപ്പനങ്ങാടിയില്‍ നിന്നും അന്നത്തെ ലിങ്ക് എക്സ്പ്രെസില്‍ കോയമ്പത്തൂരിലേക്ക്. പുലര്‍ച്ചെ 5.30-നു ആണ് രണ്ടാമത്തെ ട്രെയിന്‍.അതു വരെ എന്തു ചെയ്യും?സ്റ്റേഷനു പുറത്തിറങ്ങി.ശിവാജി സിനിമ കണ്ടു.പിന്നെയും സമയം ബാക്കി.സ്റ്റേഷന്‍ ബെഞ്ചില്‍ കിടന്നുറങ്ങി നേരം വെളുപ്പിച്ചു.5.30 നു ബ്ലൂ മൌണ്ടിന്‍ എക്സ്പ്രസില്‍ മേട്ടുപ്പാളയത്തേക്ക്.കുളിയെല്ലാം ട്രെയിനില്‍ വെച്ച് തന്നെ.അരമണിക്കൂര്‍ യാത്ര. മേട്ടുപ്പാളയം സ്റ്റേഷനോടടുക്കുമ്പോള്‍ അങ്ങകലെ നീലഗിരിക്കുന്നുകളുടെ വിദൂരകാഴ്ച കാണാമായിരുന്നു.ട്രെയിനില്‍ നിന്നും ചാടിയിറങ്ങി ഊട്ടി ട്രെയിനിനടുത്തേക്ക് ഓടി.അനവധി സിനിമകളില്‍ ഇടം നേടിയ ആ ട്രെയിന്‍ ഞാന്‍ കണ്‍കുളിര്‍ക്കെ കണ്ടു.റിസര്‍വേഷന്‍ ചെയ്യാത്തതിനാല്‍ സാധാരണ ടിക്കറ്റ് എടുക്കേണ്ടി വന്നു.കമ്പ്യൂട്ടര്‍ ടിക്കറ്റ് നിലവിലുണ്ടെങ്കിലും ഈ യാത്രയില്‍ പഴയ "അട്ടക്കഷണം"ടിക്കെടിംഗ് രീതി തെന്നെയാണ് പിന്തുടരുന്നത്.
അല്പം ചരിത്രം
തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ നീലഗിരി ജില്ലകളിലൂടെ കടന്നുപോകുന്ന പശ്ചിമഘട്ടറെയില്‍വേയാണിത്.റാക്ക് ആന്‍ഡ് പിനിയന്‍ സിസ്റ്റം ഉപയോഗിക്കുന്ന ഇന്ത്യയിലെ ഒരേയൊരു റെയില്‍വേ.1908-ല്‍ ആരംഭിച്ച ഈ പത 2000-ല്‍ സതേണ്‍ റെയില്‍വേ,ലാഭകരമല്ലാത്തവയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ഏറ്റെടുക്കാന്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.2005-ല്‍ UNESCO ഇതിനെ ലോക പൈത്രുക സ്മാരക പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ ഈ ട്രെയിനിനെ പുറംലോകമറിഞ്ഞു.യാത്രക്കാരുടെ എണ്ണവും കൂടി.നാലു കമ്പാര്‍ട്ട്മെന്റ് ഉള്‍പ്പെടുന്ന ട്രെയിന്‍ പുഷ് ചെയ്തു സഞ്ചരിക്കുന്ന എഞ്ചിന്‍ രീതി സ്വീകരിക്കുന്നു.46കി.മി. പാതയില്‍ 208 വളവുകളും 16 തുരങ്കങ്ങളുംപിന്നിടുന്നു.വേഗത 12കി.മി. മല കയറാന്‍ അഞ്ചു മണിക്കൂറും മലയിറങ്ങാന്‍ മൂന്നര മണിക്കൂറും സമയമെടുക്കുന്നു.

അഞ്ചു തവണ യാത്ര ചെയ്തിട്ടുണ്ടെങ്കിലും എന്റെ ആദ്യയാത്രനുഭവമാണിവിടെ കുറിക്കുന്നത്.ട്രെയിന്‍ പുറപ്പെടാന്‍ ഇനിയും സമയമുണ്ട്.ക്യാമറയില്‍ "കുറച്ചു"എഞ്ചിന്‍ ചിത്രം പകര്‍ത്തി.ഇന്നത്തെപ്പോലെ വയറുനിറച്ച് ഫോട്ടോയെടുക്കാന്‍ അന്നു ഡിജിറ്റല്‍ ക്യാമറ അത്ര സജീവമായിരുന്നില്ല.സുഹൃത്തില്‍ നിന്നും വാങ്ങിയ യഷിക ഫിലിം റോള്‍ ആയിരുന്നു എന്റെ ക്യാമറ.യാത്രക്കാര്‍ അധികമുണ്ടയിരുന്നില്ല.കൃത്യം 7.10നു തന്നെ ചൂളം വിളിച്ചു ട്രെയിന്‍ യാത്ര ആരംഭിച്ചു.ഭവാനി നദി പിന്നിട്ട് കല്ലാര്‍ സ്റ്റേഷനിലെത്തി.എന്‍ജിനില്‍ ജലം നിറച്ചു.ഇവിടെ നിന്നാണ് കയറ്റം ആരംഭിക്കുന്നത്.റാക്ക് റെയിലും ഇവിടെ നിന്നു തുടങ്ങുന്നു.അതുവരെ വീടുകളുടെ കാഴ്ച ദൃശ്യമാക്കിയിരുന്ന തീവണ്ടി മെല്ലെ പച്ചപ്പിലേക്ക് ഊളിയിടാന്‍ തുടങ്ങി.ചെറിയ നീര്‍ച്ചാലുകള്‍.തല പുറത്തേക്കിട്ടു നോക്കി.ഹൊ.എത്ര ഉയരത്തില്‍ നിന്നാണവ ഉത്ഭവിക്കുന്നത്.മറ്റു യാത്രക്കാരുടെ ആശ്ചര്യശബ്ദം കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി.മറുവശത്ത് വിശാലമായ പച്ചപുതച്ച മലനിരകളുടെ കാഴ്ച.ക്യാമറയെടുത്ത് നന്നായി ക്ലിക്കി.അതാ ട്രെയിന്‍ ആദ്യ തുരങ്കത്തിലേക്ക് പ്രവേശിക്കുകയാണ്.തുരങ്കത്തില്‍ പലരുടെയും ഉള്ളില്‍ ഉറങ്ങിക്കിടന്ന കുറുക്കന്‍ സടകുടഞ്ഞെഴുനേറ്റ് തനിനിറം പ്രകടിപ്പിച്ചു.തുരങ്കം അവസാനിച്ചതും സുന്ദരവും വടിവൊത്തതുമായ ഒരു പാലത്തിലേക്ക് ട്രെയിന്‍ പ്രവേശിക്കുകയാണ്.ഓര്‍ക്കുക,കമ്യൂണിസ്റ്റ്കാരനല്ലെങ്കിലും ഇടതുപക്ഷത്തിരുന്നലാണ് ഈ പാലം കൂടുതല്‍ കാണാന്‍ കഴിയുക.ഫോട്ടോയെടുക്കാനുള്ള തന്ത്രപ്പാടിനിടയില്‍ ആ രംഗം കൂടുതല്‍ ആസ്വദിക്കാന്‍ കഴിഞ്ഞില്ല.

മൂന്നാമത്തെ തുരങ്കത്തിനടുത്തു ട്രെയിന്‍ നിര്‍ത്തി.ഇത് ഒരു വാട്ടര്‍ സ്റ്റോപ്പ് ആണ്.എല്ലാവരുംകൂടി പുറംകാഴ്ചകള്‍ കാണാന്‍ പുറത്തിറങ്ങി.റിസര്‍വേഷന്‍ കോച്ചില്‍ നിന്നും ഇറങ്ങിയ വിദേശികളെ അപ്പോഴാണ് കണ്ടത്. നമ്മെക്കാള്‍ അഭിമാനംകൊള്ളുന്നതു അവരായിരിക്കും.കാരണം,അവരുടെ മുന്‍ തലമുറയുടെ സംഭാവനയണല്ലോ ഈ യാത്ര.എഞ്ചിന്‍ തണുപ്പിച്ചു ട്രെയിന്‍ കുതിച്ചു.
ദില്‍സേ യിലെ "ചയ്യ"' ചയ്യ"ഗാനം ഓര്‍മയില്ലേ .ഈ സെക്ടെറിലാണു അതു ചിത്രീകരിച്ചത്.ഏഷ്യയിലെ ഏറ്റവും കുത്തനെയുള്ള കയറ്റം ഈ പാതയിലാണ്.കിതക്കുന്ന എഞ്ചിന്‍ കിതപ്പറിയിക്കാതെ മല കയറുകയാണ്.നൂറു വര്‍ഷത്തോളം പഴക്കമുള്ള ആവി എന്‍ജിന്റെശക്തിക്കു ബ്രിട്ടീഷ് സാങ്കേതികവിദ്യയോട് നമ്മള്‍ തല കുനിച്ചു പോകും.
18കി.മി.അകലെയുള്ള ഹില്‍ഗ്രോവ് സ്റ്റേഷന്‍. ചെറിയ സ്നാക്സ് കഴിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്.കുരങ്കന്മാരുടെ ലോകമഹാ സമ്മേളനവും നടക്കുന്നത് ഇവിടെയാണ്.റണ്ണിമേഡ്,കതേരി റോഡ് ഇവിടൊക്കെ സ്റ്റോപ്പുണ്ടെങ്കിലും യാത്രക്കാര്‍ കയറിയിറങ്ങുന്നില്ല.യാത്രയില്‍ ഒരു പാറ ട്രെയിനിന്റെ മുകളിലേക്ക് തള്ളി നില്‍ക്കുന്നത് കണ്ടു.ഊട്ടിയുടെ യഥാര്‍ത്ഥ സൌന്ദര്യം ഈ യാത്രയിലാണ്.അത്ര സുന്ദരമാണ് ഇതിലെ കാഴ്ച്ചകള്‍.മലകള്‍,അതിനപ്പുറത്തെ മലകള്‍.അതിനപ്പുറത്തേക്ക്കണ്ണുകള്‍ക്ക് വിസിബിലിറ്റി കിട്ടുന്നില്ല. ഇതെന്താണിത്ര കാണാന്‍?എന്തായാലും കാടല്ലേ.ആദ്യമായി ഫുട്ബോള്‍ കണ്ടവന്‍,ഇതെന്ത് ഒരു പന്തിന്റെ പിന്നാലെ പത്തിരുപതു പേര്‍ വെറുതെ ഓടിക്കളിക്കുന്നു എന്നു പറഞ്ഞതു പോലെ യാത്ര ആസ്വദിക്കുന്നതിനു പകരം കൂര്‍ക്കംവലിച്ചുറങ്ങുന്ന അറുബോറന്മാരെയും കാണാം.ക്യാമറ ഒരു ഉപകരണം മാത്രം. പലപ്പോഴും കാഴ്ച ആസ്വദിക്കുന്നതിനു ക്യാമറ തടസ്സമാകുന്നു.മൂന്നര മണിക്കൂര്‍ യാത്രയോടെ കുന്നൂരെത്തി.ഈ പാതയിലെ പ്രധാനസ്റ്റേഷന്‍ ആണിത്.റാക്ക് റെയില്‍ ഇവിടെ അവസാനിക്കുന്നു

.ചെറിയൊരു തണുപ്പിന്റെ മണമടിക്കുന്നു.സ്റ്റേഷനോടടുക്കുമ്പോള്‍ കിലുക്കത്തിലെ ക്ലയ്മാക്സ് സീന്‍ ഓര്‍മ്മയില്‍ മിന്നിത്തെളിഞ്ഞു.അവിടെ വച്ചു ആവി എഞ്ചിന്‍ മാറ്റി ഡീസല്‍ എഞ്ചിന്‍ ഫിറ്റു ചെയ്തു.അതുവരെയുള്ള യാത്രയുടെ അനുഭവം മാറി.ചെങ്കുത്തായ മലനിരകള്‍ പിന്നിട്ടു യൂക്കാലിപ്റ്റസ് മരങ്ങള്‍ക്കിടയിലൂടെ ട്രെയിന്‍ കുതിക്കാന്‍ തുടങ്ങി.നല്ല സുഗന്ധവും.തണുപ്പ് ചെറുതായി ശരീരത്തെ കിടുക്കാന്‍ തുടങ്ങിയിരുന്നു. ഊട്ടിയിലെ പ്രസിദ്ധമായ സ്കൂളുകള്‍,മദ്രാസ് രെജിമെന്റിന്റെ ആസ്ഥാനം,പണക്കാരുടെ വിനോദകേന്ദ്രങ്ങള്‍ എല്ലാം ഈ പാതക്കരികത്താണ്.
12.00 മണിയോടെ ഊട്ടിയിലെത്തി.സ്റ്റേഷനിലിറങ്ങിയതും തണുപ്പ് അതികഠിനമായി.(ശേഷം നാലു തവണ വന്നപ്പോഴും ഇത്ര തനുപ്പനുഭവപ്പെട്ടിട്ടില്ല).സ്റ്റേഷന്‍ പരിസരത്തു നിന്നും കുറച്ചു പഴവും ആപ്പിളും വാങ്ങി.ഫ്രിഡ്ജില്‍ നിന്നെടുത്തപോലെ.അങ്ങിങ്ങു മേല്ക്കോട്ടു ധരിച്ച സ്ത്രീകളെയും സ്കൂള്‍ കുട്ടികളെയും കാണാം.മേട്ടുപ്പാളയത്തെ 330മി സമുദ്രനിരപ്പില്‍ നിന്നും ഊട്ടിയിലെ 2200മി.ഉയരത്തിലേക്കാണ്ഈ എഞ്ചിന്‍ നമ്മെ വഹിച്ചുകൊണ്ട് വന്നിരിക്കുന്നത്.ബ്രിട്ടീഷ് എന്ജിനായ നമഹ:
ട്രെയിനില്‍ കയറണമെന്ന ഉദ്ദേശം മാത്രമായിരുന്നതിനാല്‍ 3.00 മണിക്കുള്ള മടക്കട്രെയിനില്‍ തന്നെ തിരിക്കണം,വേഗംതന്നെ അടുത്തുള്ള ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചു.ചെറുതായി തടാകത്തില്‍ ഒരു സന്ദര്‍ശനം നടത്തി മടങ്ങി. മടക്കയാത്രയും ഓര്‍ഡിനറി ടിക്കറ്റില്‍ തന്നെ.സീറ്റ് പിടിക്കാന്‍ ചെറിയൊരു ബലപ്രയോഗം വേണ്ടി വന്നു.മലയിറങ്ങുമ്പോള്‍ തണുപ്പിന്റെ കാഠിന്യം മെല്ലെ കുറഞ്ഞു വന്നു.പിന്നെയും കുന്നൂര്‍ എഞ്ചിന്‍ മാറ്റം.ആവിയാശാന് ഇപ്പോള്‍ ശകലം സ്പീടുണ്ട്.ചെറിയൊരു മഴ ചാറുന്നുമുണ്ട്.മേട്ടുപ്പാളയത്തെത്താറായപ്പോള്‍ കണ്ടതെല്ലാം സ്വപ്നമായിരുന്നോ എന്നു തോന്നി.കാരണം, .മേട്ടുപ്പാളയത്തെ കാഴ്ചയും കഴിഞ്ഞ നാലഞ്ചു മണിക്കൂര്‍ മുന്‍പ് കണ്ട കാഴ്ചകളും ദിനരാത്രവ്യത്യാസം.
തുടക്കയത്രയില്‍ ഇടതുവശത്തും മടക്കയാത്രയില്‍ എതിര്‍വശത്തുമാണ് നിങ്ങളുടെ സീറ്റ് എങ്കില്‍ ആ ദിവസത്തെ ഭാഗ്യവാനായ യാത്രക്കാരന്‍ നിങ്ങളായിരിക്കും.ക്യാമറയില്ലെങ്കില്‍ യാത്ര കൂടുതല്‍ ആസ്വാദ്യകരമാക്കാമായിരുന്നു എന്നു തോന്നും.ഇല്ലെങ്കില്‍, ഹാ-നഷ്ടം എന്നും.കിലുക്കം സിനിമയില്‍ മോഹന്‍ലാലിന്റെ ഡയലോഗ് ഓര്‍മ്മയില്ലേ. വെറും അഞ്ഞൂറ് ഉലുവയും കൊണ്ട് ഊട്ടി തെണ്ടാനിറങ്ങിയിരിക്കുന്നു എന്ന് .സത്യം.എന്റെ ഈ യാത്രക്ക് ചെലവായത് വെറും 500രൂപയായിരുന്നു